13 Aug 2023 11:19 AM IST
Summary
- സിപിഐ പണപ്പെരുപ്പ കണക്ക് നാളെയറിയാം
- എഫ്ഐഐകള്‍ കഴിഞ്ഞ വാരവും അറ്റ വില്‍പ്പനക്കാര്‍
- ഫെഡ് റിസര്‍വ് ധനനയ സമിതി മിനിറ്റ്സും ഈയാഴ്ച പുറത്തിറങ്ങും
തുടര്‍ച്ചയായ മൂന്നാം വാരവും നഷ്ടക്കണക്കുകളുമായാണ് ആഭ്യന്തര ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വാരത്തില്‍ വിപണി തിരിച്ചുവരവിന്‍റെ സൂചനകള്‍ നല്‍കിയെങ്കിലും റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതിയുടെ തീരുമാനങ്ങളും വീക്ഷണങ്ങളും നെഗറ്റിവ് സ്വാധീനമായി. ബാങ്കുകള്‍ക്ക് അധിക കരുതല്‍ ധന അനുപാതം താല്‍ക്കാലികമായി നിശ്ചയിച്ചതും പണപ്പെരുപ്പം സംബന്ധിച്ച വീക്ഷണം ഉയര്‍ത്തിയതും നിക്ഷേപകരെ നിരാശയിലാക്കി.
പണപ്പെരുപ്പ കണക്കുകള്‍
വരാനിരിക്കുന്ന വ്യാപാര ആഴ്ചയില്‍ ആഭ്യന്തര ഓഹരി വിപണികളെ പ്രധാനമായും സ്വാധീനിക്കുക രാജ്യത്തെ പണപ്പെരുപ്പം സംബന്ധിച്ച ഡാറ്റയാണ്. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലയുടെ ഫലമായി 6.5 ശതമാനത്തിന് മുകളിലായിരിക്കും റീട്ടെയില്‍ പണപ്പെരുപ്പം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഗസ്റ്റ് 14 തിങ്കളാഴ്ചയാണ് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നത്.
റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 2-6 ന് പുറത്തു നിക്കുന്ന പണപ്പെരുപ്പ കണക്കാണ് പ്രതീക്ഷിക്കുന്നത്. 6 .5 ശതമാനത്തിനു മുകളിലേക്കുള്ള കണക്ക് തീര്‍ച്ചയായും നിക്ഷേപകരില്‍ നെഗറ്റിവ് ചലനങ്ങള്‍ക്ക് ഇടയാക്കും. മൊത്തം സാമ്പത്തിക വര്‍ഷത്തേക്കുള്ള നിഗമനം 5.1ല്‍ നിന്ന് 5.4ലേക്കാണ് റിസര്‍വ് ബാങ്ക് ധനനയ സമിതി ഉയര്‍ത്തിയിട്ടുള്ളത്.
മൊത്തവില പണപ്പെരുപ്പം സംബന്ധിച്ച കണക്ക് ഓഗസ്റ്റ് 15 നാണ് പുറത്തുവരിക. പണപ്പെരുപ്പം എങ്ങനെ പുരോഗമിക്കുന്നു എന്ന സൂചന ഇതില്‍ നിന്ന് ലഭിക്കും.
ജൂണിലെ വ്യാവസായികോല്‍പ്പാദനം സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. പുതിയ വാരത്തില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഇതിന്‍റെ പ്രതിഫലനങ്ങള്‍ വിപണിയില്‍ കാണാനാകും. വ്യാവസായിക ഉല്‍പ്പാദന സൂചിക 3 .7 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ജൂണില്‍ പ്രകടമാക്കിയത്. മേയിലെ 5.3 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് താഴേക്ക് പോയി.
ഫെഡ് റിസര്‍വ് വീക്ഷണം
ഫെഡ് റിസര്‍വ് ധനനയ സമിതി യോഗത്തിന്‍റെ മിനിറ്റ്സ് ആണ് ആഗോളതലത്തിൽ നിക്ഷേപകർ ഈയാഴ്ച കാത്തിരിക്കുന്ന പ്രധാന ഡാറ്റ. ഓഗസ്റ്റ് 16ന് ഇത് ഔദ്യോഗികമായി പുറത്തിറക്കും. ജൂലൈ അവസാനം പുറത്തുവന്ന നയ തീരുമാനങ്ങള്‍ക്ക് പിന്നിലെ യുക്തിയെക്കുറിച്ചും ഫെഡ് റിസര്‍വ് വീക്ഷണങ്ങളെ കുറിച്ചും ഇത് നിക്ഷേപകര്‍ക്ക് ഉൾക്കാഴ്ചകൾ നൽകും. ജൂലൈയിലെ പോളിസി മീറ്റിംഗിൽ, ഫെഡറൽ റിസർവ് ഫെഡ് ഫണ്ട് നിരക്ക് 25 ബിപിഎസ് ഉയർത്തി, ഈ വര്‍ഷം ഒരു നിരക്ക് വര്‍ധന കൂടി ഉണ്ടാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
“ഇപ്പോൾ, ഫെഡറൽ പോളിസി മേക്കർമാരുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കാരണം വിപണികൾ ജാഗ്രത പാലിക്കുന്നു, ഇത് പണനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മങ്ങുന്നു,” കോട്ടക് സെക്യൂരിറ്റീസിന്റെ രവീന്ദ്ര റാവു പറഞ്ഞു.
കൂടാതെ, യുഎസ് റീട്ടെയിൽ വിൽപ്പന ഡാറ്റ, ജൂണിലെ ചൈനയുടെ ചില്ലറ വിൽപ്പനയും വ്യാവസായിക ഉൽപ്പാദനവും സംബന്ധിച്ച കണക്കുകൾ, യൂറോപ്പ്, യുകെ, ജപ്പാൻ എന്നിവിടങ്ങളിലെ പ്രതിമാസ പണപ്പെരുപ്പ കണക്കുകൾ എന്നിവയും ഈയാഴ്ചയില്‍ നിക്ഷേപകര്‍ കാതോര്‍ക്കുന്ന ആഗോള ഡാറ്റകളാണ്.
വിദേശ ഫണ്ടിന്‍റെ വരവ്
ജൂലൈ അവസാന വാരം മുതലുള്ള കാലയളവില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വിൽപ്പനക്കാരായി തുടരുന്നത് ഇന്ത്യൻ ഇക്വിറ്റി വിപണികളുടെ കറക്ഷനില്‍ നിർണായക പങ്ക് വഹിച്ചു. എഫ്ഐഐകള്‍ വിൽപ്പന തുടര്‍ന്നാല്‍, വരും ആഴ്‌ചകളിളും ഇക്വിറ്റി വിപണികൾ കൂടുതൽ തകർച്ച കാണുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ ആഴ്‌ചയിൽ എഫ്‌ഐഐകൾ 4,700 കോടി രൂപ വിറ്റഴിച്ചു, തുടര്‍ച്ചയായ അഞ്ച് മാസങ്ങളില്‍ അറ്റ വില്‍പ്പനക്കാരായിരുന്ന എഫ്‌ഐഐകൾ ഓഗസ്റ്റില്‍ വില്‍പ്പനയിലാണ്. എന്നിരുന്നാലും, കഴിഞ്ഞ വാരം 2,224 കോടി രൂപയുടെ ഓഹരികൾ വാങ്ങി ആഭ്യന്തര സ്ഥാപന നിക്ഷേപകർക്ക് ഒരു പരിധി വരെ നഷ്ടം കുറച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ 3272 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളിലും 2860 കോടി രൂപയുടെ അറ്റ നിക്ഷേപം ഡെറ്റ് വിപണിയിലും നടത്തിയിട്ടുണ്ട്.