30 March 2023 6:00 PM IST
Summary
- വിദേശ കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം വരുത്താനായാല്‍ വിലക്കയറ്റം വേഗത്തിലായേക്കാം
വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ കുരുമുളക് കൊടികള്‍ കനത്ത ചൂടിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വാടി തുടങ്ങി. മഴ മേഘങ്ങള്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയെങ്കിലും കാറ്റിന്റെ ദിശയിലെ മാറ്റം മൂലം കേരളത്തിലേയ്ക്കുള്ള വേനല്‍ മഴയുടെ വരവിന് കാലതാമസം നേരിടുന്നത് ഹൈറേഞ്ചിലെ തോട്ടങ്ങളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിലാക്കി. മലയോര മേഖലയിലെ കുളങ്ങള്‍ പലതും വേനലില്‍ വറ്റി വരണ്ടതോടെ ജലസേചന സൗകര്യങ്ങള്‍ പരിമിതമായി. ഈസ്റ്ററിന് മുന്നോടിയായി കേരളത്തില്‍ വേനല്‍ മഴ സജീവമായാല്‍ അടുത്ത സീസണില്‍ കുരുമുളക് ഉത്പാദനം ഉയരും. അതേ സമയം മഴ മേഘങ്ങളുടെ അഭാവം തുടര്‍ന്നാല്‍ ഉത്പാദന രംഗത്ത് ശോഷിപ്പ് സംഭവിക്കുമെന്നാണ് കരുതുന്നത്.
പിന്നിട്ട സീസണില്‍ ഉത്പാദിപ്പിച്ച മുളകില്‍ ചെറിയ പങ്ക് കാര്‍ഷിക മേഖലയില്‍ സ്റ്റോക്കുണ്ട്. അവര്‍ മുന്നിലുള്ള ഉത്സവ സീസണില്‍ വില ഉയരുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നു. വിദേശ കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം വരുത്താനായാല്‍ വിലക്കയറ്റം വേഗത്തിലായേക്കാം. കൊച്ചിയില്‍ രണ്ടാഴ്ച്ചയില്‍ ഏറെയായി അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 48,800 രൂപയില്‍ സ്ഥായിയായി നില്‍ക്കുകയാണ്
വില ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ റബര്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുകിട റബര്‍ അധിഷ്ഠിത വ്യവസായികള്‍ കൊച്ചി, കോട്ടയം വിപണികളില്‍ ചരക്കിനായി തമ്പടിച്ചു. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ വിപണിയില്‍ പണത്തിനുള്ള പിരിമുറുക്കം
വിട്ടുമാറും, ഈ അവസരത്തില്‍ വ്യവസായികള്‍ വില ഉയര്‍ത്തി റബര്‍ സംഭരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. ചരക്ക് ക്ഷാമം രൂക്ഷമായതിനാല്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ലഭ്യത ഉറപ്പ് വരുത്താന്‍ വില ഉയര്‍ത്തുകയല്ലാതെ മറ്റ്
മാര്‍ഗ്ഗമില്ലെന്ന അവസ്ഥയിലാണ് വാങ്ങലുകാര്‍. ലാറ്റക്സ് കിലോ 100 രൂപയിലേയ്ക്ക് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഷീറ്റ് വിലയിലും കുതിപ്പിനുള്ള സാഹചര്യമാണുള്ളത്. നാലാം ഗ്രേഡ് റബര്‍ വില കിലോ 150 വരെ ഉയര്‍ന്ന ശേഷം 149 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിലക്കയറ്റം ഭയന്ന് ഏലം
കാര്‍ഷിക മേഖലയിലെ മദ്ധ്യവര്‍ത്തികളുടെ കൈവശമുള്ള ഏലക്ക ശേഖരം കുറയുന്നു. പിന്നിട്ട ഏതാനും ദിവസങ്ങളായി പ്രമുഖ ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ചരക്ക് വരവിലുണ്ടായ കുറവ് വിരല്‍ ചുണ്ടുന്നത് ആ ദിശയിലേയ്ക്കാണ്.
എന്നാല്‍ വിലക്കയറ്റം ഭയന്ന് ഇക്കാര്യം സ്ഥിതികരിക്കാന്‍ ഇടപാടുകാര്‍ തയ്യാറായില്ല. ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തിന് എത്തിയത് 18,838 കിലോഗ്രാം ചരക്ക് മാത്രമാണ് ഇതില്‍ 15,584 കിലോയും ലേലം കൊണ്ടു. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചെങ്കിലും മികച്ചയിനം കിലോ 2061 ലും ശരാശരി ഇനങ്ങള്‍ 1325 രൂപയിലും നിലകൊണ്ടു.