16 Aug 2023 4:38 PM IST
Summary
- സെൻസെക്‌സ് പാക്കിലെ ഏറ്റവും വലിയ നേട്ടം അൾട്രാടെക് സിമന്റിന്
- സെഷന്‍റെ ഏറിയ സമയത്തും സൂചികകള്‍ നെഗറ്റിവ് ആയിരുന്നു
ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വ്യാപാര സെഷന്‍റെ തുടക്കത്തിലെ നഷ്ടങ്ങള്‍ നികത്തി വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തില്‍. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയിൽ, ഇൻഫോസിസ്, എൽ ആൻഡ് ടി, എം ആൻഡ് എം എന്നിവയില്‍ അവസാന ഘട്ടത്തില്‍ പ്രകടമായ ശക്തമായ വാങ്ങലാണ് സൂചികകളെ പച്ചയില്‍ എത്തിച്ചത്.
സെൻസെക്‌സ് 137.50 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 65,539.42 ൽ എത്തി. പകൽ സമയത്ത്, ഇത് 369.03 പോയിന്റ് അല്ലെങ്കിൽ 0.56 ശതമാനം ഇടിഞ്ഞ് 65,032.89 ആയി. എൻഎസ്ഇ നിഫ്റ്റി 30.45 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 19,465 ൽ അവസാനിച്ചു.
സെൻസെക്‌സ് പാക്കിലെ ഏറ്റവും വലിയ നേട്ടം അൾട്രാടെക് സിമന്റിനാണ്, 2.43 ശതമാനം ഉയർന്നു, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, വിപ്രോ, എസ്‌ബിഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. നേരെമറിച്ച്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് നഷ്ടം വരുത്തിയ പ്രധാന ഓഹരികള്‍.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികളിൽ കൂടുതലും പച്ച നിറത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.01 ശതമാനം ഉയർന്ന് ബാരലിന് 84.90 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 2,324.23 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. 'സ്വാതന്ത്ര്യദിനം' പ്രമാണിച്ച് ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 79.27 പോയിന്റ് അഥവാ 0.12 ശതമാനം ഉയർന്ന് 65,401.92 എന്ന നിലയിലെത്തി. നിഫ്റ്റി 6.25 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 19,434.55 ൽ അവസാനിച്ചു.