17 Aug 2023 2:56 PM IST
Summary
- കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അതിന്റെ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണുകളാണ് നല്‍കിയത്
- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌റ്റോക്ക് 165 ശതമാനത്തിലധികമാണ് ഉയര്‍ന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി മൂന്ന് ദിവസത്തിനിടെ മുന്നേറിയത് 40 ശതമാനത്തോളം. ജൂണ്‍ പാദത്തില്‍ ശക്തമായ ഫലം പ്രഖ്യാപിച്ചതിനു ശേഷമാണ് ഓഹരി ഉയര്‍ന്നതെന്ന് എല്‍കെപി സെക്യൂരിറ്റീസ് പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 2022-ലെ ജൂണ്‍ പാദഫലം പ്രഖ്യാപിച്ചപ്പോള്‍ സംയോജിത അറ്റാദായം (കണ്‍സോളിഡേറ്റഡ് നെറ്റ് പ്രോഫിറ്റ്) 42.18 കോടി രൂപയായിരുന്നു. 2023 ജൂണിലെത്തിയപ്പോള്‍ സംയോജിത അറ്റാദായം 98.65 കോടി രൂപയിലെത്തി. 135 ശതമാനത്തിന്റെ വര്‍ധന.
ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് വ്യാപാരം നടക്കുമ്പോള്‍ എന്‍എസ്ഇയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില ഒന്നിന് 880.80 രൂപയായിരുന്നു. ബിഎസ്ഇയില്‍ 881.60 രൂപയുമായിരുന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അതിന്റെ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണുകളാണ് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌റ്റോക്ക് 165 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
ഏറ്റവും വലിയ കപ്പല്‍ നിര്‍മിക്കാനുള്ള സൗകര്യത്തിനു പുറമെ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നിര്‍മിച്ചതിലൂടെ പ്രതിരോധ കപ്പലുകള്‍ നിര്‍മിക്കാനുള്ള കഴിവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തെളിയിക്കുകയുണ്ടായി.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കപ്പലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിക്കുകയാണ്. 21,000 കോടി രൂപയുടെ ഓര്‍ഡര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു ലഭിച്ചിട്ടുണ്ടെന്ന് എല്‍കെപി സെക്യൂരിറ്റീസ് പറയുന്നു. ഈ ഓര്‍ഡറിന്റെ പിന്‍ബലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം കമ്പനി നല്ല മുന്നേറ്റം നടത്തുമെന്നും പ്രതീക്ഷിക്കുന്നു.