21 Sept 2023 4:12 PM IST
Summary
- ഓഹരിയൊന്നിന് വില 69 രൂപ
വൈദ്യുതി ഉത്പാദന കമ്പനിയായ എസ്‌ജെവിഎൻ ലിമിറ്റഡിന്റെ 4.9 ശതമാനം ഓഹരികളുടെ ഓഫർ ഫോർ സെയിൽ ആരംഭിച്ചു. ഓഹരിയൊന്നിന് 69 രൂപയ്ക്കാണ് കേന്ദ്ര സർക്കാർ വില്‍ക്കുന്നത്. ബുധനാഴ്ചത്തെ ക്ലോസിംഗ് ആയ 82 രൂപയേക്കാള്‍ 15.6 ശതമാനം കുറച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്.
റീട്ടെയിൽ ഇതര നിക്ഷേപകർക്കായി സെപ്റ്റംബർ 21 നും റീട്ടെയിൽ നിക്ഷേപകർക്കായി സെപ്റ്റംബർ 22 നും ഓഹരി വാങ്ങാം. പത്തു രൂപ മുഖവിലയുള്ള 9.66 കോടി ഓഹരികളാണ് സർക്കാർ വില്ക്കുന്നത്. ഓഹരി വില്പന വഴി ഏകദേശം 1,334 കോടി രൂപ ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നു. അധികമായി 9.66 കോടി ഓഹരികൾ കൂടി വിൽക്കുനുള്ള അവകാശം സർക്കാർ നിലനിർത്തിയിട്ടുണ്ട്.
എസ്‌ജെവിഎൻ ലിമിറ്റഡിന്റെ ( സത്‌ലജ് ജൽ വിദ്യുത് നിഗം) 1.18 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധനസഹായം ലഭിക്കുന്നതിന് പവർ ഫിനാൻസ് കോർപ്പറേഷനുമായി (പിഎഫ്‌സി) പ്രാരംഭ കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചതിനെത്തുടർന്ന് ഓഹരികൾ ബുധനാഴ്ച ഏഴ് ശതമാനത്തിലധികം ഉയർന്നിരുന്നു.
ഡിസ്കൌണ്ടില്‍ ഗവണ്‍മെന്‍റ് ഓഹരി വില്പ്പന പ്രഖ്യാപിച്ചതിനെത്തുടർന്ന് കമ്പനിയുടെ ഓഹരി വില ഇന്നലെ (സെപ്റ്റംബർ 21) 13 ശതമാനം കുറഞ്ഞ് 71.20 രൂപയിലാണ് ക്ലോസ് ചെയ്തത്.