21 Jan 2024 10:09 AM IST
Summary
- തോട്ടം മേഖലയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കും
- കേരള പ്ലാന്റേഷൻ എക്സ്പോയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ തുടങ്ങി
- എക്സ്പോയില്‍ പ്രത്യേക ബിസിനസ്-ടു-ബിസിനസ് മീറ്റുകളും
സംസ്ഥാനത്തെ തോട്ടം മേഖലയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങൾക്കായി പുനർനിർമ്മിക്കുന്നത് വേഗത്തിലാക്കാന്‍ കേരളം ഉടന്‍ ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് നിയമമന്ത്രി പി രാജീവ്. ഈ മേഖലയിലെ പ്ലാന്റേഷൻ ഇതര പദ്ധതികൾക്ക് ഔദ്യോഗിക അനുമതി ലഭിക്കുന്നതിൽ പ്രായോഗികമായ തടസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേരള പ്ലാന്റേഷൻ എക്സ്പോയുടെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത സാമ്പത്തിക വർഷത്തിന്റെ (2024-25) തുടക്കത്തിൽ ഏകജാലക സംവിധാനം നിലവിൽ വരും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ അനുബന്ധ വകുപ്പുകളുടെയും യോഗം ഉടൻ വിളിക്കാൻ ഒരുങ്ങുകയാണ്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിൽ ഈ മേഖലയിലെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപുലമായ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേക ബിസിനസ്-ടു-ബിസിനസ് മീറ്റുകളും എക്സ്പോയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
തോട്ടംതൊഴിലാളികളുടെ ക്വാർട്ടേഴ്‌സ് നവീകരിക്കുന്നത് ഉടമകളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന പ്രധാന പ്രശ്‌നമാണ്. ഇത് ലഘൂകരിക്കുന്നതിന് തോട്ടം ഉടമകൾ പഴയ ക്വാർട്ടേഴ്‌സ് നവീകരിക്കുന്നതിന് എടുക്കുന്ന വായ്പയുടെ പലിശ പൂർണമായും ഭാഗികമായോ സർക്കാർ വഹിക്കും. ജനുവരി 25 ന് ചേരുന്ന യോഗം ഈ വിഷയത്തിൽ പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ വകുപ്പ് കോഴിക്കോട് ഐഐഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസറായ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് ഡയറക്ടർ എസ് ഹരികിഷോർ പറഞ്ഞു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ നയം രൂപീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ടി ജെ വിനോദ് എംഎൽഎ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.