image

6 Sept 2023 5:35 PM IST

Market

പാം ഓയില്‍ വിലയിടിഞ്ഞു; ഏലം കുതിപ്പില്‍

MyFin Desk

commodities market rate 06 09
X

Summary

  • റബര്‍മാര്‍ക്കറ്റില്‍ തിരിച്ചുവരവിന്റെ സൂചനയില്ല
  • ചുക്ക് ക്ഷാമം രൂക്ഷമാകുന്നു


ഏഷ്യന്‍ വിപണികളില്‍ പാം ഓയിലിന് വില തകര്‍ച്ച. മുഖ്യ ഉല്‍പ്പാദക രാജ്യങ്ങളില്‍ ലഭ്യത ഉയരുമെന്ന സൂചനയില്‍ ഇന്തോനേഷ്യ, മലേഷ്യന്‍ മാര്‍ക്കറ്റുകളില്‍ പാം ഓയില്‍ അവധി വിലകള്‍ പൊടുന്നനെ ഇടിഞ്ഞതിനാല്‍ ഇറക്കുമതി രാജ്യങ്ങള്‍ പുതിയ വാങ്ങലുകളില്‍ നിന്നും പിന്‍വലിഞ്ഞു. വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പതിവിലും അധികം എണ്ണയുമായി കയറ്റുമതി രാജ്യങ്ങള്‍ രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഇതിനിടയില്‍ മലേഷ്യ പാം ഓയില്‍ വില ടണ്ണിന് 837 ഡോളറായി കുറച്ചു. ഇന്തോനേഷ്യയുടെ പുതിയ നിരക്കിനായി ഇന്ത്യ ഉള്‍പ്പെടുയുള്ള ഇറക്കുമതി രാജ്യങ്ങള്‍ ഉറ്റ് നോക്കുകയാണ്. ദീപാവലി, വിജയദശമി വേളയില്‍ ആഭ്യന്തര പാചകയെണ്ണ ഉപയോഗം ഉയരുമെന്നതിനാല്‍ മികച്ച വില്‍പ്പനയ്ക്കുള്ള സാധ്യതകളാണ് ഇറക്കുമതി ലോബി കണക്ക് കൂട്ടുന്നത്. അതേ സമയം സംഘര്‍ഷ സാധ്യതകള്‍ മൂലം ഉക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സൂര്യകാന്തിയെണ്ണ നീക്കം കുറഞ്ഞതിനാല്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ പാചകയെണ്ണ വിലകളില്‍ വന്‍ ഇടിവിന് സാധ്യതയില്ല. കൊച്ചിയില്‍ പാം ഓയില്‍ വില 8550 രൂപയിലേയ്ക്ക് ഇടിഞ്ഞു. ഉയര്‍ന്ന അളവില്‍ പാം ഓയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇറക്കുമതി നടത്തുന്നത് വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും ഭീഷണിയാവും. ചിങ്ങം ആദ്യ പകുതി പിന്നിടുമ്പോഴും പ്രദേശിക വിപണികളില്‍ കാലിടറിയ അവസ്ഥയിലാണ് വെളിച്ചെണ്ണ. താങ്ങാനാളില്ലാതെ വന്നാല്‍ കൊപ്ര ഉല്‍പ്പാദകരും പ്രതിസന്ധിയിലാവും, 10,860 രൂപ കൊപ്രയ്ക്ക് താങ്ങ് വില നിലനില്‍ക്കുമ്പോഴും 8150 രൂപയ്ക്ക് ചരക്ക് കൈമാറേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

