26 Nov 2023 1:14 PM IST
എക്സിറ്റ് പോള്‍, ജിഡിപി കണക്കുകള്‍; ഈ വാരത്തില്‍ ദലാല്‍ തെരുവിനെ സ്വാധീനിക്കുക എന്തെല്ലാം?
Sandeep P S
Summary
- എഫ്ഐഐ വരവ്, ക്രൂഡ് വില എന്നിവയും നിക്ഷേപകരെ ആകര്‍ഷിക്കും
- നവംബറിലെ വാഹന വില്‍പ്പന കണക്കുകള്‍ ഡിസംബര്‍ 1 മുതല്‍ അറിയാം
- യുഎസ് മൂന്നാം പാദ ജിഡിപി-യുടെ രണ്ടാമത്തെ എസ്‍റ്റിമേറ്റ് നവംബര്‍ 29ന്
തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടത്തിലാണ് ആഭ്യന്തര വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് എങ്കിലും മുന്‍വാരങ്ങളെ അപേക്ഷിച്ച് നേട്ടം പരിമിതമായി. ആഗോളവും ആഭ്യന്തരവുമായ പ്രധാന സൂചനകളൊന്നും ഇല്ലാതിരുന്ന വാരത്തില്‍ കൃത്യമായ വിപണി ദിശ കണ്ടെത്താനാകാതെ നിക്ഷേപകരില്‍ ആശയക്കുഴപ്പം പ്രകടമായി.
നിഫ്റ്റി 63 പോയിന്റ് ഉയർന്ന് 19,795 ലും ബിഎസ്ഇ സെൻസെക്സ് 175 പോയിന്റ് ഉയർന്ന് 65,970 ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.6 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.4 ശതമാനവും ഇടിഞ്ഞു.
ഗുരു നാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച വിപണി അവധിയായതിനാല്‍ 4 വ്യാപാര ദിനങ്ങള്‍ മാത്രമാണ് ഇനി വരുന്ന വിപണി വാരത്തിലുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോളുകൾ, സെപ്തംബർ പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച, യുഎസിന്‍റെ മൂന്നാംപാദ ജിഡിപി സംബന്ധിച്ച പുതുക്കിയ ഡാറ്റ, നവംബറിലെ പിഎംഐ കണക്ക് എന്നിവയാകും ഈ വാരം ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.
ക്രൂഡ് ഓയില്‍ വില, യുഎസ് ട്രഷറി ആദായം, ഡോളര്‍ സൂചിക എന്നിവയിലെ കയറ്റിറക്കങ്ങളും നിക്ഷേപകരെ സ്വാധീനിക്കും.
എക്സിറ്റ് പോള്‍ ഫലങ്ങള്‍
മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നവംബർ 30ന് പൂര്‍ത്തിയാകും. വോട്ടെടുപ്പിന് ശേഷം നവംബർ 30ന് വൈകുന്നേരം മുതല്‍ പുറത്തിറങ്ങുന്ന എക്സിറ്റ് പോൾ പ്രവചനങ്ങളായിരിക്കും ഈയാഴ്ച വിപണിയില്‍ ഏറ്റവുമധികം സ്വാധീനിക്കുന്ന ആഭ്യന്തര ഘടകം. തെലങ്കാനയിൽ ഒഴികെ മറ്റ് നാല് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.
അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തിലെ ഭരണത്തുടര്‍ച്ചയുടെ സാധ്യതകള്‍ കൂടി വെളിവാക്കുന്നതാകും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക വളര്‍ച്ചാ കണക്കുകള്‍
ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ നവംബര്‍ 30ന് പുറത്തുവിടും. ഏകദേശം 6.8-7.0 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 7.8 ശതമാനം വളർച്ചയേക്കാൾ കുറവാണ് ഇത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് ബാർക്ലേസ് ഇന്ത്യ കണക്കാക്കുന്നത്. ആഭ്യന്തര ഉപഭോഗം, ഉയര്‍ന്ന മൂലധന ചെലവിടല്‍, യൂട്ടിലിറ്റീസ് മേഖലകളിലെ ശക്തമായ വളർച്ച എന്നിങ്ങനെ അടിസ്ഥാന വളർച്ചാ പ്രവണതകൾ ഇന്ത്യയിൽ ശക്തമായി തുടരുന്നുവെന്ന് ബാര്‍ക്ലേസ് വിലയിരുത്തുന്നു.
എസ്ബിഐ റിസർച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പാദത്തിൽ ഏകദേശം 7 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.
