19 March 2026 11:43 AM IST
ബെയിൻ കാപിറ്റലിൻ്റെ 4,385 കോടി രൂപ; മുന്നേറുമോ മണപ്പുറം ഫിനാൻസ് ഓഹരികൾ?
MyFin Desk
Summary
2026 ൽ ഇതുവരെ 14 ശതമാനമാണ് ഇടിഞ്ഞ മണപ്പുറം ഫിനാൻസ് ഓഹരികൾക്ക് ബെയിൻ കാപിറ്റലിൻ്റെ 4,385 കോടി രൂപ നിക്ഷേപം നേട്ടമാകുമോ? ബ്രോക്കറേജുകൾ പറയുന്നത് ഇതാണ്!
മണപ്പുറം ഫിനാൻസിലെ ബെയിൻ ക്യാപിറ്റലിന്റെ 4,385 കോടി രൂപയുടെ നിക്ഷേപത്തിന് ആർബിഐ അനുമതി നൽകിയതോടെ ഓഹരികൾ ശ്രദ്ധയാകർഷിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് ബെയിൻ ക്യാപിറ്റൽ. കമ്പനിയുടെ 41.66 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നത്. നിലവിലുള്ള പ്രൊമോട്ടർമാർ 28.9 ശതമാനം ഓഹരികൾ കൈവശം വയ്ക്കും.
2027-28 സാമ്പത്തിക വർഷത്തിലെ നെറ്റ് ഇൻ്ററസ്റ്റ് മാർജിൻ ഏറ്റവും താഴ്ന്ന നിലയിലായിരിക്കാൻ സാധ്യതയുണ്ടെന്ന് ജെഫ്രീസ് ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പുതിയ സിഇഒ കൈക്കൊള്ളുന്ന നയങ്ങൾ നിർണായകമാകും എന്നതിനാൽ ഓഹരിയിലെ റീ റേറ്റിങ്ങിനായി അൽപ്പം കൂടെ കാത്തിരിക്കുകയാണ് ബ്രോക്കറേജ്. 285 രൂപയാണ് നിലവിൽ ജെഫ്രീസ് നൽകിയിരിക്കുന്ന ടാർഗറ്റ് വില. നാലാം പാദത്തോടെ പുതിയ സിഇഒ എത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ സിഇഒ ആയ ദീപക് റെഡ്ഡി ഫെബ്രുവരി 25 മുതൽ മെഡിക്കൽ ലീവിലാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിദേശ ചികിത്സക്കായി എടുത്തിരിക്കുന്ന ലോങ് ലീവ് നടപടിക്രമങ്ങൾ വൈകിപ്പിക്കാം.
315 രൂപയാണ് മോർഗൻ സ്റ്റാൻലി നൽകിയിരിക്കുന്ന ടാർഗറ്റ് വില. ബെയിൻ കാപിറ്റലുമായുള്ള ഇടപാട് പൂർത്തിയാകുന്നത് ഹ്രസ്വകാലത്ത് ഓഹരിയിൽ ഒരു പോസിറ്റീവ് സ്വാധീനം ചെലുത്താമെന്നാണ് കമ്പനിയുടെ നിരീക്ഷണം.
ഓഹരി വില ഇങ്ങനെ
ബുധനാഴ്ച ഓഹരികൾ 5.65 ശതമാനം ഉയർന്ന് 271.35 രൂപയിലാണ് ക്ലോസ് ചെയ്തത്. രാവിലെ 11 .30 ഓടെ മണപ്പുറം ഫിനാൻസ് ഓഹരികൾ 267 .75 രൂപയിലാണ്. 52 ആഴ്ചയിലെ ഉയർന്ന നിരക്ക് 321 .60 രൂപയാണ്. താഴ്ന്ന നിരക്ക് 210 .51 രൂപയും. 2026 ൽ ഇതുവരെ ഓഹരിയിൽ 14 ശതമാനമാണ് ഇടിവ്.
പഠിക്കാം & സമ്പാദിക്കാം
Home
