23 July 2024 5:00 PM IST
Summary
- ഇൻട്രാ-ഡേ വ്യാപാരത്തിൽ 1,200 പോയിൻ്റ് വരെ ഇടിഞ്ഞ സെൻസെക്സ് 80,429.04 പോയിൻ്റിൽ ക്ലോസ് ചെയ്തു.
- ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.7 ശതമാനം താഴ്ന്നു.
- ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 82.63 ഡോളറിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവിലാണ്. 2024-25 ലെ ബജറ്റിൽ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും സെക്യൂരിറ്റീസ് ഇടപാട് നികുതി ഉയർത്തിയത് വിപണിയുടെ ഇടിവിന് കാരണമായി. ബജറ്റ് നിർദ്ദേശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ സൂചികകൾ ഇൻട്രാ-ഡേ വ്യാപാരത്തിൽ ചാഞ്ചാട്ടത്തിലായിരുന്നു.
ഇൻട്രാ-ഡേ വ്യാപാരത്തിൽ 1,200 പോയിൻ്റ് വരെ ഇടിഞ്ഞ സെൻസെക്സ് വ്യാപാരവസാനം 73.04 പോയിൻ്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 80,429.04 പോയിൻ്റിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 30.20 പോയിൻ്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 24,479.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രാ-ഡേയിൽ സൂചിക 435.05 പോയിൻ്റ് അഥവാ 1.77 ശതമാനം ഇടിഞ്ഞ് 24,074.20 പോയിൻ്റ് വഴി താഴ്ന്നിരുന്നു.
ടൈറ്റൻ കമ്പനി, ടാറ്റ കൺസ്യൂമർ, ഐടിസി, എൻടിപിസി, അദാനി പോർട്ട്‌സ് എന്നിവ നിഫ്റ്റിയിലെ മികച്ച നേട്ടത്തിലും എൽ ആൻഡ് ടി, ഒഎൻജിസി, ഹിൻഡാൽകോ, ശ്രീറാം ഫിനാൻസ്, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറിൽ സൂചികകളിൽ എഫ്എംസിജി, ഹെൽത്ത് കെയർ, മീഡിയ, ഐടി സൂചികകൾ 0.5 ശതമാനം മുതൽ 2.5 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.7 ശതമാനം താഴ്ന്നു.
സെക്യൂരിറ്റികളിലെ എസ്ടിടി ഫ്യൂച്ചറുകളിൽ 0.02 ശതമാനമായും ഓപ്ഷനുകളിൽ 0.1 ശതമാനമായും ഉയർത്തി. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളിലെ ദീർഘകാല മൂലധന നേട്ടം 10 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി ഉയർത്തി. ചില ആസ്തികളിൽ ഹ്രസ്വകാല മൂലധന നേട്ടം 15 ശതമാനത്തിൽ നിന്ന് 20 ശതമാനാമായാണ് ഉയർത്തിയത്. അതേസമയം മറ്റെല്ലാ സാമ്പത്തിക ഉപകരണങ്ങളും ചില സാമ്പത്തികേതര ആസ്തികളിൽ മുമ്പത്തെ നിരക്ക് തന്നെ തുടരും.
ഏഷ്യൻ വിപണികളിൽ സിയോൾ നേട്ടത്തിലും ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിച്ചത് നേട്ടത്തിലായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 82.63 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.60 ശതമാനം ഉയർന്ന് 2408 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 3,444.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി.