1 Sept 2023 4:30 PM IST
Summary
തുടര്‍ച്ചയായ ആറാം മാസവും ജിഎസ്‍ടി വരുമാനം 1. 6 ലക്ഷം കോടിക്ക് മുകളില്‍
ഓഗസ്റ്റിലെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) ശേഖരണം 11 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാക്കിയെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര. നികുതി പാലനം വര്‍ധിച്ചതും വെട്ടിപ്പ് കുറഞ്ഞതുമാണ് ഈ വര്‍ധനയ്ക്ക് കാരണം. ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് 2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ലഭിച്ചത്. ഇതിന്‍റെ 11 ശതമാനം വളർച്ച എന്നാല്‍ ഏകദേശം 1.60 ലക്ഷം കോടി രൂപയാണ്. കൃത്യമായ കണക്ക് ഇന്ന് വൈകിട്ടോടെ പുറത്തുവരും.
തുടര്‍ച്ചയായ ആറാം മാസമാണ് ജിഎസ്‍ടി വരുമാനം 1. 6 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. ജൂൺ പാദത്തിൽ ജിഎസ്‍ടി വരുമാനം 11 ശതമാനത്തിലധികം വർദ്ധിച്ചു. നികുത- ജിഡിപി അനുപാതം 1.3-ൽ കൂടുതലാണെന്നും മൽഹോത്ര പറഞ്ഞു.
ജൂലൈയില്‍ രാജ്യത്തിന്‍റെ ജിഎസ്‍ടി ശേഖരണം 11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.65 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ജിഎസ്‍ടി കളക്ഷന്‍ 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.
ഉത്സവ സീസണുകൾ ആരംഭിക്കുന്നതോടെ, അടുത്ത രണ്ട്-മൂന്ന് മാസങ്ങളിൽ വീടുകൾ, കാറുകൾ, അവധിക്കാല യാത്രകള്‍, മറ്റ് ഉപഭോക്തൃ വസ്തുക്കൾ എന്നിവയ്‌ക്കായുള്ള ചെലവിടല്‍ ഉയരുമെന്നും ഇത് കൂടുതല്‍ ശക്തമായ ജിഎസ്‍ടി സമാഹരണത്തിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നികുതി വെട്ടിപ്പ് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്ന തരത്തില്‍ ജിഎസ്‍ടിഎന്‍ ശക്തമാക്കിയിട്ടുണ്ടെന്നും നികുതി മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.