17 Sept 2023 10:54 AM IST
Summary
- ചൈനയുടെ വീണ്ടെടുപ്പ് ക്രൂഡ് വില ഇനിയും ഉയര്‍ത്തും
- ഫെഡ് റിസര്‍വ് പ്രഖ്യാപനം സെപ്റ്റംബര്‍ 20ന്
തുടര്‍ച്ചയായ മൂന്നാം വാരത്തിലും രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെപ്റ്റംബര്‍ ആദ്യ ദിനം മുതല്‍ തുടങ്ങിയ റാലി വിപണികള്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോയി. ഈ മാസത്തില്‍, ഒരു ദിവസത്തില്‍ മാത്രം നാമമാത്രമായ ഇടിവ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയത് മാറ്റി നിര്‍ത്തിയാല്‍ പച്ചപ്പിലാണ് വിപണിയിലെ എല്ലാ വ്യാപാരദിനങ്ങളും അവസാനിച്ചത്.
റെക്കോഡ് ഉയരങ്ങളില്‍ വിപണി
ജൂലായിലെ വ്യാവസായിക ഉൽപ്പാദനം മെച്ചപ്പെട്ടത്, ഓഗസ്റ്റിലെ പണപ്പെരുപ്പം ജൂലൈയെ അപേക്ഷിച്ച് കുറഞ്ഞത്, യുഎസിലെ പ്രധാന പണപ്പെരുപ്പത്തിലെ ഇടിവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് വർദ്ധനവ് നിർത്തുമെന്ന് സൂചന നൽകിയത് എന്നിവയെല്ലാം കഴിഞ്ഞ വാരത്തില്‍ നിക്ഷേപകരുടെ വികാരത്തെ പിന്നതുണച്ച്. അതേസമയം ക്രൂഡ് ഓയിൽ വില 10 മാസത്തെ ഉയർന്ന നിരക്കിലെത്തിയതും ഉയര്‍ന്ന മൂല്യനിര്‍ണയവും പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ തുടരുന്നതും പോലുള്ള നെഗറ്റിവ് ഘടകങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല.
സെപ്തംബർ 15 ന് അവസാനിച്ച ആഴ്ചയിൽ ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ക്ലോസിംഗ് നിലയിലെത്തി, ബിഎസ്ഇ സെൻസെക്സ് 1,240 പോയിന്റ് (1.9 ശതമാനം) ഉയർന്ന് 67,839 ലും നിഫ്റ്റി 50 372 പോയിന്റ് (1.9 ശതമാനം) ഉയർന്ന് 20,192 ലും എത്തി. ഓട്ടോ, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, സാങ്കേതികവിദ്യ, ഫാർമ എന്നീ മേഖലകളില്‍ മികച്ച വാങ്ങല്‍ പ്രകടമായി.
വരുന്ന വാരത്തിലും നിക്ഷേപകര്‍ക്കിടയില്‍ പോസിറ്റിവ് വികാരം തുടരാനാണ് സാധ്യത എങ്കിലും ക്രൂഡ് വില ഇനിയും ഉയരുന്നതും ഫെഡ് റിസര്‍വ് ധനനയസമിതി യോഗത്തിന്‍റെ പ്രഖ്യാപനങ്ങളും വിപണികളുടെ ഗതിയെ നിര്‍ണയിച്ചേക്കും.
പൗവ്വലും സംഘവും കരുതിവെച്ചിരിക്കുന്നത്
ആഗോള നിക്ഷേപകർ ഈ വാരത്തില്‍ കാതോര്‍ക്കുന്ന പ്രധാന കാര്യം പലിശ നിരക്ക് സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വ് നടത്തുന്ന പ്രഖ്യാപനമാണ്. രണ്ട് ദിവസത്തെ എഫ്ഒഎംസി യോഗത്തിന് ശേഷം സെപ്റ്റംബർ 20ന് തങ്ങളുടെ വീക്ഷണങ്ങളും പലിശ നിരക്ക് സംബന്ധിച്ച തീരുമാനവും യുഎസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിക്കും. സെപ്തംബർ മീറ്റിംഗിൽ നിരക്ക് വർദ്ധന താൽക്കാലികമായി നിർത്താനും ഫെഡറൽ ഫണ്ട് നിരക്ക് 5.25-5.5 ശതമാനം പരിധിയിൽ നിലനിർത്താനും തീരുമാനിക്കുമെന്നും നവംബറിലോ ഡിസംബറിലോ ഒരു നിരക്ക് വര്‍ധന ഉണ്ടായേക്കാം എന്നുമാണ് സാമ്പത്തിക വിദഗ്ധരില്‍ ഏറെയും പ്രതീക്ഷിക്കുന്നത്.
