image

6 Jan 2024 6:35 PM IST

Stock Market Updates

പുതുവർഷം ആദ്യവാരത്തിൽ വിപണി ഇടിവിൽ; എങ്കിലും താരമായി റിയല്‍റ്റി

MyFin Research Desk

The market is down in the first week of the new year
X

Summary

  • വർഷാദ്യം റെക്കോർഡ് നേട്ടത്തോടെയായിരുന്നു സൂചികകൾ ആരംഭിച്ചത്
  • ജനുവരി ഒന്നിന് നിഫ്റ്റിയും സെൻസെക്‌സും സർവകാല ഉയരം തൊട്ടിരുന്നു
  • യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിയ നേട്ടം രേഖപ്പെടുത്തി


പുതു വർഷത്തെ ആദ്യ വാരം അവസാനിച്ചത് ആഭ്യന്തര സൂചികകളുടെ നേരിയ ഇടിവിൽ. ചെങ്കടൽ പ്രതിസന്ധിയും എണ്ണ വിലയിലെ ആശങ്കകളും കമ്പനികളുടെ വരാനിരിക്കുന്ന നാലാം പാദ ഫലവും ആഭ്യന്തര വിപണിയെ ഇടിവിലേക്ക് നയിച്ചു.

വർഷാദ്യം റെക്കോർഡ് നേട്ടത്തോടെയായിരുന്നു സൂചികകൾ വ്യാപാരം ആരംഭിച്ചത്. ജനുവരി ഒന്നിന് നിഫ്റ്റിയും സെൻസെക്‌സും സർവകാല ഉയരം തൊട്ടിരുന്നു. നിഫ്റ്റി എക്കാലത്തെയും ഉയരമായ 21834.35 പോയിന്റും സെൻസെക്സ് 72562 പോയിന്റിലുമെത്തി. ഡിസംബർ പാദ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പലിശ നിരക്ക് വർധനവ് സംബന്ധിച്ച് ശുഭാപ്തിവിശ്വാസം നിലനിൽക്കുന്നത് വിപണിയുടെ ആദ്യ ദിവസങ്ങളിലെ നേട്ടത്തിന് കാരണമായി.

ആഴ്ചയിലെ അവസാന വ്യാപാരത്തിൽ ടിസിഎസ്, ഇൻഫോസിസ് അടക്കമുള്ള വൻകിട ഐടി കമ്പനികൾ ഒരു ശതമാനം നേട്ടത്തോടെയായിരുന്നു ക്ലോസ് ചെയ്തത്.

ആഗോള വിപണിയും ആദ്യ വാരം അവസാനിപ്പിച്ചത് ഇടിവിൽ

പോയ വാരം പ്രോഫിറ്റ് ബുക്കിംഗിന് സാക്ഷ്യം വഹിച്ച അമേരിക്കൻ വിപണികളെ ആയിരുന്നു കണ്ടത്. ഡിസംബർ അവസാന വാരത്തിൽ റെക്കോർഡുകളുടെ അരികിലേക്ക് വിപണികൾ കുതിച്ചിരുന്നു . എന്നാൽ ഫെഡ് മിനുട്സ് പുറത്തു വന്നത്തോടെ ഈ റാലിക്ക് തടസ്സം നേരിട്ടു. മാർച്ചോടെ ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ ശ്രദ്ധയോടെ വിപണിയെ സമീപിച്ചതിനാലാണ് 2024 ലെ ആദ്യ വാരം നഷ്ടത്തിൽ അവസാനിപ്പിക്കേണ്ടി വന്നത്.

പോയ വാരത്തിൽ ഡൗ ജോൺസ് 0.59 ശതമാനവും നാസ്ഡാക് സൂചിക 3.25 ശതമാനവും എസ് ആൻഡ് പി സൂചിക1.52 ശതമാനവും നഷ്ടം രേഖപ്പെടുത്തി. എങ്കിലും മികച്ച ജോബ്‌ലെസ്സ് ക്ലെയിം ഡാറ്റയും നോൺ ഫാം പേ റോൾ ഡാറ്റയും വന്നതോടെ ഫെഡിന്റെ ഇതുവരെയുള്ള നടപടി കർമ്മങ്ങൾ മികച്ചതെന്നാണ് വിലയിരുത്തൽ.

