12 April 2023 5:15 PM IST
Summary
- കേരളത്തെ സംബന്ധിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ നാളികേരം, റബര്‍ തുടങ്ങിയവയ്ക്ക് മഴയുടെ വരവ് അനുകൂലമാണ്
രാജ്യത്ത് തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം യഥാസമയം സജീവമാക്കുമെന്ന കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം കാര്‍ഷിക മേഖലയക്കും സമ്പദ്ഘടനയ്ക്കും അനുകൂലമായി മാറും. മണ്‍സൂണ്‍ കാലയളവില്‍ 96 ശതമാനവും മഴ ലഭിക്കുമെന്ന വിലയിരുത്തല്‍ കണക്കിലെടുത്താല്‍ കാര്‍ഷികോത്പാദനം വര്‍ധിക്കുമെന്നത് കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനൊപ്പം പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനും ഉപകരിക്കും. കേരളത്തെ സംബന്ധിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ നാളികേരം, റബര്‍ തുടങ്ങിയവയ്ക്ക് മഴയുടെ വരവ് അനുകൂലമാണ്.
രുചി വിടര്‍ത്താതെ കുരുമുളക്
രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി കുരുമുളക് വില ഇടിഞ്ഞത് മുന്‍ നിര്‍ത്തി ഹൈറേഞ്ചിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കത്തില്‍ നിയന്ത്രിച്ചിട്ടും വില ഇന്ന് വീണ്ടും കുറഞ്ഞു. വരവ് ചുരുങ്ങുന്നതോടെ വിലയില്‍ ഉണര്‍വ് കണ്ട് തുടങ്ങുമെന്ന നിഗനമത്തിലായിരുന്നു സ്റ്റോക്കിസ്റ്റുകള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉത്പന്നത്തിന് ആവശ്യം കുറഞ്ഞതിനാല്‍ ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. അതേ സമയം വിഷുവിന് മുന്നോടിയായി ഉയര്‍ന്ന അളവില്‍ മുളക് വില്‍പ്പനയക്ക് ഇറങ്ങുമെന്ന നിഗമനത്തിലായിരുന്നു കറിമസാല പൗഡര്‍ യൂണിറ്റുകള്‍. ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അവര്‍ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും താഴ്ന്ന വിലയ്ക്ക് കുരുമുളക് ശേഖരിക്കുകയാണ്.
വിലയില്‍ കോട്ടം തട്ടാതെ ഏലം
ശാന്തന്‍പാറയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ കാല്‍ലക്ഷം കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. നിരക്ക് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യതോടെ സ്റ്റോക്കിസ്റ്റുകള്‍ ലേലത്തിനുള്ള ഏലക്ക നീക്കം കുറച്ചിട്ടും വില ഉയര്‍ന്നില്ല. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തില്‍ വാങ്ങലുകാരായിരുന്നു, മികച്ചയിനങ്ങള്‍ കിലോ 2209 രൂപയിലും ശരാശരി ഇനങ്ങള്‍ 1226 രൂപയിലും നിലകൊണ്ടു. അതേ സമയം മണ്‍സൂണ്‍ അനുകൂലമാവുമെന്ന പ്രവചനങ്ങള്‍ കണക്കിലെടുത്താല്‍ സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയ്ക്ക് തിടുക്കം കാണിക്കാം.
വിഷുകാത്ത് കൊപ്ര
കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യ വിപണികളില്‍ ഇന്ന് നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡി നിലവാരത്തില്‍ നീങ്ങി. വിഷുവിന് രണ്ട് ദിവസം മാത്രം ശേഖരിക്കുന്നതിനാല്‍ പ്രദേശിക തലത്തില്‍ വെളിച്ചെണ്ണ വില്‍പ്പനതോത് ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാര്‍. അതേ സമയം കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കൊപ്ര സംഭണത്തിന് വ്യവസായികള്‍ താല്‍പര്യം കാണിച്ചില്ല.
മുഖ്യ വിപണി ഷീറ്റ് ക്ഷാമത്തില്‍
കൊച്ചി, കോട്ടയം വിപണികളില്‍ വിവിധയിനം റബര്‍ വിലകളില്‍ മാറ്റമില്ല. മുഖ്യ വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണെങ്കിലും വില ഉയര്‍ത്തി റബര്‍ ശേഖരിക്കാന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല.