image

6 Aug 2023 11:22 AM IST

Stock Market Updates

പലിശ നിരക്കും വ്യാവസായിക ഉല്‍പ്പാദനവും...; ഈയാഴ്ച വിപണി ചലനങ്ങള്‍ എങ്ങനെയാകും?

MyFin Desk

interest rates and industrial production
X

Summary

  • യുഎസ് പണപ്പെരുപ്പ കണക്ക് 10 ന് പുറത്തുവരും
  • ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ഐ‌പി‌ഒ 10ന് തുടങ്ങും
  • റിസള്‍ട്ട് സീസണ്‍ അവസാന ഘട്ടത്തിലേക്ക്


കഴിഞ്ഞ രണ്ട് ആഴ്ചയിലും നഷ്ടക്കണക്കുമായി മുന്നോട്ടുപോയ ആഭ്യന്തര ഓഹരി വിപണികള്‍ പുതിയ വ്യാപാര വാരത്തിലേക്ക് കടക്കുമ്പോള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് ചില സുപ്രധാന ഡാറ്റകളിലേക്കാണ്. ആർബിഐ പലിശ നിരക്ക് തീരുമാനവും ജൂണിലെ വ്യാവസായിക ഉൽപ്പാദന കണക്കും ഈ ആഴ്ച പുറത്തുവരികയാണ്. റിസള്‍ട്ട് സീസണ്‍ പുരോഗമിക്കുന്നതിനിടെ കോർപ്പറേറ്റുകള്‍ പുറത്തുവിടുന്ന ത്രൈമാസ വരുമാനവും വിപണികളെ സ്വാധീനിക്കും.

"അദാനി പോർട്ട്സ്, കോൾ ഇന്ത്യ, ഹീറോ, മോട്ടോകോർപ്പ്, ഹിൻഡാൽകോ, ഒഎൻജിസി എന്നിവയുടെ ഫലങ്ങള്‍ ഈ ആഴ്ച പ്രഖ്യാപിക്കപ്പെടും. ആര്‍ബിഐ പലിശനിരക്ക് ഏറ്റവുമധികം ബാധിക്കപ്പെടുന്ന ഓഹരികളിലും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടു. സ്റ്റോക്ക് കേന്ദ്രീകൃതമായ ചലനങ്ങളാണ് വിപണിയെ നയിക്കുക," സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് പ്രവേഷ് ഗൂർ പറഞ്ഞു.

യുഎസ് ഭരണകൂടത്തിന്‍റെ റേറ്റിംഗ് ഫിച്ച് റേറ്റിംഗ്സ് താഴ്ത്തിയത്, യൂറോസോണിൽ നിന്നും ചൈനയിൽ നിന്നുമുള്ള ദുർബലമായ ഫാക്ടറി പ്രവർത്തന ഡാറ്റ, യുഎസ് ബോണ്ട് നല്‍കുന്ന നേട്ടം ഉയര്‍ന്നതു മൂലം എഫ്ഐഐ വിൽപ്പന തുടരുന്നത് എന്നിവയെല്ലാം കഴിഞ്ഞ വാരം ആഗോള വിപണികളിലെ വീഴ്ചകള്‍ക്ക് കാരണമായി. എന്നാല്‍ തുടര്‍ച്ചയായ റാലിക്ക് ശേഷം ലാഭമെടുക്കലിന് അവസരമൊരുക്കുക മാത്രമാണ് ഈ കാരണങ്ങള്‍ ചെയ്തതെന്നാണ് ഒരു വിഭാഗം അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വിശാലമായ റേഞ്ച് ബൗണ്ടിലുള്ള വിപണിയുടെ ചലനങ്ങള്‍ ഈയാഴ്ചയും തുടരുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കാതോര്‍ക്കുന്ന കണക്കുകള്‍

8 മുതല്‍ 10 വരെ തീയതികളിലായാണ് ആര്‍ബിഐ ധനനയ സമിതി യോഗം ചേരുന്നത്. 10ന് രാവിലെ 10 മണിയോടെ പുതിയ ധനനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജൂലൈയിലെ റീട്ടെയില്‍ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്‍റെ സഹന പരിധിക്ക് മുകളിലായിരിക്കുമെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നത് ധനനയം സംബന്ധിച്ചും ആര്‍ബിഐ-യുടെ പണപ്പെരുപ്പ വീക്ഷണം സംബന്ധിച്ചും ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനുപുറമേ ജൂണിലെ വ്യാവസായിക ഉൽപ്പാദനം, ജൂലൈ 28 ന് അവസാനിച്ച രണ്ടാഴ്ചയിലെ ബാങ്ക് വായ്പയുടെയും നിക്ഷേപങ്ങളുടെയും വളർച്ച, ഓഗസ്റ്റ് 4 ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ ശേഖരം എന്നിവ സംബന്ധിച്ച കണക്കുകള്‍ ഓഗസ്റ്റ് 11 ന് പുറത്തുവിടും.

യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ ഓഗസ്റ്റ് 11നാണ് വരുന്നത്. ജൂണിന് സമാനമായി പണപ്പെരുപ്പം ഏകദേശം 3 ശതമാനവും മുഖ്യ മേഖലകളിലെ പണപ്പെരുപ്പം ഏകദേശം 4.8 ശതമാനവുമായി തുടരുമെന്നാണ് ഭൂരിപക്ഷം അനലിസ്റ്റുകളും വിലയിരുത്തുന്നത്. യുഎസിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകളും യുകെ ജിഡിപി ഡാറ്റയും വിപണികളെ സ്വാധീനിക്കും.

ഈയാഴ്ചയിലെ ഐപിഒ-കള്‍

ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ഐ‌പി‌ഒ ഓഗസ്റ്റ് 10ന് ആരംഭിച്ച് ഓഗസ്റ്റ് 14ന് ക്ലോസ് ചെയ്യും, എൻ‌ബി‌എഫ്‌സി എസ്‌ബി‌എഫ്‌സി ഫിനാൻ‌സും ബയോടെക്‌നോളജി സ്ഥാപനമായ കോൺ‌കോർ‌ഡ് ബയോടെക്കും യഥാക്രമം ഓഗസ്റ്റ് 7, ഓഗസ്റ്റ് 8 തീയതികളിൽ തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പന അവസാനിപ്പിക്കും.

എസ്എംഇ വിഭാഗത്തിലെ ശ്രീവരി സ്‌പൈസസ് ആൻഡ് ഫുഡ്‌സിന്റെ ഐപിഒ ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 9 വരെയാണ് യുഡിസ് സൊല്യൂഷൻസിന്റെയും സംഗാനി ഹോസ്പിറ്റലുകളുടെയും പബ്ലിക് ഇഷ്യൂകൾ ഓഗസ്റ്റ് 8ന് അവസാനിക്കും. .

നോയിഡ ആസ്ഥാനമായുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ യാഥാർത്ഥ് ഹോസ്പിറ്റൽ ഓഗസ്റ്റ് 7 ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. ഖസാഞ്ചി ജ്വല്ലേഴ്‌സ് ഓഗസ്റ്റ് 7 ന് ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യപ്പെടും. സീൽ ഗ്ലോബൽ സർവീസസ്, ഒറിയാന പവർ എന്നിവ യഥാക്രമം ഓഗസ്റ്റ് 9, 11 തീയതികളിൽ എൻഎസ്ഇ എസ്എംഇ-യിൽ അരങ്ങേറ്റം കുറിക്കും.

വരാനിരിക്കുന്ന റിസള്‍ട്ടുകള്‍

റിസള്‍ട്ട് സീസണ്‍ അവസാനത്തിലേക്ക് കടക്കവേ ഈയാഴ്ച റിസള്‍ട്ട് പ്രഖ്യാപിക്കുന്ന കമ്പനികളില്‍ അദാനി പോർട്ട്സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ഒഎൻജിസി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ടാറ്റ പവർ, ഭാരത് ഫോർജ്, സീമെൻസ്, എബിബി ഇന്ത്യ, അരബിന്ദോ ഫാർമ, ഓയിൽ ഇന്ത്യ, സൈഡസ് ലൈഫ് സയൻസസ്, നൈകാ, പിഎഫ്‌സി, സീ എന്റർടൈൻമെന്റ്, ഇമാമി, ഗ്രാൻഡ് ഫാർമ, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, പിബി ഫിൻടെക്, ടോറന്റ് ഫാർമ, മൈൻഡ്‌സ്, ഐഡിയഫോർജ് ടെക്‌നോളജി, ബാറ്റ ഇന്ത്യ, ബർഗർ പെയിന്റ്‌സ്, ഐആർസിടിസി, അൽകെം ലബോറട്ടറീസ്, അപ്പോളോ ടയേഴ്‌സ്, ബയോകോൺ, ഇപ്‌ക ലാബ്‌സ്, മണപ്പുറം ഫിനാൻസ്, സംവർദ്ധന മദർസൺ ഇന്റർനാഷണൽ, അപ്പോളോ ഹോസ്പിറ്റൽസ്, ഗ്ലെൻമാർക്ക് ഫാർമ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, മുത്തൂറ്റ് ഫിനാൻസ്, എൻഎഎൽസിഒ എന്നിവ ഉള്‍പ്പെടുന്നു.

ആഗോള വിപണി പ്രവണതകൾ, എണ്ണവിലയിലെ ചലനം, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവർത്തനങ്ങൾ തുടങ്ങിയ മറ്റ് പ്രധാന ഘടകങ്ങളും ഈയാഴ്ചയിലെ നിക്ഷേപങ്ങളില്‍ സ്വാധീനം ചെലുത്തും. കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാർക്ക് 438.95 പോയിന്റ് അല്ലെങ്കിൽ 0.66 ശതമാനം ഇടിഞ്ഞു, നിഫ്റ്റി 129.05 പോയിന്റ് അല്ലെങ്കിൽ 0.65 ശതമാനം ഇടിഞ്ഞു.