6 Aug 2024 10:45 AM IST
Summary
- സെൻസെക്‌സ് 1,092.68 പോയിൻ്റ് ഉയർന്നു
- ഇന്ത്യ വിക്സ് സൂചിക ഏകദേശം 12 ശതമാനം കുറഞ്ഞ് 17ൽ എത്തി
- നിഫ്റ്റി ഓട്ടോ സൂചിക ഏറ്റവും കൂടുതൽ ഉയർന്നു
സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്നു. ദുർബലമായ ആഗോള സൂചനകളെയും വർദ്ധിച്ചുവരുന്ന മാന്ദ്യ ഭീതിയും കാരണമായി കഴിഞ്ഞ ദിവസം ഏകദേശം 3 ശതമാനം ഇടിഞ്ഞ ശേഷം നിക്ഷേപകർക്ക് ആശ്വാസം നൽകി സൂചികകൾ നേട്ടത്തിലെത്തി. സെൻസെക്‌സ് 1,092.68 പോയിൻ്റ് ഉയർന്ന് 79,852.08 ലും നിഫ്റ്റി 327 പോയിൻ്റ് ഉയർന്ന് 24,382.60 ൽ എത്തി.
സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ സൂചിക ഏറ്റവും കൂടുതൽ ഉയർന്നു, 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇന്നലത്തെ 4 ശതമാനം ഇടിവിൽ നിന്നാണ് കരകയറിയത്. ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, മാരുതി സുസുക്കി എന്നിവയാണ് സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. നിഫ്റ്റി മെറ്റലും റിയൽറ്റിയും കുതിപ്പിലാണ്, സൂചികകൾ 2 ശതമാനത്തിലധികം ഉയർന്നു. നിലവിൽ 13 സെക്ടർ സൂചികകളും പച്ചയിലാണ് വ്യാപരം തുടരുന്നത്.
മിഡ്-സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.5 ശതമാനവും 2 ശതമാനവും നേട്ടമുണ്ടാക്കി. വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ഏകദേശം 12 ശതമാനം കുറഞ്ഞ് 17ൽ എത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ കുത്തനെ ഉയർന്നു. ജപ്പാൻ്റെ ബെഞ്ച്മാർക്ക് സൂചിക 10 ശതമാനത്തിലധികം നേട്ടം നൽകി. ബെഞ്ച്മാർക്ക് നിക്കി 225 സൂചിക 10.33 ശതമാനം അഥവാ 3,249.36 പോയിൻ്റ് ഉയർന്ന് 34,707.78 ലും ടോപ്പിക്സ് സൂചിക 10.26 ശതമാനം അഥവാ 228.49 പോയിൻ്റ് ഉയർന്ന് 2,455.64 ലും എത്തി. തിങ്കളാഴ്ച യുഎസ് വിപണികൾ കനത്ത ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 10,073.75 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 1.27 ശതമാനം ഉയർന്ന് ബാരലിന് 77.27 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.25 ശതമാനം ഉയർന്ന് 2450 ഡോളറിലെത്തി. രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിൽ നിന്ന് കരകയറി, യുഎസ് ഡോളറിനെതിരെ 25 പൈസ ഉയർന്ന് 83.84 ൽ എത്തി.