image

9 Jan 2024 3:56 PM IST

Stock Market Updates

അവസാന ഘട്ടത്തില്‍ വലിയ ചാഞ്ചാട്ടം; പരിമിത നേട്ടത്തില്‍ ക്ലോസിംഗ്

MyFin Desk

big swing at the last stage, closing on limited gains
X

Summary

  • റിയല്‍റ്റി സൂചിക ഏറ്റവും വലിയ നേട്ടമുണ്ടാക്കി
  • മീഡിയക്കും ബാങ്കിംഗിനും വലിയ ഇടിവ്
  • ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര തലത്തില്‍


ആഗോള തലത്തിലെ പൊസിറ്റിവ് സൂചനകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മികച്ച നേട്ടത്തിലാണ് വ്യാപാര സെഷന്‍റെ ഏറിയ നേരവും ബെഞ്ച്മാർക്ക് സൂചികകള്‍ നിലകൊണ്ടത്. എന്നാല്‍ വ്യാപാരത്തിന്‍റെ അവസാന മണിക്കൂറില്‍ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പരിമിതമായ നേട്ടം മാത്രം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 30.99 പോയിന്‍റ് അഥവാ 0.04 ശതമാനം നേട്ടത്തോടെ 71,386.21ലും നിഫ്റ്റി 39.30 പോയിന്‍റ് അഥവാ 0.18 ശതമാനം കയറി 21,552.30ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.16 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.44 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.07 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.37 ശതമാനവും നേട്ടമുണ്ടാക്കി.

സെക്ടറൽ സൂചികകൾ

നിഫ്റ്റിയില്‍ റിയല്‍റ്റി (2.52%) സൂചിക ഏറ്റവും വലിയ നേട്ടമുണ്ടാക്കി. ഹെല്‍ത്ത് കെയര്‍ മേഖലയും (1.07%) മികച്ച മുന്നേറ്റം പ്രകടമാക്കി.ഓട്ടോമൊബെല്‍, ഫാര്‍മ, മെറ്റല്‍, ഐടി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓയില്‍- ഗ്യാസ് എന്നിവയും നേട്ടമുണ്ടാക്കി. മീഡിയ സൂചിക ഏറ്റവും വലിയ ഇടിവ് (3.32%) പ്രകടമാക്കി. ബാങ്കിംഗ്, ധനകാര്യ സേവനം എന്നിവയുടെ സൂചികകളും എഫ്എംസിജി സൂചികയും ഇടിവിലായിരുന്നു.

ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ

ഇന്ന് നിഫ്റ്റി 50-യില്‍ ഹീറോ മോട്ടോകോര്‍പ്പ് (2.88%), അദാനി പോര്‍ട്‍സ് (2.75%). എസ്ബിഐ ലൈഫ് (2.24%), അപ്പോളോ ഹോസ്‍പിറ്റല്‍സ് (2.08%) അദാനി എന്‍റര്‍പ്രൈസസ് (2.07%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ എല്‍ടി (1.55 %), ഭാരതി എയര്‍ടെല്‍ (1.50 %), എച്ച്‍സിഎല്‍ ടെക് (1.49 %), ടാറ്റ മോട്ടോര്‍സ് (1.32 %), സണ്‍ ഫാര്‍മ (1.25 %) എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.

ഇന്ന് നഷ്ടത്തിലായ ഓഹരികൾ

ബ്രിട്ടാനിയ (1.22%), ബജാജ് ഫിന്‍സെര്‍വ് (0.96%), നെസ്‍ലെ ഇന്ത്യ (0.93%), എച്ച്ഡിഎഫ്‍സി ലൈഫ് (0.91%), ഏഷ്യന്‍ പെയിന്‍റ്സ് (0.79%) എന്നിവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ നെസ്‍ലെ ഇന്ത്യ (1.03 %), ഏഷ്യന്‍ പെയിന്‍റ്സ് (0.90 %) ബജാജ് ഫിന്‍സെര്‍വ് (0.88 %), എച്ച്ഡിഎഫ്‍സി ബാങ്ക് (0.80 %), ആക്സിസ് ബാങ്ക് (0.57 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ് എന്നീ വിപണികള്‍ ഇടിവിലാണ്. അതേസമയം ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ്.