19 Nov 2023 12:30 PM IST
എഫ്ഒഎംസി മിനുറ്റ്സ്, ക്രൂഡ് വില; ദലാല്‍ തെരുവിനെ ഈയാഴ്ച നയിക്കുക ആഗോള സൂചനകള്‍
MyFin Desk
Summary
- യുഎസ് ട്രഷറി ആദായവും ഡോളര്‍ സൂചികയും കഴിഞ്ഞ വാരത്തില്‍ ഇടിഞ്ഞു
- ബാങ്കിംഗ്,ധനകാര്യ മേഖലയിലെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിടുന്നു
- ഓഹരി വിപണികളില്‍ പൊസിറ്റിവ് വികാരം തുടര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
തുടർച്ചയായ മൂന്നാം ആഴ്ചയും റാലി നിലനിർത്താന്‍ നവംബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ ആഭ്യന്തര ഓഹരി വിപണികള്‍ക്ക് സാധിച്ചു.. ക്രൂഡ് ഓയിൽ വില കുറയുന്നതും പണപ്പെരുപ്പം കുറയുന്നതിന്‍റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പലിശ നിരക്കുകള്‍ താഴോട്ടിറങ്ങുമെന്ന പ്രതീക്ഷകളും നിക്ഷേപക വികാരത്തെ പിന്തുണച്ചു.
ബിഎസ്‌ഇ സെൻസെക്‌സ് 535 പോയിന്റ് ഉയർന്ന് 65,795ലും നിഫ്റ്റി 206 പോയിന്റ് ഉയർന്ന് 19,732ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ 2 ശതമാനവും 2.7 ശതമാനവും ഉയർന്നു. ഈടില്ലാത്ത വായ്പകൾക്കുള്ള റിസ്ക് വെയ്റ്റ് ഉയർത്താനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
യുഎസ് ബോണ്ട് ആദായത്തിലും ക്രൂഡ് വിലയിലും ഉണ്ടാകുന്ന ചലനങ്ങളില്‍ ശ്രദ്ധവെച്ചുകൊണ്ട് അടുത്തയാഴ്ചയും വിപണികളില്‍ പോസിറ്റിവ് വികാരം തുടരുമെന്നാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്.
എഫ്ഒഎംസി മിനുറ്റ്സ്
നവംബർ 1 ന് സമാപിച്ച മോണിറ്ററി പോളിസി മീറ്റിംഗിന്റെ മിനുറ്റ്സ് യുഎസ് ഫെഡ് റിസര്‍വ് ഈയാഴ്ച പുറത്തുവിടും. പണപ്പെരുപ്പം കുറയുന്നതിനാൽ നിരക്ക് വർദ്ധനയുടെ ചക്രം അവസാനിക്കുകയാണെന്ന പ്രതീക്ഷയില്‍ ആഗോള നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും മിനുറ്റ്സില്‍ കൂടുതൽ സൂചനകൾ തേടും.
നവംബറിലെ പോളിസി മീറ്റിംഗിൽ 5.25-5.50 ശതമാനത്തില്‍ അടിസ്ഥാന പലിശ നിരക്ക് നിലനിര്‍ത്തിയ ഫെഡ് റിസര്‍വ് വിലക്കയറ്റത്തോത് 2 ശതമാനത്തിനടുത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. പുതിയ വിലക്കയറ്റ കണക്കുകളുടെ അടിസ്ഥാനത്തില്‍, 2024 ന്റെ ആദ്യ പകുതിയിൽ തന്നെ ഫെഡ് റിസര്‍ന് നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് ചില വിദഗ്ധർ പ്രതീക്ഷിക്കുന്നു.
ഒക്ടോബറിലെ യുഎസ് വിലക്കയറ്റം 3.2 ശതമാനത്തിലേക്ക് താഴ്ന്നു, ഇത് വിപണി പ്രതീക്ഷകളേക്കാൾ താഴെയായിരുന്നു. ഇത് കഴിഞ്ഞ ആഴ്ചയിൽ ഇക്വിറ്റി വിപണികളിലെ റാലിക്ക് ആക്കം കൂട്ടി.
ജപ്പാന്‍റെ വിലക്കയറ്റ കണക്ക്, യുഎസിന്‍റെ തൊഴില്‍ ഡാറ്റ എന്നിവയാണ് ഈയാഴ്ച പുറത്തുവരാനുള്ള മറ്റ് ആഗോള സാമ്പത്തിക ഡാറ്റകള്‍.
എണ്ണ വിലയിലെ ചലനങ്ങള്‍
നിലവില്‍ ഇക്വിറ്റി ബെഞ്ച്മാർക്കുകളിലെ റാലിക്കുള്ള മറ്റൊരു പിന്തുണയായി പ്രവർത്തിക്കുന്ന എണ്ണ വിലയിലും വിപണി പങ്കാളികൾ ശ്രദ്ധ കേന്ദ്രീകരിക്കും. എണ്ണ ഇറക്കുമതി രാഷ്ട്രം എന്ന നിലയില്‍ ക്രൂഡ് വിലയിലെ വര്‍ധന ഇന്ത്യയെ പോലുള്ള വിപണികളെയാണ് ഏറ്റവുമധികം നെഗറ്റിവായി ബാധിക്കുക. അതിനാല്‍ ക്രുഡ് ഓയിലിലെ ഡിമാൻഡ് ആശങ്കകൾ, യുഎസ് ക്രൂഡ് ഇൻവെന്ററികളിലെ കുത്തനെയുള്ള വർധന, ഒപെക് ഇതര രാഷ്ട്രങ്ങളുടെ വിതരണത്തിലെ വർധന എന്നിവയിലെല്ലാം നിക്ഷേപകര്‍ ശ്രദ്ധവെക്കും.
എണ്ണവിലയുടെ അന്താരാഷ്‌ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് കഴിഞ്ഞയാഴ്ച നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. പോയ വാരത്തില്‍ വില ഒരു ശതമാനം ഇടിഞ്ഞ് ബാരലിന് 80.61 ഡോളറായി. ഒക്റ്റോബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 13 ശതമാനം താഴ്ചയിലാണ് ഇപ്പോള്‍ ക്രൂഡ് വില.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) വാങ്ങലിലേക്ക് തിരിച്ചെത്തുന്നുവെന്നത് കഴിഞ്ഞയാഴ്ച വിപണി വികാരത്തില്‍ പൊസിറ്റിവായി പ്രതിഫലിച്ചു. രണ്ട് ദിവസത്തെ വാങ്ങലിന്‍റെ ഫലമായി എഫ്ഐഐകളുടെ ഓഹരികളിലെ കഴിഞ്ഞ ആഴ്ചയിലെ അറ്റവില്‍പ്പന 215 കോടി രൂപയിലേക്ക് താഴ്ന്നു. 1,580 കോടി രൂപയുടെ അറ്റവാങ്ങലാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ വാരത്തില്‍ ഓഹരികളില്‍ നടത്തിയത്.
യുഎസ് 10 വർഷത്തെ ട്രഷറി ആദായം വെള്ളിയാഴ്ച 4.44 ശതമാനത്തിലേക്ക് താഴ്ന്നു, അതേസമയം യുഎസ് ഡോളർ സൂചിക 103.82 ആയി കുറഞ്ഞു.