image

9 Oct 2023 4:32 PM IST

Stock Market Updates

2023-24 H1: 20 കമ്പനികൾ ക്യുഐപി വഴി സ്വരൂപിച്ചത് 18400 കോടി

MyFin Desk

2023-24 H1: 20 കമ്പനികൾ ക്യുഐപി വഴി സ്വരൂപിച്ചത് 18400 കോടി
X

Summary

  • കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമാഹരിച്ചത് 4022 കോടി രൂപ


ഇന്ത്യൻ സ്ഥാപനങ്ങൾ ധനസമാഹരണത്തിന് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) മാര്‍ഗം തെരഞ്ഞെടുക്കുന്നത് വർധിച്ചു വരുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 20 കമ്പനികൾ ക്യുഐപി-യിലൂടെ സ്വരൂപിച്ചത് 18,443 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമാഹരിച്ച 4022 കോടി രൂപയുടെ നാലിരട്ടിയോളമാണ് ഇത്.

ക്യുഐപി വഴിയുള്ള ധനസമാഹരണത്തിലെ വർധന നിക്ഷേപക വികാരത്തിലെ പുരോഗതിയെ സൂചിപ്പിക്കുന്നു. ഈ പ്രവണത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും നിലനിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വേഗത്തില്‍ സമാഹരണം സാധ്യമാക്കുന്ന മാര്‍ഗമാണ് ഇതെന്നതാണ് ലിസ്റ്റഡ് കമ്പനികളെ ഈ മാര്‍ഗം തെരഞ്ഞെടുപ്പാന്‍ പ്രേരിപ്പിക്കുന്നതെന്ന് ആനന്ദ് രതി ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഡയറക്ടറും ഇക്വിറ്റി ക്യാപിറ്റൽ മാർക്കറ്റ് മേധാവിയുമായ പ്രശാന്ത് റാവു പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള യൂണിയൻ ബാങ്ക് ക്യുഐപി വഴി സമാഹരിച്ചത് 5,000 കോടി രൂപയാണ്. മൂലധന അടിത്തറ വർധിപ്പിക്കാനാണ് ബാങ്ക് ഈ തുക വിനിയോഗിക്കുന്നത്. ബ്രൂക്ക്ഫീൽഡ് ഇന്ത്യ റിയൽ എസ്റ്റേറ്റ് ട്രസ്‍റ്റ് ക്യുഐപി വഴി 2,305 കോടി രൂപ നേടി.

ധനകാര്യ സേവന, വൈദ്യുതി ഉൽപ്പാദന കമ്പനികളാണ് കഴിഞ്ഞ 6 മാസങ്ങള്‍ക്കിടെ കൂടുതലായും ക്യുഐപിക്ക് എത്തിയത്. മൊത്തം സമാഹരിച്ച തുകയുടെ 70 ശതമാനം അഥവാ 12,890 കോടി രൂപ ഈ വിഭാഗങ്ങളിലെ കമ്പനികള്‍ക്കാണ്.