image

14 Sept 2023 5:05 PM IST

Market

സായി സിൽക്‌സ് ഇഷ്യുവഴി 1200 കോടി സ്വരൂപിക്കും

MyFin Desk

സായി സിൽക്‌സ് ഇഷ്യുവഴി 1200 കോടി സ്വരൂപിക്കും
X

Summary

  • ഇഷ്യു സെപ്റ്റംബർ 20 - 22
  • പ്രൈസ് ബാൻഡ് 210-222 രൂപ
  • ഒക്‌ടോബർ 4-ന് ലിസ്റ്റ് ചെയ്യും


തെലുങ്കാന ആസ്ഥാനമായുള്ള എത്‌നിക് അപ്പാരൽ റീട്ടെയ്‌ലർ സായി സിൽക്‌സ് കലാമന്ദിർ കന്നി പബ്ളിക് ഇഷ്യുവിലൂടെ 1200 കോടി സ്വരൂപിക്കും. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യു പ്രൈസ് ബാന്‍ഡ് 210-222 രൂപയാണ്. കുറഞ്ഞത് 67 ഓഹരികൾക്ക് അപേക്ഷിക്കണം.

ഒക്‌ടോബർ നാലിന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.

ഇഷ്യു സെപ്റ്റംബർ 20-ന് ആരംഭിച്ചു 22-ന് അവസാനിക്കും. ഈ മാസം വിപണിയിലെത്തുന്ന ഒമ്പതാമത്തെ ഇഷ്യൂ ആണിത്.

600 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർ ഗ്രൂപ്പിന്റെ 2,70,72,000 ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഇഷ്യൂ.

നാഗകനക ദുർഗ പ്രസാദ് ചളവടി, ഝാൻസി റാണി ചളവടി, ധനലക്ഷ്മി പെരുമല്ല, ദൂദേശ്വര കനക ദുർഗാറാവു ചളവടി, കല്യാൺ ശ്രീനിവാസ് അന്നം, സുബാഷ് ചന്ദ്ര മോഹൻ അന്നം, വെങ്കട രാജേഷ് അന്നം എന്നിവരാണ് പ്രമോട്ടർമാർ.

ഇഷ്യൂവിന്റെ പകുതി നിക്ഷേപകസ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഹൈനെറ്റ് വർത്ത് വ്യക്തികക്കും ബാക്കി 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു.

മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, നുവാമ വെൽത്ത് മാനേജ്‌മെന്റ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ. ബിഗ്‌ഷെയർ സർവീസാണ് രജിസ്ട്രാർ.

ഇഷ്യു വഴി ലഭിക്കുന്ന തുകയില്‍ നല്ലൊരു പങ്കും കമ്പനിയുടെ വികസനാവശ്യത്തിനായി ചെലവഴിക്കും. മുപ്പതു പുതിയ സ്റ്റോറുകള്‍ തുറക്കാനായി 125.08 കോടി രൂപ ചെലവഴിക്കും. 25.4 കോടി രൂപ ചെലവിൽ രണ്ട് വെയർഹൗസുകളും സ്ഥാപിക്കും. പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി 280.07 കോടി രൂപയും കടം തിരിച്ചടയ്ക്കാന് 50 കോടി രൂപയും ഉപയോഗിക്കും.

2005 -ൽ നാഗകനക ദുർഗാ പ്രസാദ് ചളവടി സ്ഥാപിച്ച കമ്പനിക്ക് ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ 54 സ്റ്റോറുകളുണ്ടിപ്പോള്. ഇന്ത്യയുടെ സംസ്കാരം, പാരമ്പര്യങ്ങൾ, പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അൾട്രാ പ്രീമിയം, പ്രീമിയം സാരികൾ, ലെഹംഗകൾ, പുരുഷന്മാരുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന എത്‌നിക് വസ്ത്രങ്ങളുടെ നിർമാതാക്കളാണ് കമ്പനി.

സായി സിൽക്‌സിന് നാല് വ്യത്യസ്ത ഫോർമാറ്റ് സ്റ്റോറുകളുണ്ട്:

കലാമന്ദിർ: സമകാലിക എത്തനിക് ഫാഷൻ വിഭാഗത്തിൽ ടസർ, സിൽക്ക്, കോട്ട, കോറ, ഖാദി, ജോർജറ്റ്, കോട്ടൺ, മട്ക തുടങ്ങിയ സാരികളുടെ ശേഖരമാണിവയുടെ ലഭ്യമാവുക.

വരമഹാലക്ഷ്മി സിൽക്‌സ്: വിവാഹവും ഇടയ്‌ക്കിടെയുള്ള വസ്ത്രങ്ങളും ലക്ഷ്യമിട്ടുള്ള പ്രീമിയം എത്‌നിക് സിൽക്ക് സാരിയും കൈത്തറികളും, ബനാറസി, പടോല, കോട്ട, കാഞ്ചീപുരം, പൈതാനി, ഓർഗൻസ, കുപ്പാടം, കച്ചീപുരം സിൽക്ക് സാരികൾ പോലുള്ള കൈത്തറികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു വിഭാഗമാണിവ.

മന്ദിർ: ബനാറസി, പടോല, ഇക്കാട്ട്, കാഞ്ചീപുരം, പൈതാനി, ഓർഗൻസ, കുപ്പാടം തുടങ്ങിയ ഡിസൈനർ സാരികൾ പോലുള്ള ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ലക്ഷ്യമിട്ട് അൾട്രാ പ്രീമിയം ഡിസൈനർ സാരികൾ ഇവിടെ ലഭ്യമാണ്.

കെഎൽഎം ഫാഷൻ മാൾ: ഫ്യൂഷൻ വസ്ത്രങ്ങൾ, ദൈനംദിന വസ്ത്രങ്ങൾക്കുള്ള സാരികൾ, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവർക്കുള്ള പാശ്ചാത്യ വസ്ത്രങ്ങൾ എന്നിങ്ങനെ മിതമായ നിരക്കിൽ മൂല്യമുള്ള ഫാഷൻ വസ്ത്രങ്ങളുടെ ശേഖരമാണിവിടെയുള്ളത്.

2023 മാർച്ചില്‍ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എസ്എസ്കെഎൽ 1,351.5 കോടി രൂപ വരുമാനവും 97.6 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. ഇത് മുന്‍വർഷമിതേ കാലയളവിലേതിനേക്കാള്‍ യഥാക്രമം 69.2 ശതമാനവും19.7 ശതമാനവും കൂടുതലാണ്.