31 Aug 2023 3:36 PM IST
Summary
- എല്ലാ അദാനി ഓഹരികളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു
- മികച്ച നേട്ടവുമായി മാരുതി സുസുക്കി
മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി സൂചികകള്‍ ആദ്യ മണിക്കൂറിനു ശേഷം നേട്ടങ്ങള്‍ കൈവിട്ട് ഇടിവിലേക്ക് വീണു. അദാനി ഗ്രൂപ്പിനെതിരായ ഒസിസിആര്‍പി റിപ്പോര്‍ട്ട് വിപണികളുടെ വികാരത്തെ നെഗറ്റിവായി ബാധിച്ചു. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി എന്‍റർപ്രൈസസ് 3 . 73 ശതമാനം കുറഞ്ഞ് 2119 രൂപയിലും അദാനി ഗ്രീന്‍സ് 4 .31 ശതമാനം കുറഞ്ഞ് 928 . 65 രൂപയിലും അദാനി പോർട്സ് 3 . 24 ശതമാനം കുറഞ്ഞ് 792 രൂപയിലുമാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് 256 പോയിൻറ് ( 0.39 ശതമാനം) നഷ്ടത്തിൽ 64,831.41 ലും നിഫ്റ്റി 94 പോയിൻറ്( 0.48 ശതമാനം) നഷ്ടത്തിൽ 19,253.80 ലും വ്യാപാരം അവസാനിപ്പിച്ചു.
മാരുതി സുസുക്കി ഇന്ത്യ, ടൈറ്റൻ ,ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ജിയോ ഫിന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ജിയോ ഫിനാന്‍ഷ്യല്‍ രാവിലെ അപ്പർ സർക്യൂട്ടിലായിരുന്നുവെങ്കിലും ( 242 . 80 രൂപ) വിപണി ക്ലോസ് ചെയ്യാറായപ്പോള്‍ വ്യാപരത്തിലേക്ക് നീങ്ങി. ജിയോ ക്ലോസ് ചെയ്തത് 233 . 25 രൂപയിലാണ്. തലേ ദിവസത്തേക്കാള്‍ 2 . 25 രൂപയുടെ ഉയർച്ചയാണു ഉണ്ടായത്. ജിയോയെ സെപ്റ്റംബര്ർ ഒന്നിന് സെന്‍സസെക്സ് സൂചികകളില്‍ നിന്നു നീക്കം ചെയ്യുമെന്ന് ബിഎസ് ഇ അറിയിച്ചിട്ടുണ്ട്.
ആക്സിസ് ബാങ്ക്, ഇൻഡസ്‍ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാൻസ്, നെസ്‍ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.
ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രവണതകൾക്ക് സാക്ഷ്യം വഹിച്ചു, ജപ്പാൻ നേട്ടം കൈവരിച്ചപ്പോൾ ഹോങ്കോംഗ് ചൈന വിപണികള്‍ ഇടിവിലായിരുന്നു.
ബുധനാഴ്ച, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ആഭ്യന്തര ഇക്വിറ്റികളുടെ അറ്റ വിൽപ്പനക്കാരായിരുന്നു, 494.68 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് നടന്നത്.