3 April 2023 5:45 PM IST
Summary
- . വരണ്ട കാലാവസ്ഥ കണക്കിലെടുത്താല്‍ പുതിയ റബര്‍ ഷീറ്റ് ഉത്പാദനം ഉടനെ തുടങ്ങാനാവില്ല
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളില്‍ നിന്നും വേനല്‍ മഴ അപ്രത്യക്ഷമായതിനാല്‍ തല്‍ക്കാലം റബര്‍ ടാപ്പിങ് വിഷുവിന് മുന്നേ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. മഴ മേഘങ്ങള്‍ പല ആവര്‍ത്തി കേരളം ലക്ഷ്യമാക്കി നീങ്ങിയെങ്കിലും കാറ്റിന്റെ ഗതിയില്‍ സംഭവിച്ച വ്യതിയാനം മഴയുടെ വരവിന് തടസമായത് റബര്‍ ഉത്പാദകരുടെ കണക്ക്
കൂട്ടലുകള്‍ തെറ്റിച്ചു. ഈസ്റ്റര്‍ കഴിയുന്നതോടെ തോട്ടങ്ങളില്‍ വെട്ട് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ചെറുകിട കര്‍ഷകര്‍. വരണ്ട കാലാവസ്ഥ കണക്കിലെടുത്താല്‍ പുതിയ റബര്‍ ഷീറ്റ് ഉത്പാദനം ഉടനെ തുടങ്ങാനാവില്ല. പിന്നിട്ട രണ്ട്
മാസമായി കൊച്ചി, കോട്ടയം മേഖലകളില്‍ ഷീറ്റ് ക്ഷാമം രൂക്ഷമായതിനാല്‍ ടയര്‍ നിര്‍മ്മാതാക്കളും ഇതര വ്യവസായികളും വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ രംഗത്തുണ്ട്. ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് കിലോ 151 രൂപയായും അഞ്ചാം ഗ്രേഡ് 149 രൂപയായും കയറി.
വില ഉയര്‍ത്തി ഏലം
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ലേലത്തില്‍ ഏലക്ക വില കിലോ 2700 ന് മുകളിലേയ്ക്ക് ചുവടുവെച്ചു. വിപണിയില്‍ പണലഭ്യത ഉയര്‍ന്ന സാഹചര്യത്തില്‍ വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ലേലത്തില്‍
ഉത്സാഹം കാണിക്കാം. ഇടുക്കിയില്‍ നടന്ന ലേലത്തില്‍ 38,398 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 36,832 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ 2714 രൂപയിലും ശരാശരി ഇനങ്ങള്‍ 1479 രൂപയിലും കൈമാറി.
ഉത്പാദകര്‍ പ്രതീക്ഷയില്‍
സര്‍ക്കാര്‍ ഏജന്‍സിയുടെ കൊപ്ര സംഭരണം തുടങ്ങുന്നതിനെ ഉറ്റ് നോക്കുകയാണ് ഉത്പാദകര്‍. ഉത്സവ ദിനങ്ങള്‍ അടുത്തതോടെ കര്‍ഷകര്‍ പണത്തിന്റെ ഞെരുക്കം മാറ്റാന്‍ പച്ചതേങ്ങ വരും ദിനങ്ങളില്‍ കൂടുതലായി വില്‍പ്പനയ്ക്ക് ഇറക്കാം. കൊപ്രയുടെ താങ്ങ് വില ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും ഏജന്‍സികള്‍ എപ്പോള്‍ ചരക്ക് സംഭരണം തുടങ്ങുമെന്ന കാര്യം ഇനിയും വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ സംഭരിച്ച വകയില്‍ ഏജന്‍സികള്‍ക്ക് വന്‍തുക കൊടുത്ത് തീര്‍ക്കാനുള്ളതും കൃഷി വകുപ്പിന്റ്റ നീക്കങ്ങളെ ബാധിക്കും.