8 May 2023 5:15 PM IST
Summary
- വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിച്ചതാണ് ഉണര്‍വിന് അവസരം ഒരുക്കിയത്.
രാജ്യത്ത് റബര്‍ ഉത്പാദനം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം കാല്‍ ലക്ഷം ടണ്‍ ഉയര്‍ന്ന് 8,39000 ടണ്ണായി. പത്ത് വര്‍ഷം മുന്‍പ് ഇവിടെ ഉത്പാദനം ഒന്‍പത് ലക്ഷം ടണ്ണിന് മുകളിലായിരുന്നു. എന്നാല്‍ പിന്നീട് റബര്‍ വിലയിലുണ്ടായ ഇടിവ് കര്‍ഷകരെ രംഗത്ത് നിന്നും പിന്‍തിരിപ്പിച്ചത് മൂലം ആറ് ലക്ഷം ടണ്ണിലും കുറഞ്ഞു. നേരത്തെ രാജ്യത്തെ റബര്‍ ഉത്പാദനത്തില്‍ 90 ശതമാനവും കോരളത്തിന്റെ സംഭാവനയായിരുന്നങ്കില്‍ ഇന്ന് അത് 78 ശതമാനമായി കുറഞ്ഞു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിച്ചതാണ് ഉണര്‍വിന് അവസരം ഒരുക്കിയത്. സംസ്ഥാനത്ത് ഇത് റബറിന് ഓഫ് സീസണായതിനാല്‍ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് വരവ് നാമമാത്രമാണ്. എന്നാല്‍ അതിന് അനുസൃതമായി ഷീറ്റ് വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. നാലാം ഗ്രേഡ് കിലോ 156 രൂപയായി.
രുചിയറിയിച്ച് കുരുമുളക്
ഒലിയോറസിന്‍ നിര്‍മ്മാതാക്കള്‍ ശ്രീലങ്കന്‍ ലൈറ്റ് പെപ്പറിനായി നീക്കം തുടങ്ങി. തെക്കന്‍ കേരളത്തില്‍ നിന്നുള്ള മൂപ്പ് കുറഞ്ഞ കുരുമുളകില്‍ നിന്നും ലഭിക്കുന്ന അത്ര തന്നെ സത്ത് ശ്രീലങ്കന്‍ ചരക്കിലുമുള്ളതിനാല്‍ ഒലിയോറസിന്‍ വ്യവസായികള്‍ വിളവെടുപ്പ് പുരോഗതിയെ വിലയിരുത്തുകയാണ്. ടണ്ണിന് 5000 ഡോളറിന് മുകളിലാണ് അവര്‍ എണ്ണയുടെ അംശം ഉയര്‍ന്ന് നില്‍ക്കുന്ന ഈ ലൈറ്റ് പെപ്പറിന് ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ മുഖ്യ ഉത്പാദന രാജ്യങ്ങളെല്ലാം കുരുമുളക് വില ഉയര്‍ത്തി. അന്താരാഷ്ട്ര തലത്തില്‍ ഇക്കുറി മുളകിന് ഡിമാന്റ് ഉയരുമെന്ന വിലയിരുത്തല്‍ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് കയറ്റുമതി രാജ്യങ്ങള്‍. ആഗോള തലത്തില്‍ കുരുമുളകിന് എറ്റവും ഉയര്‍ന്ന വില നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്, നമ്മുടെ നിരക്ക് കിലോ 508 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 6300 ഡോളറാണ്. മറ്റ് മുന്‍ നിര ഉത്പാദന രാജ്യങ്ങള്‍ 3800 ഡോളറിലാണ് ചരക്ക്കയറ്റുമതി നടത്തുന്നത്.
ഡിമാന്റില്‍ ഏലം
നെടുക്കണ്ടത്ത് രാവിലെ നടന്ന ഏലക്ക ലേലത്തില്‍ നിന്നും ചരക്ക് ശേഖരിക്കാന്‍ ആഭ്യന്തര വാങ്ങലുകാര്‍ക്ക് ഒപ്പം വിദേശ ഓര്‍ഡറുകള്‍ കൈപിടിയില്‍ ഒതുക്കിയവരും അണിനിരന്നു. ലേലത്തിന് എത്തിയ 56,693 കിലോഗ്രാം ഏലക്കയില്‍ 51,866 കിലോയും ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചു. മികച്ചയിനങ്ങള്‍ കിലോ 1545 രൂപയിലും ശരാശരി ഇനങ്ങള്‍ 1102 രൂപയിലും ഇടപാടുകള്‍ നടന്നു.
തമിഴ് പേശി നാളികേര വിപണി
അയല്‍ സംസ്ഥാനത്ത് നിന്നും പച്ചതേങ്ങയ്ക്ക് നിത്യേനെ നുറ് കണക്കിന് ആവശ്യകാരെത്തുന്നു. തേങ്ങ കൊപ്രയാക്കി സംഭരണ കേന്ദ്രങ്ങള്‍ക്ക് കൈമാറുന്നത് ഉയര്‍ന്ന ലാഭത്തിന് അവസരം ഒരുക്കിയതാണ് തമിഴ്നാട്ടില്‍ നിന്നുള്ള വാങ്ങലുകാരുടെ വരവിന് പിന്നിലെ രഹസ്യം. സംസ്ഥാനത്ത് കൊപ വില 8700 രൂപയില്‍ നിലകൊള്ളുമ്പോള്‍ തമിഴ്നാട്ടില്‍ സംഭരണ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്നും 10,860 രൂപയ്ക്കാണ് ചരക്ക് സംഭരിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പ് താങ്ങ് വിലയ്ക്ക് കൊപ്ര സംഭരിക്കാന്‍ രംഗത്ത് ഇറങ്ങിയാല്‍ കേരളത്തിലെ ഉത്പാദകര്‍ക്കും ഉയര്‍ന്ന വിലയക്ക് അവസരം ലഭ്യമാവും.