ആവശ്യമെങ്കിൽ നിരക്ക് ഇനിയും വർധിപ്പിക്കാൻ കേന്ദ്ര ബാങ്ക് തയ്യാറാണെന്നും പണപ്പെരുപ്പം 2 ശതമാനം എന്ന ലക്ഷ്യത്തിലെത്തുന്നത് വരെ വായ്പാ ചെലവ് ഉയർന്ന നിലയിൽ നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഫെഡ് റിസർവ് ചീഫ് ജെറോം പൗവല്‍ ആവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ജൂലൈയിലെ 3.2 ശതമാനത്തിൽ നിന്ന് റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.7 ശതമാനമായി വർദ്ധിച്ചു, എന്നാൽ പ്രധാന പണപ്പെരുപ്പം (ഊർജ്ജ, ഭക്ഷ്യ വിലകൾ ഒഴികെ) 4.7 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറഞ്ഞു.
ഉയർന്ന വിലകൾക്കിടയിലും റീട്ടെയിൽ വിൽപ്പനയിൽ 0.6 ശതമാനം വളർച്ചയുണ്ടായി, എന്നാൽ ഉയർന്ന പലിശനിരക്ക് തൊഴിൽ വിപണിയെ ബാധിക്കുമെന്ന് വിദഗ്ധർ കരുതുന്നു, യുഎസിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിലെ 3.5 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 3.8 ശതമാനമായി ഉയർന്നു.
ക്രൂഡ് വില ഉയര്‍ന്നു തന്നെ
ഒപെക് + രാജ്യങ്ങളുടെ വിതരണം കൂടുതൽ കർശനമാക്കിയതിനെത്തുടർന്ന് കഴിഞ്ഞ വാരത്തില്‍ എണ്ണ വില 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഉത്തേജക നടപടികളുടെ ഫലമായി ചൈനീസ് സമ്പദ്‌വ്യവസ്ഥ ഡിസംബർ പാദത്തിൽ വീണ്ടെടുക്കൽ കാണിക്കുകയാണെങ്കിൽ ആവശ്യകതയിലും ഉയര്‍ച്ച പ്രകടമാകും. ഇത് വരുന്ന പാദത്തിൽ ബാരലിന് 100 ഡോളറിന് മുകളിലേക്ക് ബ്രെന്‍റ് ക്രൂഡ് വില പോകുന്ന സാഹചര്യം സൃഷ്ടിക്കാം. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ നിക്ഷേപകര്‍ എണ്ണവിലയിൽ ശ്രദ്ധ പുലർത്തും.
അന്താരാഷ്‌ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് തുടർച്ചയായ മൂന്നാം ആഴ്ചയും ഉയര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 93.93 ഡോളറിലെത്തി, 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നില, ആഴ്ചയിലെ 3.62 ശതമാനം ഉയർന്നു. ജൂണിലെ താഴ്ന്ന വിലയില്‍ നിന്ന് ഏകദേശം 30 ശതമാനത്തിലധികം ഉയർച്ച എണ്ണ വിലയില്‍ ഉണ്ടായി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
കഴിഞ്ഞ ആഴ്‌ചയും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) അറ്റ വിൽപ്പനക്കാരായി തുടരുകയാണ്. എന്നാല്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് പുറത്തേക്കുള്ള ഒഴുക്ക് കുറഞ്ഞ് 747 കോടി രൂപയിലേക്ക് എത്തി. സെപ്റ്റംബറിൽ ഇതുവരെ, ക്യാഷ് സെഗ്‌മെന്റിൽ 9,580 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകളുടെ അറ്റ വില്‍പ്പന. എന്നാൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാസം 10,000 കോടിയിലധികം രൂപ മൂല്യമുള്ള ഓഹരികളുടെ അറ്റവാങ്ങല്‍ നടത്തിയതിനാല്‍ എഫ്ഐഐകളുടെ പിന്‍വാങ്ങല്‍ വിപണിയില്‍ പ്രതിഫലിച്ചില്ല.
മുന്നോട്ട് പോകുമ്പോൾ, വിപണി റെക്കോഡ് ഉയരത്തില്‍ ആയതിനാല്‍ മൂല്യനിർണ്ണയ ആശങ്കകൾ കണക്കിലെടുത്ത് എഫ്‌ഐഐകൾ കൂടുതൽ ലാഭം എടുക്കലിലേക്ക് നീങ്ങിയേക്കാം. കൂടാതെ യുഎസ് ബോണ്ട് യീൽഡ് 4.33 ശതമാനം എന്ന ഉയര്‍ന്ന നിലയിലാണ്, യുഎസ് ഡോളർ സൂചിക 105 മാർക്കിന് മുകളിലുമാണ്. ഇതെല്ലാം ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര വിപണികളിലെ വിദേശ നിക്ഷേപങ്ങളെ നെഗറ്റിവായി നിലനിര്‍ത്തിയേക്കും.