16 March 2025 11:03 AM IST
Summary
- യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക വിപണിയെ ബാധിക്കാം
- ഡബ്ല്യുപിഐ പണപ്പെരുപ്പ ഡാറ്റ നിക്ഷേപകരുടെ ശ്രദ്ധ നേടും
- യുഎസ് റീട്ടെയില്‍ വില്‍പ്പനയും ഉല്‍പ്പാദന ഡാറ്റകളും നിക്ഷേപകര്‍ നിരീക്ഷിക്കും
യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനം, ആഗോള പ്രവണതകള്‍, താരിഫ് സംബന്ധമായ സംഭവവികാസങ്ങള്‍ തുടങ്ങിയവ ഈ ആഴ്ച ഓഹരി വിപണിയിലെ ചലനത്തെ നയിക്കുമെന്ന് വിശകലന വിദഗ്ധര്‍.
തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന ഡബ്ല്യുപിഐ പണപ്പെരുപ്പ ഡാറ്റയും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റും. 'ആഗോള വ്യാപാരത്തെ ചുറ്റിപ്പറ്റിയുള്ള നിരന്തരമായ അനിശ്ചിതത്വങ്ങളും യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും വിപണിയെ സ്വാധീനിക്കും', ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.
എന്നിരുന്നാലും, സമീപകാല തിരുത്തലുകളെത്തുടര്‍ന്ന് മൂല്യനിര്‍ണയത്തിലുണ്ടായ മിതത്വം, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ഡോളര്‍ സൂചികയിലെ അയവ്, വരും പാദങ്ങളില്‍ ആഭ്യന്തര വരുമാനത്തില്‍ തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തുടങ്ങിയ അനുകൂല ഘടകങ്ങള്‍ ചാഞ്ചാട്ടം പരിമിതപ്പെടുത്തിയേക്കാം. നിലവിലുള്ള വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇത് സ്ഥിരതയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
'ചൈനയുടെ റീട്ടെയില്‍ വില്‍പ്പന വളര്‍ച്ചാ ഡാറ്റയും വ്യാവസായിക ഉല്‍പ്പാദന ഡാറ്റയും ഈ ആഴ്ച പുറത്തുവിടും. ഇത് ചൈനീസ് സാമ്പത്തിക വളര്‍ച്ചാ വീക്ഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കും,' നായര്‍ പറഞ്ഞു.
യുഎസ് റീട്ടെയില്‍ വില്‍പ്പനയും ഉല്‍പ്പാദന ഡാറ്റകളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് ആഗോള സംഭവവികാസങ്ങള്‍ക്കൊപ്പം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തീരുമാനവും ട്രാക്ക് ചെയ്യപ്പെടും.
ആഗോള വ്യാപാര സംഘര്‍ഷങ്ങളിലെ വര്‍ധനവും യുഎസ് മാന്ദ്യ ആശങ്കകളും കഴിഞ്ഞയാഴ്ച നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിച്ചു. യുഎസ് വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച, നിഫ്റ്റി -50 0.7 ശതമാനം താഴ്ന്ന് 22,397 ലെവലില്‍ അവസാനിച്ചു.
'ആഗോള പ്രവണതകളും യുഎസ് താരിഫ് നയങ്ങളിലെ തുടര്‍ച്ചയായ സംഭവവികാസങ്ങളും കാരണം ഈ ആഴ്ച വിപണി ചില ചാഞ്ചാട്ടങ്ങളും മേഖലാ മാറ്റങ്ങളും മൂലം പരിധിക്ക് അതീതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു,' മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വെല്‍ത്ത് മാനേജ്മെന്റ് ഗവേഷണ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.
'ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള സാധ്യതയും അതിന്റെ മൊത്തത്തിലുള്ള പ്രത്യാഘാതങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. അതിനാല്‍ വിപണിയിലെ കനത്ത ജാഗ്രത കുറച്ചുകാലം കൂടി നിലനില്‍ക്കും,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (ഗവേഷണം) പ്രശാന്ത് തപ്സെ പറഞ്ഞു.