28 Jun 2024 4:45 PM IST
Summary
- ആഭ്യന്തര സൂചികകൾ അഞ്ചാം ദിവസം ക്ലോസ് ചെയ്തത് ചുവപ്പിലാണ്
- ജൂണിൽ രണ്ട് സൂചികകളും ഉയർന്നത് 6.5 ശതമാനം വീതമാണ്
- ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു
തുടർച്ചയായി നാല് ദിവസം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ആഭ്യന്തര സൂചികകൾ അഞ്ചാം ദിവസം ക്ലോസ് ചെയ്തത് ചുവപ്പിലാണ്. ആഗോള വിപണികളിൽ പോസിറ്റീവ് ട്രെൻഡ് ഉണ്ടായിരുന്നിട്ടും നിക്ഷേപകർ ബാങ്കിംഗ്, ഫിനാൻസ്, ടെക് ഓഹരികളിൽ ലാഭമെടുത്തത് വിപണിയെ തളർത്തി. തുടക്ക വ്യപാരത്തിൽ പുതു ഉയരങ്ങൾ താണ്ടിയ സൂചികകൾ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിലാണ് ഇടിവിലേക്ക് നീങ്ങിയത്. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിലായി സെൻസെക് ഉയർന്നത് 2,033.28 പോയിൻ്റ് അഥവാ 2.63 ശതമാനമാണ്. ജൂണിൽ രണ്ട് സൂചികകളും ഉയർന്നത് 6.5 ശതമാനം വീതമാണ്.
ആദ്യകാല വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയ ശേഷം സെൻസ്ക്സ് 210.45 പോയിൻ്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 79,032.73 ആണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരമധ്യേ സൂചിക 428.4 പോയിൻ്റ് അഥവാ 0.54 ശതമാനം ഉയർന്ന് 79,671.58 എന്ന പുതിയ റെക്കോർഡിലെത്തിയിരുന്നു.
നിഫ്റ്റി 33.90 പോയിൻറ് അഥവാ 0.14 ശതമാനം താഴ്ന്ന് 24,010.60 ൽ ആണ് ക്ലോസ് ചെയ്തത്. ഇടവ്യാപാരത്തിൽ സൂചിക 129.5 പോയിൻ്റ് അഥവാ 0.53 ശതമാനം ഉയർന്ന് 24,174 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു.
സെൻസെക്‌സിൽ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ ഇടിഞ്ഞു.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഹെൽത്ത് കെയർ, മെറ്റൽ, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനവും മൂലധന കാപിറ്റൽ ഗുഡ്സ് സൂചിക 0.4 ശതമാനവും ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 7,658.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.89 ശതമാനം ഉയർന്ന് ബാരലിന് 87.16 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഉയർന്ന് 83.38 എത്തി. സ്വർണം ട്രോയ് ഔൺസിന് 0.40 ശതമാനം ഉയർന്ന് 2346 ഡോളറിലെത്തി.