15 May 2025 4:22 PM IST
ഓഹരി വിപണിയിൽ കാളക്കുതിപ്പ്: 25,000 പോയിന്റ് തിരിച്ചു പിടിച്ച് നിഫ്റ്റി
MyFin Desk
ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,200 പോയിന്റ് അഥവാ 1.48 ശതമാനം ഉയർന്ന് 82,530.74 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 395 പോയിന്റ് അഥവാ 1.60 ശതമാനം നേട്ടത്തോടെ 25,062.10 ൽ ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും മൊത്തത്തിലുള്ള വിപണി മൂല്യം 435 ലക്ഷം കോടി രൂപയിൽ നിന്ന് 440 ലക്ഷം കോടി രൂപയായി ഉയർന്നു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഓഹരി 4 ശതമാനത്തിലധികം ഉയർന്നു. എച്ച്‌സിഎൽ ടെക്, അദാനി പോർട്ട്‌സ്, എറ്റേണൽ, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നി ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചിക
സെക്ടര്‍ സൂചികകളിൽ മേഖലകളും ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, മീഡിയ, ഐടി, ഓട്ടോ, ബാങ്ക് എന്നീ സൂചികകൾ 1-2 ശതമാനം വരെ നേട്ടത്തിലെത്തി.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.6 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.9 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 1.93 ശതമാനം താഴ്ന്നു 16.89 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പിലെ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം അവസാനിച്ചത്. ബുധനാഴ്ച യുഎസ് വിപണിയും മ്മിശ്രമായാണ് വ്യാപാരം അവസാനിച്ചത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 3.65 ശതമാനം ഇടിഞ്ഞ് ബാരലിന് 63.68 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 85.50 ൽ എത്തി.