image

9 May 2023 5:15 PM IST

Market

രൂപയില്‍ തട്ടി തടഞ്ഞ് വീണ് കുരുമുളക്, കവുങ്ങിനെ താങ്ങി കേന്ദ്രം

Kochi Bureau

commodity market price update 09 05
X

Summary

  • പ്രാദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന മില്ലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല


വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത് കുരുമുളക് വിലയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ നാണയങ്ങളിലെ ചാഞ്ചാട്ടം രാജ്യാന്തര മാര്‍ക്കറ്റിലും ഉത്പന്ന വില മാറി മറിയാന്‍ ഇടയാക്കും. ഒരാഴ്ച്ചയില്‍ ഏറെ ഡോളറിന് മുന്നില്‍ രൂപ കരുത്ത് കാണിച്ചതിനിടയില്‍ ക്വിന്റ്റലിന് 800 രൂപ ഉയര്‍ന്ന് 50,800 ല്‍ വിപണനം നടന്ന ഗാര്‍ബിള്‍ഡ് കുരുമുളക് 50,600 ലേയ്ക്ക് താഴ്ന്നാണ് ഇന്ന് ഇടപാടുകള്‍ അവസാനിച്ചത്. ഉത്പന്ന വില അല്‍പ്പം തളര്‍ന്നതിനാല്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ചരക്ക് സംഭരണതോതില്‍ കറവ് വരുത്തി. അതിനാല്‍ സ്റ്റോക്കിസ്റ്റുകളെ കൂടുതല്‍ പിരിമുറുക്കത്തിലാക്കി. ഇതിനിടയില്‍ 2500 കുരുമുളക് ഇന്ത്യയിലേയ്ക്ക് കയറ്റുമതിക്ക് ശ്രീലങ്ക തയ്യാറെടുക്കുന്നതും ഉത്പാദകരില്‍ ആശങ്ക പരത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഉടമ്പടിയുടെ ഭാഗമായി ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി നടക്കും. കേരളത്തിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്.

കവുങ്ങിനെ താങ്ങി കേന്ദ്രം

വിദേശ അടയ്ക്ക ഇറക്കുമതി ഡ്യൂട്ടിയില്‍ നേരത്തെ വാണിജ്യ മന്ത്രാലയം വരുത്തിയ വര്‍ധനയുടെ ഫലമായി വരവ് ചുരുങ്ങി. പാന്‍മസാല വ്യവസായികളാണ് അടയ്ക്ക ഇറക്കുമതിക്ക് പിന്നില്‍. മ്യാന്‍മാര്‍, ശ്രീലങ്ക, ഇന്തോനേഷ്യന്‍ അടയ്ക്കയാണ് അവര്‍ ഏറ്റവും കൂടുതലായി എത്തിച്ചിരുന്നത്.

കവുങ്ങ് കര്‍ഷകര്‍ക്ക് താങ്ങ് പകരാന്‍ കേന്ദ്രം അടയ്ക്ക ഇറക്കുമതി ഡ്യൂട്ടി കിലോ 351 രൂപയായി വര്‍ധിപ്പിച്ചത് കാര്‍ഷിക മേഖലയ്ക്ക് ശക്തി പകര്‍ന്നു. നിലവില്‍ കൊച്ചിയില്‍ അടയ്ക്ക ക്വിന്റ്റലിന് 35,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചെറുകിട വിപണികളില്‍ പുതിയ അടയ്ക്ക കിലോ 375 രൂപയിലും പഴയ അടയ്ക്ക 390 രൂപയിലും കൈമാറി. കവുങ്ങുകളെ ബാധിച്ച മഞ്ഞളിപ്പ് രോഗം മൂലം ഇക്കുറി ഉത്പാദനം കുറവായതിനാല്‍ വരും മാസങ്ങളില്‍ അടയ്ക്ക വിലയില്‍ ഉണര്‍വിന് സാധ്യത.

പ്രതീക്ഷയിലെത്താതെ വെളിച്ചെണ്ണ

പ്രാദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന മില്ലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. തമിഴ്നാട്ടിലെ വന്‍കിട മില്ലുകള്‍ ഉയര്‍ന്ന അളവില്‍ എണ്ണ കേരളത്തിലേയ്ക്ക് കയറ്റിവിടാന്‍ ശ്രമം നടത്തുന്നുണ്ടങ്കിലും വാങ്ങല്‍ താല്‍പര്യം ഉയരാത്തത് മില്ലുകാര്‍ക്ക് ഇടയിലെ മത്സരം ശക്തമാക്കുന്നു. കാങ്കയത്ത് കൊപ്ര 8350 രൂപയിലും എണ്ണ 11,550 രൂപയിലുമാണ്. കൊച്ചിയില്‍ കൊപ്ര വിലയെ അപേക്ഷിച്ച് 4400 രൂപ ഉയര്‍ന്ന് 13,100 ലാണ് വെളിച്ചെണ്ണ വ്യാപാരം.

നേരിയ വില വര്‍ധനയില്‍ ഏലം

തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്കില്‍ ഭുരിഭാഗവും ഇടപാടുകാര്‍ മത്സരിച്ച് വാങ്ങി കൂട്ടി. 47,869 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 46,064 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഉത്പന്നം ശേഖരിക്കാന്‍ ഉത്സാഹിച്ചത് ചെറിയ തോതിലുള്ള വിലക്കയറ്റത്തിന് വഴിതെളിച്ചു. ശരാശരി ഇനം ഏലക്ക കിലോ 1112 രൂപയിലും മികച്ചയിനങ്ങള്‍ കിലോ 1705 രൂപയിലും കൈമാറി.