സുഗന്ധഗിരി സ്‌പൈസസില്‍ നടന്ന ഏലക്ക ലേലത്തില്‍ വരവ് അരലക്ഷം കിലോയിലേയ്ക്ക് ചുരുങ്ങിയത് വില ഉയര്‍ത്താന്‍ ഒരു വിഭാഗം ഇടപാടുകാരെ പ്രേരിപ്പിച്ചു. അതേ സമയം ചെറിയതോതിലുള്ള മഴയുടെ വരവ് ലേലത്തില്‍ ചരക്ക് വരവ് ഉയര്‍ത്തുമെന്ന നിഗമനത്തിലായിരുന്നു ബയര്‍മാരെങ്കിലും ഉല്‍പ്പാദകര്‍ ഏലക്ക നീക്കത്തില്‍ കാണിച്ച നിയന്ത്രണം വരും ദിനങ്ങളിലും തുടര്‍ന്നാല്‍ വില കുതിച്ചു കയറാം. മൊത്തം 51,102 കിലോഗ്രാം ഏലക്കയുടെ ലേലം നടന്നു. ഗള്‍ഫ് ഓര്‍ഡര്‍ ലഭിച്ച കയറ്റുമതിക്കാര്‍ മികച്ചയിനങ്ങളില്‍ താല്‍പര്യം കാണിച്ചതോടെ വില 2762 ലേയ്ക്ക് ഉയര്‍ന്നു. ശരാശരി ഇനങ്ങള്‍ 1937 രൂപയിലും കൈമാറി.

ശൈത്യകാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ചുക്ക് സംഭരണ നീക്കത്തിലാണ് അന്തര്‍സംസ്ഥാന വാങ്ങലുകാര്‍. വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ തിടുക്കത്തിലുള്ള ചരക്ക് സംഭരണത്തിന് അവര്‍ മുതിരില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. അതേ സമയം ചുക്ക് ക്ഷാമം രുക്ഷമായതിനാല്‍ കൂടുതല്‍ ഓര്‍ഡറുകളെത്തുന്നതോടെ വിലക്കയറ്റം അനുഭവപ്പെടുന്നത് തടയാന്‍ മുന്‍കൂര്‍ വില ഇടിക്കാനുള്ള ശ്രമങ്ങളും വിപണിയില്‍ അരങ്ങേറുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളുണ്ടെങ്കിലും വിലക്കയറ്റം ഭയന്ന് കയറ്റുമതി ലോബി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. മികച്ചയിനം ചുക്ക് വില കിലോ 350 രൂപ.

ഇന്നലെ കനത്ത തിരിച്ചടിനേരിട്ട രാജ്യാന്തര റബര്‍ മാര്‍ക്കറ്റില്‍ നിന്നും തിരിച്ച് വരവിന്റ സൂചനകള്‍ ഒന്നും പുറത്തുവന്നില്ല. ബാങ്കോക്കില്‍ റബര്‍ വില താഴ്ന്നു നിന്നതിനാല്‍ ചൈന, ജപ്പാന്‍ അവധി നിരക്കുകളെ ബാധിച്ച തളര്‍ച്ച തുടരുന്നു. ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ സംസ്ഥാനത്ത് നിന്നും ഷീറ്റ് ശേഖരിക്കാന്‍ ഉത്സാഹിച്ചെങ്കിലും ആവശ്യാനുസരണം റബര്‍ ലഭിച്ചില്ലെന്നാണ് വിപണി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. താഴ്ന്ന വിലയ്ക്ക് ചരക്ക് കൈമാറാന്‍ സ്റ്റോക്കിസ്റ്റുകള്‍ തയ്യാറായില്ല. നാലാം ഗ്രേഡ് കിലോ 147 രൂപ.

കേരളത്തില്‍ സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ആഭരണ വിപണികളില്‍ ഇന്ന് പവന് വീണ്ടും 120 രൂപ താഴ്ന്ന് 44,120 രൂപയില്‍ നിന്നും 44,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണ വില 5515 ല്‍ നിന്നും 5500 രൂപയായി. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 83.04 ല്‍ നിന്നും പത്ത് മാസത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയായ 83.18 ലേയ്ക്ക് ഇടിഞ്ഞത് ആഭ്യന്തര മാര്‍ക്കറ്റില്‍ സ്വര്‍ണ വില താഴുന്നതിനെ പിടിച്ചു നിര്‍ത്തി. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1930 ഡോളറില്‍ നിന്നും 1921 ഡോളറായി.