നിഫ്റ്റി

പുതു വർഷത്തിൽ നിഫ്റ്റി വ്യാപാരം ആരംഭിച്ചത് 21727.75 പോയിന്റിലാണ്. സൂചിക 0.09 ശതമാനം അഥവാ 20.60 പോയിന്റ് ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വാരത്തിലെ സൂചികയുടെ ഉയർന്ന ലെവൽ 21834.35 പോയിന്റും താഴ്ന്നത് 21500.35 പോയിന്റുമാണ്.

നിഫ്റ്റി റിയൽറ്റി സൂചികയാണ് വാരത്തിൽ മികച്ച നേട്ടം നൽകിയത്. സൂചിക 7.83 ശതമാനം ഉയർന്നു. ഫർമാ സൂചിക 3.13 ശതമാനവും നേട്ടം നൽകി. നിഫ്റ്റി പിഎസ്ഇ, മിഡ്ക്യാപ് 150, സ്‌മോൾ ക്യാപ് 250, മിഡ്ക്യാപ് 50 എന്നീ സൂചികകൾ രണ്ടര ശതമാനത്തിലധികം ഉയർന്നു. എനർജി സ്‌മോൾ ക്യാപ് 50 എന്നിവ രണ്ടു ശതമാനത്തിലധികം ഉയർന്നു.

നിഫ്റ്റി ബാങ്ക് പോയ വാരത്തിൽ 0.28 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, മെറ്റൽ സൂചിയ്ക്കകൾ ഒരു ശതമാനത്തിലധികം താഴ്ന്നപ്പോൾ ഐടി സൂചിക 1.87 ശതമാനം ഇടിഞ്ഞു.

സെൻസെക്സ്

വർഷാദ്യത്തിൽ സെന്‍സെക്സ് വ്യാപാരം തുടങ്ങിയത് 72218.39 പോയിന്റിലാണ്. സൂചിക 0.30 ശതമാനം അഥവാ 214.11 പോയിന്റ് ഇടിഞ്ഞാണ് വാരത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഈ കാലയളവിലെ സൂചികയുടെ ഉയർന്ന ലെവൽ 72561.91 പോയിന്റും താഴ്ന്നത് 71303.97 പോയിന്റുമാണ്.

പോയ വാരത്തിൽ ബിഎസ്ഇ റീയൽറ്റി സൂചിക 7.91 ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ ടെലികോം, പവർ, ഹെൽത്ത് കെയർ സൂചികകൾ മൂന്നു ശതമാനത്തിലധികം ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, സ്മാൾ ക്യാപ്, എനർജി എന്നിവ രണ്ടര ശതമാനത്തിലധികവും ഉയർന്നു.

ബിഎസ്ഇ സെൻസെക്സ് 50, ഓട്ടോ, ഐടി യഥാക്രമം 0.30 ശതമാനം, 1.18 ശതമാനം, 1.43 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

കുതിച്ചുയർന്ന് റിയല്‍റ്റി സൂചിക; കോവിഡ് ആശങ്ക, നേട്ടത്തിൽ ഫർമാ സൂചിക

പോയ വാരത്തിൽ താരമായത് റിയല്‍റ്റി സൂചികയാണ്. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സൂചിക വാരത്തിൽ ഉയർന്നത് 7.83 ശതമാനമാണ്. സൂചികയിൽ 10 ഓഹരികളും മിന്നുന്ന പ്രകടനവും കാഴ്ച വച്ചു. പ്രത്യേകിച്ച് ശോഭ ഓഹരികൾ തുടരെ അഞ്ചു ദിവസം ഉയർന്ന് നിക്ഷേപകർക്ക് നൽകിയത് 29 ശതമാനം നേട്ടമാണ്.

ഫാർമ സൂചികയും വലിയൊരു മുന്നേറ്റം പ്രകടമാക്കി. കോവിഡ് ആശങ്കകൾ ഉയർന്നു വരുന്നത് ഫാർമ സെക്ടറെ നേട്ടത്തിലേക്ക് നയിച്ചു. പോയ വാരത്തിൽ മൂന്നു ശതമാനത്തോളം ഉയരാൻ ഇത് കാരണമായി.

സൂചികയുടെ റാലിയിൽ മികച്ച നേട്ടം നൽകിയത് 16 ശതമാനം ഉയർന്ന ബയോകോൺ ഓഹരികളാണ്. സൂചികയിലെ 20 ഓഹരികളിൽ പത്തെണ്ണവും 52 ആഴ്ചയിലെ ഉയർന്ന നിലയിലേക്കെത്തി. ഇത് ഫാർമ സൂചികയേ സർവകാല ഉയരമായ 17,251 ലേക്ക് നയിച്ചു.

