image

24 May 2023 6:45 PM IST

Market

മഴച്ചതിയില്‍ ഉലഞ്ഞ് റബര്‍ വിപണി, വില ഉയര്‍ത്തി കുരുമുളക്

Kochi Bureau

commodity market update
X

Summary

  • ആന്‍ഡമാന്‍ നികോബാര്‍ ദ്വീപ് സമൂഹങ്ങളിലേയ്ക്ക് മഴ മേഘങ്ങള്‍ എത്തി തുടങ്ങിയത് കാര്‍ഷിക കേരളത്തിന് പ്രതീക്ഷ പകരുന്നുണ്ട്.


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത വേനലിന്റെ പിടിയില്‍ അകപ്പെട്ടത് മേഖലയിലെ ഒട്ടുമിക്ക റബര്‍ തോട്ടങ്ങളിലെയും വരള്‍ച്ച രൂക്ഷമാക്കി. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകാതെ തല്‍ക്കാലം ടാപ്പിംഗ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവാത്ത അവസ്ഥയിലാണ് കാര്‍ഷിക മേഖല. വരണ്ട കാലാവസ്ഥയും പകല്‍ ഉയര്‍ന്ന താപനിലയും ഉത്പാദകരെ മാത്രമല്ല, വ്യവസായികളെയും പിരിമുറുക്കത്തിലാക്കുന്നു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താല്‍മുന്നിലുള്ള മൂന്ന്-നാല് ആഴ്ച്ചകളില്‍ പുതിയ ഷീറ്റ് വില്‍പ്പനയ്ക്ക് ഇറക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. വേനല്‍ മഴ ദുര്‍ബലമായതും, ചുഴലിക്കാറ്റിന് ശേഷം കടലില്‍ കാറ്റിന്റെ ദിശയിലുണ്ടായ മാറ്റങ്ങളും വിലയിരുത്തിയാല്‍ കാലവര്‍ഷം മന്ദഗതിയില്‍ കേരളം ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. അതേ സമയം ആന്‍ഡമാന്‍ നികോബാര്‍ ദ്വീപ് സമൂഹങ്ങളിലേയ്ക്ക് മഴ മേഘങ്ങള്‍ എത്തി തുടങ്ങിയത് കാര്‍ഷിക കേരളത്തിന് പ്രതീക്ഷ പകരുന്നുണ്ട്. ഉത്തരേന്ത്യന്‍ വ്യവസായികള്‍ ഇന്ന് ഒട്ടുപാല്‍ വില 9500 ല്‍ നിന്നും 8900 ലേയ്ക്ക് താഴ്ത്തി ചരക്ക് സംഭരണത്തിന് ശ്രമം നടത്തിയെങ്കിലും വില്‍പ്പനക്കാരുടെ അഭാവം തിരിച്ചടിയായി. വ്യാപാരാന്ത്യം റബര്‍ വില 9200 ലാണ്.

ഏലം വിപണിയില്‍ ആശങ്ക

വീണ്ടും അരലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് വന്നത് ഉത്പാദകരില്‍ ആശങ്ക ഉളവാക്കി. ഓഫ് സീസണില്‍ വരവ് കുറയുന്നത് ലേലത്തില്‍ വീറും വാശിയും ഉയര്‍ത്തുമെന്ന് കണക്ക് കൂട്ടലുകള്‍ തെറ്റിയതിനൊപ്പം വിലക്കയറ്റ സാധ്യതകള്‍ക്കും മങ്ങലേറ്റു. വണ്ടന്‍മേട്ടില്‍ ഇന്ന് നടന്ന ലേലത്തില്‍ 54,432 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 49,420 കിലോയും ഇടപാടുകാര്‍ മത്സരിച്ച് ശേഖരിച്ചു. മികച്ചയിനം ഏലക്ക കിലോ 1684 രൂപയിലും ശരാശരി ഇനങ്ങള്‍ 1093 രൂപയിലും കൈമാറി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്കയില്‍ താല്‍പര്യം കാണിച്ചു.

പ്രതിസന്ധി ഒഴിയാതെ കൊപ്ര വിപണി

വെളിച്ചെണ്ണയുടെ വില തകര്‍ച്ചയെ പിടിച്ചു നിര്‍ത്തി മില്ലുകാര്‍ അമിതലാഭം കൊയ്യാനുള്ള നീക്കം നടക്കുന്നതായി കൊപ്ര ഉത്പാദകര്‍. രണ്ട് ദിവസത്തിനിടയില്‍ കൊച്ചിയില്‍ കൊപ്ര വില ക്വിന്റലിന് 200 രൂപ ഇടിഞ്ഞ് 8150 ലേയ്ക്ക് താഴ്ന്നപ്പോഴും വെളിച്ചെണ്ണ വില പഴയ നിലവാരമായ 12,800 ല്‍ സ്ഥിരതയിയാണ്. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കൊപ്ര ശേഖരിക്കുന്ന വ്യവസായികള്‍ അവര്‍ വില്‍പ്പന നടത്തുന്ന എണ്ണയ്ക്ക് ഉയര്‍ന്ന വില ഉറപ്പ് വരുത്തുന്നത് കര്‍ഷകരോടുള്ള കനത്ത വെല്ലുവിളിയാണ്. തമിഴ്നാട്ടില്‍ വെളിച്ചെണ്ണ വില 11,075 രൂപ മാത്രമാണ്.

വില ഉയര്‍ത്തി കുരുമുളക്

മലയോര മേഖലയിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളക് നീക്കം നിയന്ത്രിച്ചതിനാല്‍ വാങ്ങലുകാര്‍ നിരക്ക് വീണ്ടും ഉയര്‍ത്തി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 100 രൂപ ഉയര്‍ന്ന് 50,300 രൂപയിലാണ് വിപണനം നടന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6375 ഡോളറാണ്.