3 Jun 2025 4:47 PM IST
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ വിപണി തകര്‍ന്നു; 636 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്
MyFin Desk
Summary
അദാനി ഓഹരികളില്‍ കനത്ത ഇടിവ്
വ്യാപകമായ വില്‍പ്പന സമ്മര്‍ദ്ദം മൂലം സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. സെന്‍സെക്‌സ് 636.24 പോയിന്റ് അഥവാ 0.78 ശതമാനം ഇടിഞ്ഞ് 80,737.51 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 174.10 പോയിന്റ് അഥവാ 0.70 ശതമാനം ഇടിഞ്ഞ് 24,542.50 ലെത്തി.
സെന്‍സെക്‌സ് കമ്പനികളില്‍ അദാനി പോര്‍ട്‌സ് 2.42 ശതമാനം ഇടിഞ്ഞു. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, എറ്റേണല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും പിന്നിലായ കമ്പനികള്‍. അദാനി ഗ്രൂപ്പിന്റെ 10 ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വില താഴ്ന്നു. 50 നിഫ്റ്റി ഓഹരികളില്‍ 43 എണ്ണം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) തിങ്കളാഴ്ച 2,589.47 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായും എക്സ്ചേഞ്ച് ഡാറ്റകള്‍ വ്യക്തമാക്കുന്നു.
നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.45 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി സ്മോള്‍ക്യാപ്പ് സൂചിക 0.1 ശതമാനം ഉയര്‍ന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1 ശതമാനത്തിലധികം ഇടിഞ്ഞു.
'വിദേശ ഫണ്ടുകളുടെ ഒഴുക്ക് തുടരുന്നതും, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വ്യാപാര കരാറുകളിലെ അനിശ്ചിതത്വം തുടങ്ങിയ ദുര്‍ബലമായ ആഗോള സൂചനകളും വിപണികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം എസ്വിപി അജിത് മിശ്ര പറഞ്ഞു.
ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിലെ ഹാങ് സെങ്ങും പോസിറ്റീവ് ടെറിട്ടറിയില്‍ ക്ലോസ് ചെയ്തപ്പോള്‍, ജപ്പാനിലെ നിക്കി 225 സൂചിക താഴ്ന്നു.
യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച യുഎസ് വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇറാന്റെ എല്‍പിജി ഇറക്കുമതി ചെയ്തെന്ന ആരോപണത്തില്‍ യുഎസ് അന്വേഷണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ ഇടിവുണ്ടായത്. അദാനി ഗ്രൂപ്പ് ആരോപണം നിഷേധിച്ചിരുന്നു. എങ്കിലും പൊതു വികാരം എതിരായത് കമ്പനികള്‍ക്ക് തിരിച്ചടിയായി. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പോര്‍ട്സ്, അദാനി എന്റര്‍പ്രൈസസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇത് ഓഹരി വിപണിയെയും മൊത്തത്തില്‍ ബാധിക്കുയായിരുന്നു.