image

25 Aug 2025 2:59 PM IST

IPO

ജിയോ ഐപിഒയുടെ തീയതി വെള്ളിയാഴ്ച പ്രഖ്യാപിക്കുമോ?

MyFin Desk

ജിയോ ഐപിഒയുടെ തീയതി വെള്ളിയാഴ്ച പ്രഖ്യാപിക്കുമോ?
X

Summary

ആറ് ബില്യണ്‍ ഡോളറാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കുക


വെള്ളിയാഴ്ച നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ഐപിഒയുടെ തീയതി പ്രഖ്യാപിക്കുമെന്ന് സൂചന. എഐ സംരംഭങ്ങളും, മീഡിയ-കണ്‍സ്യൂമര്‍ ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപനങ്ങളും പ്രതീക്ഷിച്ച് വിപണി. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായിരിക്കും ജിയോ ഇന്‍ഫോകോമിന്റേത്. 6 ബില്യണ്‍ ഡോളറാണ് കമ്പനി സമാഹരിക്കുക എന്നാണ് പ്രാഥമിക വിവരം.

ഓഹരി വില്‍പ്പനയിലൂടെയായിരിക്കും മൂലധന സമഹാരണം നടത്തുക. ഐപിഒ തീയതി അടക്കമുള്ള വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എയും പങ്കുവച്ചു. ഇത്തവണത്തെ യോഗം കാത്ത് വയ്ക്കുന്ന സര്‍പ്രൈസ് എന്ന വിശേഷണത്തോടെയാണ് ബ്രോക്കറേജ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പങ്ക് വച്ചിരിക്കുന്നത്.

അതേസമയം, ഊര്‍ജ്ജ മേഖലയിലെ വികസനം, എഐ പദ്ധതികളുടെ പ്രഖ്യാപനവുമായിരിക്കും മറ്റ ശ്രദ്ധാകേന്ദ്രങ്ങള്‍. ക്വിക്ക്-കൊമേഴ്‌സ്, ഫാസ്റ്റ് ഫാഷന്‍ സംരംഭങ്ങള്‍ എന്നിവയിലുള്ള പദ്ധതികളും പ്രഖ്യാപനത്തില്‍ ഇടം പിടിക്കും. ദീര്‍ഘകാല വളര്‍ച്ചാ പദ്ധതികളായിരിക്കും ഇത്തവണത്തെ അംബാനിയുടെ പ്രസംഗത്തിലെ ശ്രദ്ധാകേന്ദ്രമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47ാമത് വാര്‍ഷിക പൊതുയോഗമാണ് നടക്കാനിരിക്കുന്നത്.

അതേസമയം, ടെലികോം വിപണി ജിയോയ്ക്ക് അനുകൂലമാണെന്ന് ബിഎന്‍പി പരിബാസ് വിദഗ്ധര്‍ ചൂണ്ടികാട്ടി. ഇബിറ്റ്ഡയിലെ വര്‍ധന, മൂലധനത്തില്‍ മിതത്വവുമാണ് ടെലികോം വ്യവസായത്തില്‍ കാണുന്നത്. അതിനാല്‍ തന്നെ അടുത്ത രണ്ട് പാദങ്ങളില്‍ ടെലികോം കമ്പനികള്‍ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് കടക്കും. കൂടാതെ സെബി ഐപിഒ നടപടികളില്‍ കൊണ്ടുവന്ന ഇളവുകളും റിലയന്‍സിന്റെ ഐപിഒ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഐ.പി.ഒകളില്‍ വലുത് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 2024ല്‍ നടന്ന പ്രാഥമിക ഓഹരി വില്പനയായിരുന്നു. എന്നാല്‍ പിന്നീട് ഈ റെക്കോര്‍ഡ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 28,000 കോടി രൂപയുടെ ഐ.പി.ഒയിലൂടെ മറികടന്നു. എന്നാല്‍ ഇതിനേക്കാള്‍ ഏതാണ് ഇരട്ടിയോളം വരുന്ന പ്രാഥമിക ഓഹരി വില്പനയ്ക്കാണ് ജിയോ ഒരുങ്ങുന്നത്.