വിദേശ നിക്ഷേപകർ

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) ഈ ആഴ്ച 3,290.23 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ വാരത്തിൽ എഫ്‌ഐഐകളുടെ അറ്റ വാങ്ങലാണ് കണ്ടത്. ഇതേ സമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 7,296.50 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ക്രൂഡ്

വാരാന്ത്യത്തിലേക്ക് എത്തിയപ്പോൾ ക്രൂഡിൽ മുന്നേറ്റം കാണാൻ സാധിക്കുന്നുണ്ടെങ്കിലും യുഎസിന്റെ ഗ്യാസോലിൻ, ഡിസ്റ്റിലേറ്റ് ഇൻവെന്ററികൾ എന്നിവയിലെ വർധന കാരണം WTI ക്രൂഡിന്റെ മുന്നേറ്റം തടസപ്പെട്ടു.

ഡിമാൻഡിന്റെ സ്ഥിരതയെ സംബന്ധിച്ച ആശങ്ക ഉടലെടുത്തതുകൊണ്ടാണ് വലിയ ഒരു നേട്ടം ക്രൂഡിൽ സാധ്യമായേക്കാം. ചെങ്കടലിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും, ലിബിയൻ പ്രതിസന്ധിയും, ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന ഇടിവും ക്രൂഡിന്റെ സപ്ലൈ സൈഡിൽ കൂടുതൽ സമ്മർദ്ദം ചെലത്തുന്നുണ്ട്.

സ്വർണം

ആഗോള സ്വർണ വിപണിയിലേക്ക് നോക്കുകയാണെങ്കിൽ വളരെ ഫ്ലാറ്റായ പ്രതിവാര പ്രകടനമാണ് സ്വർണം കാഴ്ച്ച വെച്ചത്. വെള്ളിയാഴ്ച സ്വർണവില ട്രോയ് ഔൺസിന് 2,040 ഡോളർ വരെ താഴ്ന്നിരുന്നു.

എന്നാൽ യുഎസ് പ്രതിമാസ തൊഴിൽ റിപ്പോർട്ടിന് മുമ്പായി വളരെ CAUTIOUS ആയ നിലപാട് സ്വീകരിച്ചതിനാലും ഒപ്പം 10 വർഷത്തെ US 10 YEAR -ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിൽ നിലനിൽക്കുന്നതും സ്വർണത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്നു.

നേട്ടത്തിൽ രൂപ

ജനുവരി 5 ന് അവസാനിച്ച ആഴ്ചയിൽ രൂപ 83.16 ലാണ് ക്ലോസ് ചെയ്തത്. ഡിസംബർ 29 ന് അവസാനിച്ച ആഴ്ചയിൽ രൂപ ക്ലോസ് ചെയ്തത് 83.20 ലായിരുന്നു. ഇതോടെ വാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിയ നേട്ടം രേഖപ്പെടുത്തി.

പോയ വാരം നേട്ടം കൊയ്ത് അദാനി ഗ്രൂപ് ഓഹരികൾ

പോയ വാരത്തിൽ നിക്ഷേപ ശ്രദ്ധ ഏറ്റവുമധികം പിടിച്ചു പറ്റിയത് അദാനി ഓഹരികളിൽ തന്നെയായിരുന്നു . അദാനി ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പ്രസ്താവന ഈ വാരം ഗ്രൂപ്പിന് നിർണായകമായി. ഗ്രൂപിന് ആശ്വാസമാകുന്ന തരത്തിലുള്ള കോടതി ഉത്തരവ് അദാനി ഓഹരികളിൽ കൂടുതൽ കരുത്ത് നൽകി. കൂട്ടത്തിൽ 12 ശതമാനം ഉയർന്ന് അദാനി പോർട്സ് ഒന്നാമനായി. പിന്നാലെ 11 ശതമാനം നേട്ടമുണ്ടാക്കി അദാനി ഗ്രീൻ എനർജി. ഗ്രൂപ്പിലെ മറ്റു ഓഹരികളും മികച്ച നേട്ടം കൈവരിച്ചു.

ഒരു വർഷത്തിനിപ്പുറം വീണ്ടും ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരൻ എന്ന പദവി പുതു വർഷത്തിൽ അദാനിയെ തേടിയെത്തി.