21 April 2025 6:03 PM IST
Summary
നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിപണി വിദഗ്ധര്‍
അഞ്ച് ട്രില്യണ്‍ ഡോളര്‍ മറികടന്ന് ബിഎസ്ഇ കമ്പനികളുടെ വിപണി മൂലധനം. തിരിച്ച് വരവ് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം. നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിപണി വിദഗ്ധര്‍.
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിര്‍ണായക ദിശയിലെത്തിയിരിക്കെയാണ് സൂചികകളുടെ തിരിച്ച് വരവ്. ലാര്‍ജ്, മിഡ്, സ്മോള്‍കാപ്പ് ഓഹരികളിലെയും പിഎസ് യു ഓഹരികളിലെയും മികച്ച പ്രകടനമാണ് ആഭ്യന്തര വിപണിയിലെ കുതിപ്പിന് കാരണമായത്.
നിലവില്‍, യുഎസ്, ചൈന, ജപ്പാന്‍, ഹോങ്കോംഗ് എന്നിവയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്ക് 5 ട്രില്യണ്‍ ഡോളറില്‍ കൂടുതലുള്ള വിപണി മൂലധനമുണ്ട്. ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനും വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിച്ചു.
കമ്പനികള്‍ ജൂണ്‍ പാദത്തില്‍ 2-3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രാരംഭ കണക്കുകളും കരുത്തായി. വിദേശ നിക്ഷേപകരുടെ തിരിച്ച് വരവാണ് റാലിയ്ക്ക് തുണയായ മറ്റൊരു വസ്തുത. കഴിഞ്ഞ രണ്ട് സെഷനുകളിലായി 1 ബില്യണ്‍ ഡോളറിലധികം അറ്റ നിക്ഷേപം വിദേശീയരില്‍ നിന്നുണ്ടായെന്നും ഡേറ്റകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ബുള്ളിഷ് വികാരം ശക്തമാണെങ്കിലും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെക്കുറിച്ച് നിക്ഷേപകര്‍ ജാഗ്രത പാലിക്കമെന്ന് വെഞ്ചുറയിലെ ഗവേഷണ മേധാവി വിനിത് ബൊളിഞ്ച്കര്‍ പറഞ്ഞു.അതേസമയം, നിലവിലെ നിലവാരത്തില്‍ നിന്ന് 510 ശതമാനം വരെ ഉയര്‍ച്ചയോടെ റാലി തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വ്യക്തമാക്കിയത്. സ്മോള്‍ക്യാപ് ഓഹരികള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുന്നതായും ബ്രോക്കറേജ് പറയുന്നു.