18 Aug 2025 4:20 PM IST
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 676 പോയിന്റ് ഉയർന്ന് 81,273 ലും നിഫ്റ്റി 245 പോയിന്റ് ഉയർന്ന് 24,876 ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് ഓഹരികൾ
സെന്‍സെക്‌സ് ഓഹരികളില്‍ മാരുതി, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമൻറ്, ബജാജ് ഫിൻസെർവ്, മഹീന്ദ്ര & മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, ട്രെന്റ് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ഐടിസി, എറ്റേണൽ, ടെക് മഹീന്ദ്ര, ലാർസൺ & ട്യൂബ്രോ എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടര്‍ സൂചികകൾ
സെക്ടര്‍ സൂചികകളില്‍ ഐടി, മീഡിയ, ഫാർമാ എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലകളും ഇന്ന് നേട്ടത്തിലെത്തി. ഓട്ടോ സൂചിക 4 ശതമാനം, കൺസ്യൂമർ ഡ്യൂറബിൾ സൂചിക 3 ശതമാനം, റിയാലിറ്റി 2 ശതമാനം, മെറ്റൽ, എഫ്എംസിജി, ടെലികോം, പ്രൈവറ്റ് ബാങ്ക് എന്നിവ 1-2 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക 1 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 1.4 ശതമാനവും ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225 സൂചികയും ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ദക്ഷിണ കൊറിയയിലെ കോസ്പിയും ഹോങ്കോങ്ങിലെ ഹാങ് സെങ്ങും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. വെള്ളിയാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ്/ രൂപ
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.62 ശതമാനം ഉയർന്ന് ബാരലിന് 66.25 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയർന്ന് 87.43 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.