image

18 May 2024 4:52 PM IST

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്
X

Summary

  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ അഞ്ചു ശതമാനം ഉയർന്നു
  • വണ്ടർലാ ഓഹരികൾ നേട്ടത്തിൽ
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.65 ശതമാനം ഉയർന്നു


മെയ് 18ലെ പ്രത്യേക വ്യാപാര ദിനത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ പുതിയ ഉയരങ്ങൾ താണ്ടി. ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1484.55 രൂപയിലെത്തി. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.90 ശതമാനം ഉയർന്ന് 1484.15 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 15.61 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 37,223 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. കഴിഞ്ഞ ആഴ്‌ചയിൽ 6.97 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ വാരത്തിൽ നൽകിയത് 20.69 ശതമാനം നേട്ടമാണ്. നടപ്പ് വർഷം ഇത് വരെ ഓഹരികൾ ഉയർന്നത് 119.23 ശതമാനമാണ്.

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ അഞ്ചു ശതമാനം ഉയർന്ന് 2013.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 4.85 ശതമാനം നേട്ടത്തോടെ 174 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 2.03 ശതമാനം വർദ്ധനവോടെ 190.55 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ നേട്ടത്തിൽ, 1.94 ശതമാനം ഉയർന്ന ഓഹരികൾ 889.10 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.65 ശതമാനം നേട്ടം നൽകി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.42 ശതമാനം ഉയർന്ന് 1703.40 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.76 ശതമാനം വർധന രേഖപ്പെടുത്തി. നേരിയ നേട്ടത്തോടെ അപ്പോളോ ടയേഴ്‌സ്, ഫാക്ട്, ഫിലിപ്സ് കാർബൺ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.65 ശതമാനം ഉയർന്ന് 55.60 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 1.32 ശതമാനം നേട്ടത്തോടെ 346 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് നേരിയ നേട്ടത്തിൽ 27.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് 0.12 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ 163.85 രൂപയിൽ തന്നെ ക്ലോസ് ചെയ്തു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.32 ശതമാനം താഴ്ന്ന് 299 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.19 ശതമാനം ഇടിഞ്ഞ് 299.35 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.01 ശതമാനം നഷ്ടം നൽകി 181.80 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ ഇടിവോടെ കേരള ആയുർവേദ, വി ഗാർഡ്, ആസ്റ്റർ, കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.