image

10 Sept 2023 11:50 AM IST

Stock Market Updates

പണപ്പെരുപ്പ കണക്കുകളും ക്രൂഡ് വിലയും; ഈയാഴ്ച വിപണി ഉറ്റുനോക്കുന്നത്

MyFin Desk

inflation figures and crude prices looking forward to the market this week
X

Summary

  • ജൂലൈയിലെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചയും ഈയാഴ്ച അറിയാം
  • റീട്ടെയില്‍ പണപ്പെരുപ്പം സഹന പരിധിക്ക് മുകളില്‍ തുടരുമെന്ന് നിഗമനം
  • ക്രൂഡ് ഓയില്‍ വില 10 മാസങ്ങള്‍ക്കിടയിലെ ഉയര്‍ച്ചയില്‍


കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച വാരമാണ് ആഭ്യന്തര ഓഹരി വിപണികളില്‍ കടന്നുപോയത്. അഞ്ചു വാരങ്ങളിലെ തുടര്‍ച്ചയായ നഷ്ടക്കണക്കുകള്‍ക്ക് ശേഷം മുന്‍ വാരത്തില്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയ സൂചികള്‍ ഇക്കഴിഞ്ഞ വാരത്തില്‍ ആഗോള സൂചികകളിലെ നെഗറ്റിവ് പ്രവണതകള്‍ക്കിടയിലും മുന്നേറി.

ഒരാഴ്ച കാലയളവില്‍ ബിഎസ്ഇ ബെഞ്ച്മാർക്ക് 878.4 പോയിന്റും (1.34 ശതമാനം) നിഫ്റ്റി 384.65 പോയിന്‍റ് (1.97 ശതമാനം) ഉയർന്നു. നിഫ്റ്റി 19,819.95 ലും സെൻസെക്സ് 66,598.91 ലും ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഗേജുകൾ വെള്ളിയാഴ്ച എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി.

ഇന്ത്യയിലെയും യുഎസിലെയും പണപ്പെരുപ്പ കണക്കുകള്‍, ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവർത്തനങ്ങൾ എന്നിവ ഈ ആഴ്ച ആഭ്യന്തര ഓഹരി വിപണിയിലെ നിക്ഷേപകങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. തുടര്‍ച്ചയായ റാലിക്കിടയിലും കഴിഞ്ഞയാഴ്ചയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി തുടര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. ഈ പ്രവണത തുടരുന്നത് വിപണികളെ താഴോട്ടുവലിച്ചേക്കും.

ഡോളർ സൂചിക, യുഎസ് ബോണ്ട് യീൽഡ് എന്നിവയിലെ ചലനങ്ങളിലും ആഗോള തലത്തില്‍ നിക്ഷേപകര്‍ ശ്രദ്ധവെക്കും.

ആഭ്യന്തര വിവരങ്ങള്‍

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ജൂലൈയിലെ കണക്കിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ കുറവ് പ്രകടമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലായിരിക്കും ഓഗസ്റ്റിലെയും പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം ജൂലൈയില്‍ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനം ആയിരുന്നു. ഓഗസ്റ്റിൽ ഇത് 7.0 ശതമാനമായി കുറയാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 12നാണ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിടുന്നത്.

ജൂലൈയിലെ വ്യാവസയിക ഉല്‍പ്പാദനം സംബന്ധിച്ച കണക്കും സെപ്റ്റംബര്‍ 12 ന് പുറത്തുവരും. ജൂണില്‍ മൂന്നു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന നിലയായ 3.7 ശതമാനത്തിലേക്ക് വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച എത്തിയിരുന്നു. ഇത് 5 ശതമാനത്തിന് അടുത്തേക്ക് ഉയര്‍ന്നേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സെപ്റ്റംബര്‍ 14നാണ് മൊത്ത വില പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പുറത്തുവരുന്നത്. ഓഗസ്റ്റിലെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കണക്കും വ്യാപാരക്കമ്മി സംബന്ധിച്ച വിശദാംശങ്ങളും 15 ന് പുറത്തുവിടും.

ആഗോള വിവരങ്ങള്‍

യുഎസിലെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് 13നാണ് പുറത്തുവരുന്നത്. ഒരു വര്‍ഷത്തിനിടെ ആദ്യമായി ജൂലൈയില്‍ ഉയര്‍ച്ച പ്രകടമാക്കിയ പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് എത്തി. ഓഗസ്റ്റില്‍ ഇതിനു മുകളിലായിരിക്കും പണപ്പെരുപ്പ കണക്ക് എന്നാണ് നിഗമനം. 3.5 ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം പോയാല്‍, പലിശ നിരക്ക് വര്‍ധന തുടരാന്‍ ഈ മാസം നടക്കുന്ന ഫെഡ് റിസര്‍വ് യോഗം തീരുമാനം എടുക്കും എന്ന ആശങ്ക കനപ്പെടും.

കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വില 10 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ബ്രെന്‍റും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റും ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 90.65 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡ് 87.51 ഡോളറിലും ആയിരുന്നു. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള വിവിധ രാഷ്ട്രങ്ങളുടെ തീരുമാനവും ഏറ്റവും വലിയ എണ്ണ ഉപഭോഗ രാഷ്ട്രമായ ചൈനയിലെ സാമ്പത്തിക സാഹചര്യങ്ങളുമാണ് ഇപ്പോള്‍ എണ്ണവിലയിലെ കയറ്റിറക്കങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍

സെപ്റ്റംബര്‍ 14ന് ചേരുന്ന യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്‍റെ യോഗം, യുകെയുടെ ജിഡിപി കണക്കുകള്‍ എന്നിവയാണ് ഈയാഴ്ച വിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റ് ആഗോള സംഭവ വികാസങ്ങള്‍.