image

29 Aug 2023 5:17 PM IST

Market

ദിശനേടാന്‍ വിഷമിക്കുന്ന വിപണി

MyFin Desk

market struggling to find direction
X

Summary

  • നിഫ്റ്റി 36.7 പോയിന്റെ വര്‍ധിച്ച് 19342.70 പോയിന്റിൽ
  • സെന്‍സെക്‌സ് 79.22 പോയിന്റ് വര്‍ധിച്ച് 65075.82 പോയിന്റിൽ
  • ക്രൂഡോയില്‍ വില 80 ഡോളറിന് മുകളിലേക്ക്


വ്യതിയാനങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ബഞ്ചുമാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി 36.7 പോയിന്റെ വര്‍ധിച്ച് 19342.70 പോയിന്റിലും സെന്‍സെക്‌സ് 79.22 പോയിന്റ് വര്‍ധിച്ച് 65075.82 പോയിന്റിലും ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പോസീറ്റീവായി വിപണി ക്ലോസ് ചെയ്യുന്നത്. ലക്ഷ്യമില്ലാതെ നീങ്ങുന്ന പ്രവണതയാണ് കാണുന്നത്.

യു എസ്, യുറോപ്പ്, ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് രാവിലെ മെച്ചപ്പെട്ടു തുടങ്ങിയ ഇന്ത്യന്‍ വിപണി നേട്ടങ്ങള്‍ ഉപേക്ഷിക്കുന്നതാണ് കണ്ടത്. പ്രതിമാസ എഫ് ആന്‍ഡ് ഒ, നിഫ്റ്റി ബാങ്ക് എഫ് ആന്‍ഡ് ഒ ക്ലോസിംഗ് തുടങ്ങിയവ വരുംദിവസങ്ങളില്‍ എത്തുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയാണ് ട്രേഡര്‍മാരും നിക്ഷേപകരും നീങ്ങുന്നത്. ഉച്ചയ്ക്കു തുറന്ന യൂറോപ്യന്‍ വിപണികള്‍ പോസീറ്റീവായാണ് മുന്നോട്ടു നീങ്ങുന്നത്. രാവിലെ ഏഷ്യന്‍ വിപണികള്‍ നേരിയ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍ നിക്കി ഫ്യൂച്ചേഴ്‌സ് 100 പോയിന്റ് താഴെയാണ്.

രാവിലെ താഴ്ന്നു നിന്നിരുന്ന ക്രൂഡോയില്‍ വില 80 ഡോളറിന് മുകളിലേക്ക് ബാരലിന് എത്തിയിട്ടുണ്ട്. ബ്രെന്റ് ബാരലിന് 71 സെന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്.

നിഫ്റ്റി കണ്‍സോളിഡേഷന്‍ മനോഭാവത്തിലാണ്. നിഫ്റ്റിക്ക് 19400 പോയിന്റനു ചുറ്റളവില്‍ റെസിസ്റ്റന്‍സ് വര്‍ധിച്ചു വരികയാണ്. 19600 ആണ് മറ്റൊരു ശക്തമായ റെസിസ്റ്റന്‍സ് പോയിന്റ്. 19200-19300 പോയിന്റില്‍ സപ്പോര്‍ട്ട് ശക്തമാവുകയാണ്. ഓഗസ്റ്റ് 29-ന് തലേ ദിവസത്തെ ക്ലോസിംഗിന് താഴെപ്പോകാതെ നിഫ്റ്റി പിടിച്ചുനിന്നു.

സെക്ടര്‍ സൂചികകള്‍ എല്ലാംതന്നെ പോസീറ്റീവായി ക്ലോസ് ചെയ്തു. ഉയര്‍ച്ച നേരിയ തോതിലാണെന്നു മാത്രം. ഇന്ത്യ വിക്‌സ് 1.39 ശതമാനം കുറഞ്ഞു.

ഹിന്‍ഡാല്‍കോ 2.18 ശതമാനവും യുപിഎല്‍ 2.13 ശതമാനവും അദാനി പോര്‍ട്‌സ് 1.99 ശതമാനവും ഹീറോ മോട്ടോര്‍ 1.92 ശതമാനവും നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, എച്ച് യു എല്‍, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഡോ. റെഡ്ഡീസ് തുടങ്ങിയവ 1.74 ശതമാനം മുതല്‍ 0.9 ശതമാനം വരെ വിലയില്‍ നഷ്ടമുണ്ടാക്കി. ചില ചെറു, ഇടത്തരം ഓഹരികള്‍ നേട്ടമുണ്ടാക്കി. ഗെയിം കമ്പനി നസാര ടെക്‌നോളജീസ് 34.3 രൂപയും കോഫോര്‍ജ് 53.7 രൂപയും ഡിസിഎക്‌സ് ഇന്ത്യ 35.7 രൂപയും നേട്ടമുണ്ടാക്കി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7.7 ശതമാനത്തിനു ചുറ്റളവിലായിരിക്കുമെന്ന് മണി കണ്‍ട്രോള്‍ സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. 2023-24- മുഴുവര്‍ഷത്തെ വളര്‍ച്ച 6.2 ശതമാനമായിരിക്കുമെന്നും സര്‍വേ പറയുന്നു. മുന്‍വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവിലെ വളര്‍ച്ച 13.1 ശതമാനമായിരുന്നു. മുന്‍വര്‍ഷം നാലാം ക്വാര്‍ട്ടറിലെ (2023 ജനുവരി- മാര്‍ച്ച്) വളര്‍ച്ച 6.1 ശതമാനവും. ഓഗസ്റ്റ് 31-നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടുക.

ടെക്‌സ്റ്റൈല്‍, അപ്പാരല്‍ കമ്പനിയായ ഷൂറ ഡിസൈന്‍സ് ഓഹരികള്‍ ബിഎസ്ഇ എസ് എം ഇ പ്ലാറ്റ്‌ഫോമില്‍ 90 ശതമാനം പ്രീമിയത്തോടെ 91.20 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായ 48 രൂപ. പിന്നീട്‌ അപ്പര്‍ സര്‍ക്യൂട്ടായ 95.26 രൂപയില്‍ ക്ലോസ് ചെയ്തു.

അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ സ്ഥാപിതശേഷ പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റായി ഉയര്‍ത്തുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ് കമ്പനി പൊതുയോഗത്തില്‍ അറിയിച്ചു.

സ്‌മോള്‍കാപ് ഓഹരിയാ ഗോകുല്‍ദാസം എക്‌സ്‌പോര്‍ട്‌സ് 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടോടെ 736 രൂപയിലെത്തി. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അട്രാകോ ഗ്രൂപ് വാങ്ങുന്നതിനുള്ള കരാറില്‍ കമ്പനി ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വില കുതിച്ചത്. യു എസിലും യൂറോപ്പിലു ഇടപാടുകാര്‍ ഉള്ള ദുബായിയിലെ അപ്പാരല്‍ ഉത്പാദകരാണ് അട്രാകോ.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല