4 Aug 2023 4:21 PM IST
Summary
- നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 16884.29 കോടി രൂപ അറ്റാദായം നേടി.
- അറ്റ പലിശ വരുമാനം 38904 കോടി രൂപയിലെത്തി.
- ഡിപ്പോസിറ്റ് 12 ശതമാനം വര്‍ധനയോടെ 45.31 ലക്ഷം കോടി രൂപയിലെത്തി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 16884.29 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 6068.08 കോടി രൂപയേക്കാള്‍ 178.24 ശതമാനം കൂടുതലാണിത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍വര്‍ഷമിതേകാലയളവിലെ 31197 കോടി രൂപയില്‍നിന്ന് 24.7 ശതമാനം വര്‍ധിച്ച് 38904 കോടി രൂപയിലെത്തി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ (എന്‍ഐഎം) 3.23 ശതമാനത്തില്‍നിന്ന് 3.47 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറിലിത് 3.84 ശതമാനമായിരുന്നു.
ബാങ്കിന്റെ നെറ്റ് നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷമിതേ കാലയളവിലെ ഒരു ശതമാനത്തില്‍നിന്ന് 0.71 ശതമാനമായി കുറഞ്ഞു. എന്നാല്‍ മാര്‍ച്ചിലിത് 0.67 ശതമാനമായിരുന്നു.
ബാങ്കിന്റെ ഡിപ്പോസിറ്റ് 12 ശതമാനം വര്‍ധനയോടെ മുന്‍വര്‍ഷമിതേ കാലയളവിലെ 40.45 ലക്ഷം കോടി രൂപയില്‍നിന്ന് 45.31 ലക്ഷം കോടി രൂപയിലെത്തി. വായ്പ 13.90 ശതമാനം വര്‍ധനയോടെ 3303731 കോടി രപയിലെത്തി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.56 ശതമാനവും കാസാ അനുപാതം 42.88 ശതമാനവുമാണ്.
മികച്ച പ്രവര്‍ത്തനഫല പ്രതീക്ഷയില്‍ എസ്ബിഐ ഓഹരികള്‍ മെച്ചപ്പെട്ടാണ് തുടങ്ങിയതെങ്കിലും ക്ലോസിംഗ് മൂന്നു ശതമാനത്തോളം താഴ്ന്ന് 573 രൂപയിലാണ്. വ്യാഴാഴ്ചത്തെ ക്ലോസിംഗ് 590.5 രൂപയായിരുന്നു. മാര്‍ച്ചിനെ അപേക്ഷിച്ച് എന്‍ഐഎം താഴ്ന്നതും കിട്ടാക്കടം നേരിയ തോതില്‍ വര്‍ധിച്ചതുമാണ് ഓഹരി വിലയെ പ്രതികൂലമായി ബാധിച്ചത്.