14 Aug 2024 10:30 AM IST
Summary
- ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം വിപണിക്ക് കരുത്തേകി
- നിഫ്റ്റി ഓട്ടോയും ഐടിയുമാണ് നേട്ടമുണ്ടാക്കിയത്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 83.90ൽ എത്തി
നിഫ്റ്റിയും സെൻസെക്സും ഇന്ന് വ്യാപാരം ആരംഭിച്ചത് ഫ്ലാറ്റായാണ്. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം വിപണിക്ക് കരുത്തേകി. സെൻസെക്‌സ് 144.92 പോയിൻ്റ് ഉയർന്ന് 79,100.95 ലും നിഫ്റ്റി 57.5 പോയിൻ്റ് ഉയർന്ന് 24,196.50 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ജൂലൈയിൽ യുഎസ് പ്രൊഡ്യൂസർ പ്രൈസ് പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഇത് പണപ്പെരുപ്പം കുറയുന്നതായുള്ള സൂചനയാണ്. ഇതോടെ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ വർധിച്ചു വരുകയാണ്.
സെൻസെക്സിൽ എച്ച്‌സിഎൽ ടെക്‌നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അൾട്രാടെക് സിമൻ്റ്, ഐസിഐസിഐ ബാങ്ക്, അദാനി പോർട്ട്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോയും ഐടിയുമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഹെൽത്ത് കെയർ സൂചികകൾ ഇടിഞ്ഞു. മിഡ്-സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ നേട്ടം തുടരുന്നു. ഷാങ്ഹായ്, ഹോങ്കോങ് ഇടിവിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ വൻ നേട്ടത്തിലാണ് അവസാനിച്ചത്.
"യുഎസിൽ നിന്നുള്ള പിപിഐ (പ്രൊഡ്യൂസർ പ്രൈസ് ഇൻഫ്ലേഷൻ) സംഖ്യകൾ പണപ്പെരുപ്പം കുറയുന്നതിനെ സൂചിപ്പിക്കുന്നു. ഇന്ന് വരാനിരിക്കുന്ന സിപിഐ ഡാറ്റ ഇതിന് ശക്തി പകരും. സെപ്റ്റംബറിൽ ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ യുഎസ് വിപണി ഇന്നലെ മികച്ച നേട്ടം നൽകി" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. .
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,107.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,239.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.61 ശതമാനം ഉയർന്ന് ബാരലിന് 81.18 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.27 ശതമാനം താഴ്ന്ന് 2500 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 83.90ൽ എത്തി.