30 April 2023 1:19 PM IST
Summary
- മൂലധന അടിത്തറ വിപുലമാക്കാന്‍ ഉപയോഗിക്കും
- ഇഷ്യൂ അവസാനിച്ചത് ഏപ്രില്‍ 27ന്
- പിഎൻബിയുടെ ഓഹരി പങ്കാളിത്തം 30ന് താഴേക്കെത്തും
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) പ്രമോട്ട് ചെയ്യുന്ന പിഎൻബി ഹൗസിംഗ് ഫിനാൻസ് റൈറ്റ്സ് അവതരണത്തിലൂടെ 2,494 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായിട്ടായിരുന്നു റൈറ്റ്സ് പുറത്തിറക്കിയത്. ഇഷ്യു 2023 ഏപ്രിൽ 27-ന് അവസാനിച്ചതായി പിഎൻബി ഹൗസിംഗ് ഫിനാൻസ് പ്രസ്താവനയിൽ പറഞ്ഞു.
മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനായി ഇഷ്യൂവിലൂടെ ലഭിച്ച തുക വിനിയോഗിക്കും. റൈറ്റ്സ് ഇഷ്യൂ കഴിയുമ്പോള്‍, കമ്പനിയുടെ പ്രൊമോട്ടർ എന്ന നിലയിൽ പിഎൻബിയുടെ ഓഹരി പങ്കാളിത്തം 32.53 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിൽ താഴെയാകും, എന്നാൽ ഇത് 26 ശതമാനത്തേക്കാൾ കൂടുതലായതിനാൽ പ്രമോട്ടർ പദവി നിലനിർത്താന്‍ ബാങ്കിനാകും.
2021 മേയില്‍ 4,000 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കുന്നതിനായി, പിഎൻബി ഹൗസിംഗ് മറ്റ് നിക്ഷേപകർക്കൊപ്പം സംയുക്ത സംരംഭ പങ്കാളിയായ കാർലൈൽ ഗ്രൂപ്പുമായി ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാല്‍ നിയമ നടപടികളിലെ കാലതാമസം കാരണം ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
2022 മാർച്ചിലാണ്, PNB ഹൗസിംഗിന്റെ ബോർഡ് 2,500 കോടി രൂപയുടെ റൈറ്റ്സ് വിതരണത്തിന് അംഗീകാരം നൽകി. ആ വര്‍ഷം നവംബറില്‍ വിപണി നിയന്ത്രണ സ്ഥാപനമായ സെബിയില്‍ ഫയല്‍ ചെയ്യേണ്ട ഡ്രാഫ്റ്റ് ലെറ്റര്‍ ഓഫറിനും ബോര്‍ഡ് അംഗീകാരം നല്‍കി.