29 Jan 2024 3:50 PM IST
തിരിച്ചുകയറി കാളകള്‍; 1.8 % നേട്ടത്തോടെ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ക്ലോസിംഗ്
MyFin Desk
Summary
- റിലയന്‍സിന് മികച്ച നേട്ടം
- ഓയില്‍-ഗ്യാസ് സൂചിക 5 ശതമാനത്തിലധികം കയറി
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
12 ആഴ്ചകള്‍ക്കിടയിലെ ഏറ്റവും വലിയ താഴോട്ടിറക്കമായിരുന്നു കഴിഞ്ഞയാഴ്ച വിപണിയില്‍ രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ അതില്‍ നിന്നുള്ള ശക്തമായ വീണ്ടെടുപ്പാണ് ഇന്ന് കാണാനായത്. നിഫ്റ്റിയില്‍ 5 ശതമാനത്തോളം കയറിയ ഓയില്‍-ആന്‍ഡ് ഗ്യാസ് വിഭാഗമാണ് ഏറ്റവും വലിയ നേട്ടം പ്രകടമാക്കിയത്. വിപണിയിലെ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ക്കുണ്ടായ വലിയ ആവശ്യകതയും ചെങ്കടലിലെ പ്രതിസന്ധിയും ഇതില്‍ മുഖ്യ പങ്കുവഹിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സൂചിക രണ്ട് ശതമാനത്തിലധികം കയറി. ആഗോള വിപണികളില്‍ നിന്നുള്ള പൊസിറ്റിവ് പ്രവണതകളും ഇന്ന് ആഭ്യന്തര നിക്ഷേപകരുടെ പൊസിറ്റിവ് വികാരത്തെ പിന്തുണച്ചു.
സെന്‍സെക്സ് 1240.90 പോയിന്‍റ് അഥവാ 1.76 ശതമാനം നേട്ടത്തോടെ 71,941.57ല്‍ എത്തി. നിഫ്റ്റി 385.00 പോയിന്‍റ് അഥവാ 1.8 ശതമാനം കയറി 21,737.60ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.63 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 1.49 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.68 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.03 ശതമാനവും നേട്ടമുണ്ടാക്കി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ എല്ലാ സെക്റ്ററല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓയില്‍-ഗ്യാസ് സൂചികയാണ് ഏറ്റവും വലിയ നേട്ടം പ്രകടമാക്കിയത്, 5.18 ശതമാനം. പൊതുമേഖലാ ബാങ്ക് സൂചികയും വലിയ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്, 2.43 ശതമാനം . ബാങ്ക്, ധനകാര്യ സേവനങ്ങള്‍, ഓട്ടോ, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, മെറ്റല്‍ എന്നിവയും 1 ശതമാനത്തിനു മുകളില്‍ കയറി.
നിഫ്റ്റി 50-യില്‍ ഒഎന്‍ജിസി (8.89%), റിലയന്‍സ് (6.80%), കോള്‍ ഇന്ത്യ (6.20%),അദാനി എന്‍റര്‍പ്രൈസസ് (5.79%), അദാനി പോര്‍ട്‍സ് (4.20%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സിപ്ല (2.05%), ഐടിസി (1.53%), ഇന്‍ഫോസിസ് (1.08%), എല്‍ടിഐഎം (0.78%), ബജാജ് ഓട്ടോ (0.43%), എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ റിലയന്‍സ് (6.86 %) ടാറ്റ മോട്ടോര്‍സ് (3.64 %), പവര്‍ ഗ്രിഡ് (3.40 %), എല്‍ടി (3.40 %), എന്നിവ മികച്ച നേട്ടം കൊയ്തു. ഐടിസി (1.20 %), ഇന്‍ഫോസിസ് (0.89 %), ജെഎസ്ഡബ്ല്യു സ്‍റ്റീല്‍ (0.48 %), ടെക് മഹീന്ദ്ര (0.38 %), ടിസിഎസ് (0.18 %) എന്നിവ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്‍റെ നിക്കി എന്നിവയെല്ലാം നേട്ടത്തിലാണ്. അതേസമയം ചൈനയുടെ ഷാങ്ഹായ് ഇടിവ് രേഖപ്പെടുത്തി.