4 May 2023 5:30 PM IST
Summary
- നിലവില്‍ ഏഴ് ഇനം കീടനാശിനികള്‍ തേയില തോട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ടീ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളു
കാലാവസ്ഥ വ്യതിയനവും കീടബാധകളുടെ ശക്തമായ ആക്രമണങ്ങളും മൂലം ഇന്ത്യന്‍ തേയില തോട്ടങ്ങള്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. തേയില കൊതുകുകള്‍, ഇലപ്പേനുകളും കൊളുന്തിന്റെയും ഒപ്പം കര്‍ഷകന്റെ നീര് കുടിക്കാന്‍ തുടങ്ങിയതോടെ തോട്ടം മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കീടങ്ങളുടെ ആക്രമണം മൂലം പ്രതിവര്‍ഷം ഏകദേശം 2800 കോടി രൂപയുടെ നഷ്ടം തോട്ടം മേഖലയ്ക്ക് സംഭവിക്കുന്നു. കീടബാധ മൂലം ഓരോ വര്‍ഷവും 147 ദശലക്ഷം കിലോ തേയിലാണ് നഷ്ടപ്പെടുന്നത്. നിലവില്‍ ഏഴ് ഇനം കീടനാശിനികള്‍ തേയില തോട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ടീ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളു. എന്നാല്‍ അവയുടെ വീര്യം മറികടക്കാന്‍ ശേഷിയുള്ളതാണ് പുതിയ കീടങ്ങള്‍. കര്‍ഷകര്‍ക്ക് തേയില തോട്ടങ്ങളുടെ സംരക്ഷണ ചെലവ് ഇതിനിടയില്‍ ഹെക്ടറിന് 30,000 രൂപയായി ഉയര്‍ന്നു. ഭക്ഷ്യപാനീയമെന്ന നിലയ്ക്ക് തേയിലയില്‍ വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുതിച്ചുയര്‍ന്ന് ടയര്‍ ഓഹരികള്‍
രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ടയര്‍ നിര്‍മ്മാതാക്കളുടെ ഓഹരി വില റോക്കറ്റ് കണക്കെ കുതിച്ചു ഉയരുകയാണെങ്കിലും ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി റബര്‍ ശേഖരിക്കാന്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. മുന്‍ നിര ടയര്‍ കമ്പനി ഓഹരി വിലകള്‍ പലതും റെക്കോര്‍ഡ് നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിട്ടും ഷീറ്റ് വില ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ വ്യവസായികള്‍ തയ്യാറായില്ല. ഇതിനിടയില്‍ ഇന്ന് ഒട്ടുപാല്‍ വില കിലോ 96 രൂപയായും ലാറ്റക്സ് വില 108 രൂപയായും അവര്‍ കുറച്ചു. നാലാം ഗ്രേഡ് കിലോ 155 രുപയില്‍ നിലകൊണ്ടങ്കിലും ഈ വിലയ്ക്ക് ചരക്ക് സംഭരിക്കാന്‍ വന്‍കിട കമ്പനികള്‍ തയ്യാറായില്ല.
ക്ഷാമത്തില്‍ കൊപ്ര
വിപണികളില്‍ കൊപ്രയ്ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ മില്ലുകാര്‍ രണ്ട് ദിവസത്തിനിടയില്‍ ക്വിന്റ്റലിന് 300 രൂപ ഉയര്‍ത്തിയെങ്കിലും ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ലഭ്യത നാമമാത്രമായിരുന്നു. അതേ സമയം ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുന്നില്ലെന്നാണ് മില്ലുകാരുടെ പക്ഷം. കൊച്ചിയില്‍ എണ്ണ വില 100 രൂപ ഉയര്‍ന്നെങ്കിലും ഡിമാന്റ് ചുരുങ്ങിയത് മില്ലാകാരില്‍ ആശങ്ക പരത്തുന്നു.
ഉത്സാഹത്തോടെ വിദേശ വാങ്ങലുകാര്‍
ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ 45,709 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 44,553 കിലോയും ശേഖരിക്കാന്‍ ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഉത്സാഹിച്ചു. മികച്ചയിനങ്ങള്‍ കിലോ 2072 രൂപയായും ശരാശരി ഇനങ്ങള്‍ 1127 രൂപയിലും കൈമാറ്റം നടന്നു.