യുഎസിന്‍റെ ജിഡിപി കണക്കുകള്‍
നവംബർ 29-ന് പുറത്തിറക്കുന്ന മൂന്നാം പാദ യുഎസ് ജിഡിപി വളർച്ചാ എസ്റ്റിമേറ്റിലാണ് ആഗോളതലത്തിൽ നിക്ഷേപകർ ശ്രദ്ധ പുലർത്തും,ഫെഡറൽ റിസർവ് പുറത്തിറക്കുന്ന ഒരു പ്രധാന ഡാറ്റയായാണ് ഇത് കണക്കാക്കുന്നത്. ഒക്റ്റോബറില്‍ പുറത്തിറക്കിയ ആദ്യ എസ്‍റ്റിമേറ്റ് പ്രകാരം 2023 മൂന്നാം പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ 4.9 ശതമാനം വാർഷിക വേഗതയിൽ വളർന്നു. രണ്ടാം പാദത്തിൽ 2.1 ശതമാനം വളര്‍ച്ച യുഎസ് സമ്പദ് വ്യവസ്ഥയ്ക്കുണ്ടായെന്നാണ് കണക്കാക്കുന്നത്.
കൂടാതെ, യഥാർത്ഥ ഉപഭോക്തൃ ചെലവുകള്‍ സംബന്ധിച്ച അടുത്ത എസ്റ്റിമേറ്റും ഫെഡ് റിസര്‍ന് അതേ ദിവസം പ്രഖ്യാപിക്കും. വെള്ളിയാഴ്ച ഫെഡ് ചെയര്‍ ജെറോം പവ്വല്‍ നടത്താനിരിക്കുന്ന ആഗോള തലത്തില്‍ നിക്ഷേപകര്‍ കാതോര്‍ക്കുന്നുണ്ട്.
നവംബര്‍ ഡാറ്റകള്‍
നവംബറിലെ പ്രതിമാസ വാഹന വിൽപ്പനയുടെ കണക്കുകള്‍ ഡിസംബര്‍ 1 മുതല്‍ പുറത്തുവരും. ദീപാവലി വിൽപ്പന എങ്ങനെ എന്നറിയാന്‍ ഈ ഡാറ്റകള്‍ നിക്ഷേപകര്‍ സവിശേഷമായി പരിശോധിക്കും. നിഫ്റ്റി ഓട്ടോ സൂചിക സമീപകാലത്ത് ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്ന വിഭാഗമാണ്. ഈ മാസത്തിൽ വിശാലമായ നിഫ്റ്റി സൂചിക 3.5 ശതമാനം നേട്ടമാണ് ഉണ്ടാക്കിയതെങ്കില്‍ നിഫ്റ്റി ഓട്ടോ സൂചിക 7 ശതമാനം ഉയർന്നു.
നവംബറിലെ മാനുഫാക്ചറിംഗ് പിഎംഐ സംബന്ധിച്ച കണക്കുകളും ഡിസംബര്‍ 1ന് പുറത്തുവന്നേക്കും.
വിദേശ ഫണ്ടുകളുടെ ഗതി
ഏതാനും ആഴ്ചകൾക്കുശേഷം പോയ വാരത്തില്‍ വിദേശ നിക്ഷേപക സ്ഥാനങ്ങള്‍ (എഫ്ഐഐ) അറ്റ വാങ്ങലുകാരായി മാറിയതിനാല്‍ എഫ്‌ഐഐ നിക്ഷേപങ്ങളുടെ ഗതിയും ശ്രദ്ധ നേടും. യുഎസ് ബോണ്ട് വരുമാനം 5 ശതമാനത്തിൽ നിന്ന് ഏകദേശം 4.4 ശതമാനമായി ഇടിഞ്ഞത്, യുഎസിലെ പണപ്പെരുപ്പം കുറയുന്നത്, ഫെഡറൽ റിസർവ് നിരക്ക് വർധനയുടെ ചക്രം അവസാനിപ്പിക്കുന്നു എന്ന സൂചന എന്നിവയെല്ലാമാണ് എഫ്‌ഐഐകള്‍ വാങ്ങലിലേക്ക് തിരിയുമെന്ന നിഗമനത്തിന് പിന്നിലുള്ളത്.
അവർ പോയ വാരം ക്യാഷ് സെഗ്‌മെന്റിൽ 1,473 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2,112 കോടി രൂപയുടെ അറ്റവാങ്ങലാണ് നടത്തിയത്.