30 Jan 2024 6:00 PM IST
Summary
- അഞ്ച് വര്‍ഷത്തേക്കാണ് മെയിന്റനന്‍സ് പിന്തുണ നല്‍കുക.
ധനമന്ത്രാലയത്തിന്റ പ്രൊജക്ട് ഉള്‍പ്പെടെ 857.84 കോടി രൂപയുടെ ഓര്‍ഡറുകള്‍ സ്വന്തമാക്കി ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍). ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസില്‍ (സിബിഐസി) നിന്ന് 665.84 കോടി രൂപയുടെ (നികുതിയും കൂടി) ഓര്‍ഡര്‍ സര്‍ക്കാര്‍ സ്ഥാപനമായ ബിഇഎല്‍ നേടി.
ഐടി, നെറ്റ്വര്‍ക്കിംഗ് ഇന്‍ഫ്രാ, ഫീല്‍ഡ് ഐടി പിന്തുണ, കേന്ദ്രീകൃത മാനേജ്മെന്റ്, മോണിറ്ററിംഗ് എന്നിവ വിതരണം ചെയ്യുക, ഇന്‍സ്റ്റാള്‍ ചെയ്യുക, പരിപാലിക്കുക എന്നിവയാണ് പദ്ധതി. നടപ്പാക്കല്‍ കാലയളവ് ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തേക്ക് മെയിന്റനന്‍സ് പിന്തുണയും നൽകുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബിഇഎല്‍ മത്സരാടിസ്ഥാനത്തില്‍ ഏറ്റെടുത്ത ഏറ്റവും വലിയ സിവിലിയന്‍ പ്രോജക്റ്റുകളില്‍ ഒന്നാണിത്. വിവിധ സ്‌പെയറുകള്‍ക്കും സേവനങ്ങള്‍ക്കുമായി 182 കോടി രൂപയുടെ ഓര്‍ഡറുകളും ബിഇഎല്ലിന് ലഭിച്ചിട്ടുണ്ട്.
ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം 28,494 കോടി രൂപയുടെ മൊത്തം ഓര്‍ഡറുകള്‍ ബിഇഎല്ലിന് ലഭിച്ചു.
ബി ഇ എൽ ഓഹരി ഇന്ന് എൻ എസ് ഇ-യിൽ 1.57 ശതമാനം താഴ്ന്ന് 187.90 രൂപയിൽ അവസാനിച്ചു.