15 May 2023 5:30 PM IST
Summary
- കേരളത്തില്‍ 8500 രൂപയാണ് കൊപ്ര വില.
ആഗോള തലത്തില്‍ റബറിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ക്വിന്റ്റലിന് 16,000 രൂപ നിരക്കില്‍ കേരളത്തിലെ വിപണികളില്‍ ഇന്ന് റബറിന്റെ ഇടപാടുകള്‍ നടന്നു. മുഖ്യ ഉത്പാദന രാജ്യമായ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 14,800 രൂപ മാത്രമാണ്. ഇന്ത്യന്‍ വ്യവസായികള്‍ ഒരുമാസത്തിനിടയില്‍ 1000 രൂപ റബറിന് ഉയര്‍ത്തിയെങ്കിലും കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് വരവ് നാമമാത്രമാണ്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയുണ്ടായ സാഹചര്യത്തില്‍ മാസാവസാനത്തിന് മുമ്പായി ടാപ്പിങ് പുനരാരംഭിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. വിപണി വില വീണ്ടും കൂടുമെന്ന സൂചനകള്‍ക്ക് ഇടയില്‍ കാലാവസ്ഥ മാറ്റം നിര്‍ണായകമാകാം. ഉത്പാദന രംഗത്ത് ഉണര്‍വ് കണ്ടാല്‍ സ്റ്റോക്കിസ്റ്റുകള്‍ കൈവശമുള്ള റബര്‍ വില്‍പ്പനയ്ക്ക് ഇറക്കാന്‍ തിടുക്കം കാണിക്കുമെന്ന കണക്ക് കൂട്ടലിലാണ് വ്യവസായികള്‍.
കൊപ്ര കര്‍ഷകര്‍ ആശങ്കയില്‍
കേരളത്തിലും തമിഴ്നാട്ടിലും കൊപ്ര വിലയിലെ അന്തരം ക്വിന്റ്റലിന് 500 രൂപയായതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ ആശങ്കയില്‍. വില ഇടിച്ച് വിപണി പിടിക്കാന്‍ അയല്‍ സംസ്ഥാനം നടത്തുന്ന നീക്കം ഫലത്തില്‍ തിരിച്ചടിയാവുക കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കാവും. അവിടെ വന്‍കിട തോട്ടങ്ങളായതിനാല്‍ കാര്‍ഷിക ചെലവുകള്‍ താരതമ്യേന കുറഞ്ഞതിനാല്‍ 8000 രൂപയ്ക്ക് അവര്‍ കൊപ്ര കൈമാറാന്‍ തയ്യാറായി. കേരളത്തില്‍ 8500 രൂപയാണ് കൊപ്ര വില. വില ഇടിവ് കണ്ട് ചെറുകിട മില്ലുകാര്‍ ചരക്ക് സംഭരണത്തില്‍ നിയന്ത്രണം വരുത്തിയതിനൊപ്പം സറ്റോക്കുള്ള വെളിച്ചെണ്ണ ഇറക്കാന്‍ തിടുക്കം കാണിക്കുന്നുണ്ട്. പ്രദേശിക വിപണികളില്‍ ഇറക്കുമതി ഭക്ഷ്യയെണ്ണകളുടെ താഴ്ന്ന വിലയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ക്ലേശിക്കുകയാണ് വെളിച്ചെണ്ണ. കൊച്ചിയില്‍ എണ്ണ വില 12,900 രൂപ.
താങ്ങ് നഷ്ടപ്പെട്ട് ഏലം
ഏലത്തിന് ആയിരം രൂപയിലെ നിര്‍ണ്ണായക താങ്ങ് ഇന്ന് നഷ്ടമായി. വിദേശ എലക്ക ഇറക്കുമതി നടന്നുവെന്ന ആക്ഷേപം കാര്‍ഷിക മേഖലയില്‍ നിന്നും ഉയര്‍ന്നിട്ടും അതിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ സ്പൈസ് ബോര്‍ഡ് തയ്യാറാവാഞ്ഞത് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനിയും ആഴ്ച്ചകള്‍ ശേഷിക്കവേ ലേലത്തില്‍ ഉല്‍പ്പന്ന വില ഉയരുമെന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഇന്ന് നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങളുടെ വില കിലോ 950 രൂപയായി ഇടിഞ്ഞു. 47,677 കിലോ ഏലക്ക ലേലത്തില്‍ എത്തിയതില്‍ 42,226 കിലോ ചരക്ക് വിറ്റഴിഞ്ഞു.