11 March 2024 4:32 PM IST
Summary
- സെക്ടറൽ സൂചികയിൽ നിഫ്റ്റി ഫാർമാ ഒഴികെ ബാക്കി എല്ലാം ഇടിഞ്ഞു
- ഏഷ്യൻ വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 82.75 ലെത്തി
ആഗോള വിപണികളിലെ ദുർബലമായ വ്യാപാരം മെറ്റൽ, ബാങ്കിംഗ് ഓഹരികളുടെ വില്പന എന്നിവയെ തുടർന്ന് ആഭ്യന്തര വിപണി ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 616.75 പോയിൻ്റ് താഴ്ന്ന് 73,502.64 ലും നിഫ്റ്റി 160.90 പോയിൻ്റ് ഇടിഞ്ഞ് 22,332.65 ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ് (2.58%), നെസ്‌ലെ ഇന്ത്യ (1.92%), എസ്ബിഐ ലൈഫ് (1.56%), സിപ്ല (1.41%), ബജാജ് ഫിൻസേർവ് (1.01%), എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ടാറ്റ കൺസ്യുമർ പ്രോഡക്ട്സ് (3.06%), ബജാജ് ഓട്ടോ (2.47%), പവർ ഗ്രിഡ് (2.43%), ടാറ്റ സ്റ്റീൽ (2.42%), എസ്ബിഐ (1.82%) തുടങ്ങിയ ഓഹരികൾ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി ഫാർമാ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾ ക്യാപ് സൂചിക 2 ശതമാനവും ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ ജപ്പാൻ്റെ നിക്കെ 225 സൂചിക 2.2 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.8 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 1.4 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് 0.7 ശതമാനവും ഉയർന്നു.
വെള്ളിയാഴ്ച യുഎസ് വിപണികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്.
"നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള വിപണികളിൽ തുടർച്ചയായ വിൽപ്പന നടക്കുന്നത് ആഭ്യന്തര വിപണിയേയും ബാധിച്ചു. പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് നോൺ ഫാം പേറോൾ ഡാറ്റയും നാളെ പുറത്തു വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും നിക്ഷേപകരെ ആശങ്കയിലേക്കെത്തിച്ചു" ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 0.29 ശതമാനം ഉയർന്ന് ബാരലിന് 82.32 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 82.75 എന്ന നിലയിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.02 ശതമാനം താഴ്ന്ന് 2185 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 7,304.11 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.
വ്യാഴാഴ്ച, സെൻസെക്‌സ് 33.40 പോയിൻ്റ് അഥവാ 0.05 ശതമാനം ഉയർന്ന് 74,119.39 ലും നിഫ്റ്റി 19.50 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് 22,493.55 ലുമാണ് ക്ലോസ് ചെയ്തത്.