5 Aug 2025 10:17 AM IST
Summary
ഐപിഒ വലുപ്പം 2 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്ന് സൂചന
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ടാറ്റ ക്യാപിറ്റല്‍ ഐപിഒയ്ക്കുള്ള പുതുക്കിയ കരട് പേപ്പറുകള്‍ സെബിയില്‍ സമര്‍പ്പിച്ചു. 47.58 കോടി വരെയുള്ള ഇക്വിറ്റി ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന ഐപിഒ ആണ് കമ്പനി ലക്ഷ്യമിടുന്നത്.
പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം, നിര്‍ദ്ദിഷ്ട ഐപിഒയില്‍ 21 കോടി ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും 26.58 കോടി ഓഹരികളുടെ ഒഎഫ്എസും ഉള്‍പ്പെടുന്നു.
ഒഎഫ്എസിന് കീഴില്‍, ടാറ്റ സണ്‍സ് 23 കോടി ഓഹരികള്‍ വില്‍ക്കും, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) 3.58 കോടി ഓഹരികള്‍ വില്‍ക്കും.
ഇഷ്യുവിലൂടെ സമാഹരിക്കുന്ന ഫണ്ടുകള്‍ കമ്പനിയുടെ ടയര്‍-1 മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, തുടര്‍ന്നുള്ള വായ്പകള്‍ നല്‍കുന്നതിനും ഉപയോഗിക്കും.
ടാറ്റാ ക്യാപിറ്റല്‍ ഏപ്രിലില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ രഹസ്യ പ്രീ-ഫയലിംഗ് റൂട്ട് വഴി ഒരു ഐപിഒയ്ക്കായി കരട് പേപ്പറുകള്‍ ഫയല്‍ ചെയ്തിരുന്നു. ജൂലൈയില്‍ ഇതിന് സെബിയുടെ അനുമതി ലഭിച്ചു. തുടര്‍ന്ന്, ആര്‍എച്ച്പി ഫയല്‍ ചെയ്യുന്നതിന് മുമ്പ് കമ്പനികള്‍ അപ്‌ഡേറ്റ് ചെയ്ത ഡിആര്‍എച്ച്പി ഫയല്‍ ചെയ്യേണ്ടതുണ്ടായിരുന്നു.
ഐപിഒ വലുപ്പം 2 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്നും കമ്പനിയുടെ മൂല്യം ഏകദേശം 11 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്നും വൃത്തങ്ങള്‍ പിടിഐയോട് മുന്‍പ് പറഞ്ഞിരുന്നു.
വിജയകരമാണെങ്കില്‍, ഈ ഐപിഒ രാജ്യത്തെ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയായിരിക്കും. 2023 നവംബറില്‍ ടാറ്റ ടെക്‌നോളജീസിന്റെ ലിസ്റ്റിംഗിന് ശേഷം, സമീപ വര്‍ഷങ്ങളില്‍ ടാറ്റ ഗ്രൂപ്പിന്റെ രണ്ടാമത്തെ പൊതു വിപണി അരങ്ങേറ്റം കൂടിയാണിത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലിസ്റ്റിംഗ് ആവശ്യകതകള്‍ പാലിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. രണ്ട് ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ടാറ്റ ക്യാപിറ്റല്‍ ഐപിഒ.