1 Sept 2023 3:35 PM IST
Summary
- അഞ്ച് വാരത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം വിപണികള്‍ ഈ വാരം നേട്ടത്തില്‍
ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നാലു പാദങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്കായ 7.8 ശതമാനം എപ്രില്‍-ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തിയതാണ് നിക്ഷേപക വികാരത്തെ പോസിറ്റിവ് ആക്കിയ പ്രധാന ഘടകം. അഞ്ച് വാരങ്ങളില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ വിപണികള്‍ ഈ വാരം മൊത്തത്തിലും നേട്ടത്തിലാണ്.
സെന്‍സെക്സ് 555.75 പോയിന്‍റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് 65,387.16ലും നിഫ്റ്റി 181.50 പോയിന്‍റ് അഥവാ 0.94 ശതമാനം ഉയര്‍ന്ന് 19,435.30ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിലെയും നിഫ്റ്റിയിലെയും ഭൂരിഭാഗം ഓഹരികളും പോസിറ്റീവ് മേഖലയിലാണ്. എൻടിപിസി, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, പവർ ഗ്രിഡ് തുടങ്ങിയവയാണ് ഇന്ന് മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍. അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, സൺ ഫാർമസ്യൂട്ടിക്കൽ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയാണ് നഷ്ടം വരുത്തിയ ഓഹരികള്‍
ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും വെള്ളിയാഴ്ച നേട്ടത്തിലാണ്, യൂറോപ്യൻ, യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലായിരുന്നു. ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 87.02 ഡോളറായി നേരിയ തോതിൽ ഉയർന്നു.
വ്യാഴാഴ്ച സെൻസെക്‌സ് 255.84 പോയിന്റ് താഴ്ന്ന് 64,831.41 പോയിന്റിലും നിഫ്റ്റി 93.65 പോയിന്റ് താഴ്ന്ന് 19,253.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 2,973.10 കോടി രൂപയുടെ ഓഹരികൾ ഓഫ്ലോഡ് ചെയ്തതിനാൽ വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ആഭ്യന്തര ഓഹരികളുടെ അറ്റ വിൽപ്പനക്കാരായിരുന്നു.