11 Sept 2023 3:56 PM IST
Summary
മറ്റു റെയില്‍വേ ഓഹരികളും മികച്ച നേട്ടത്തില്‍
ഏഴ് ദിവസങ്ങളിലായി 69 ശതമാനം നേട്ടം കൈവരിച്ച ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 2021-ൽ കമ്പനി പൊതുവിപണിയില്‍ അരങ്ങേറിയതിന് ശേഷം ആദ്യമായാണ് ഈ നിലയിലെത്തിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തിങ്കളാഴ്ച (11-09-2023) കമ്പനിയുടെ ഓഹരികൾ 10 ശതമാനം അപ്പർ സർക്യൂട്ടിൽ 84.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഓഹരി, ഇഷ്യു വിലയായ 26 രൂപയിൽ നിന്ന് 158 ശതമാനം ഉയർന്നാണ് സർവകാല ഉയരമായ 84.80 രൂപയില്‍ എത്തിയത്. രാജ്യത്ത് ഇൻഫ്രാസ്ട്രക്ചർ ചെലവുകൾ വർധിപ്പിക്കുന്നത്, റോഡുകളുമായും റെയിൽ ഗതാഗതവുമായും ബന്ധപ്പെട്ട ഓഹരികളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിനായുള്ള കേന്ദ്ര ബജറ്റിൽ, ഇന്ത്യൻ റെയിൽവേയ്‌ക്കായി 2.40 ലക്ഷം കോടി രൂപ സർക്കാർ പ്രഖ്യാപിച്ചു, ഇത് റെയിൽവേക്കായുള്ള ഏറ്റവും ഉയർന്ന മൂലധന ചെലവിടലാണ്. 2013 -14 സാമ്പത്തിക വർഷത്തേക്കാൾ ഒൻപത്തിരട്ടിയാണ് ഇത്
ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഷിപ്പിംഗ്, റെയിൽ ഗതാഗത ഇടനാഴി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ തീരുമാനം ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വലിയ മാറ്റങ്ങൾ സൃഷ്ഠിച്ചേക്കാം. ഐആർഎഫ്‌സി മാത്രമല്ല, റെയിൽവേയുമായി ബന്ധപ്പെട്ട മറ്റെല്ലാ ഓഹരികളും ഈ നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ പിൻബലത്തിൽ മുന്നേറുകയാണ്.
റെയിൽ വികാസ് നിഗത്തിന്റെ ഓഹരികൾ 16 ശതമാനത്തിലധികം ഉയർന്നപ്പോൾ ടിറ്റാഗർ വാഗൺസ് 2.5 ശതമാനം ഉയർന്നു. അതേസമയം, റെയിൽടെൽ കോർപ്പറേഷൻ, ആർഐടിഇഎസ്, ടെക്‌സ്മാകോ റെയിൽ എന്നിവ 2-3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
എന്നാല്‍ ഈ വാര്‍ത്തയുടെ മാത്രം അടിസ്ഥാനത്തില്‍ റെയില്‍വേ ഓഹരികള്‍ വാങ്ങുന്നതിന് വിപണി വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല. “പദ്ധതിക്ക് ഏതാണ്ട് 8-10 വർഷമെങ്കിലും വേണ്ടിവരും. ആ പ്രതീക്ഷയിൽ ഇപ്പോൾ ഓഹരികൾ വാങ്ങുന്നത് അത്ര മികച്ച ആശയമായിരിക്കില്ല, പ്രത്യേകിച്ചും ഈ ഓഹരികളിൽ പലതും വളരെ വേഗത്തിൽ ഉയർന്നിരിക്കുകയാണ്, ”മാര്‍ക്കറ്റ് അനലിസ്റ്റായ സന്ദീപ് സഭാവൽ പറഞ്ഞു.