image

3 Jun 2024 4:30 PM IST

Stock Market Updates

എക്സിറ്റ് പോൾ കരുത്തിൽ വിപണിക്ക് റിക്കോഡ് നേട്ടം, 51000 കടന്ന് ബാങ്ക് നിഫ്റ്റി

MyFin Desk

എക്സിറ്റ് പോൾ കരുത്തിൽ വിപണിക്ക് റിക്കോഡ് നേട്ടം, 51000 കടന്ന്  ബാങ്ക് നിഫ്റ്റി
X

Summary

  • എല്ലാ സെക്ടറൽ സൂചികകളും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ
  • നിക്ഷേപ സമ്പത്ത് 14.18 ലക്ഷം കോടി രൂപ വർദ്ധിച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 32 പൈസ ഉയർന്ന് 83.14 ലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ഭരണ തുടർച്ച പ്രവചിച്ചുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ആദ്യഘട്ട വ്യാപാരം മുതൽ തന്നെ വിപണി കുതിപ്പിലായിരുന്നു. നിഫ്റ്റിയെയും സെൻസെക്സിനെയും എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. വ്യാപാരമധ്യേ നിഫ്റ്റി 23,338 എന്ന എക്കാലത്തെയും ഉയർന്ന നിലയിലും സെൻസെക്‌സ് 76,738 എന്ന പുതിയ ഉയരത്തിലും എത്തി. മികച്ച ജിഡിപി ഡാറ്റ, നേരത്തെയുള്ള മൺസൂൺ, ഉയർന്ന ജിഎസ്ടി ശേഖരണം, പോസിറ്റീവ് ആഗോള വിപണികൾ എന്നിവയും റാലിക്ക് ആക്കം കൂട്ടി.

നിഫ്റ്റി ബാങ്ക് സൂചിക 51,133.20 എന്ന റിക്കോഡ് ഉയരത്തിലെത്തി.

സെൻസെക്സ് 2,507.47 പോയിൻ്റ് അഥവാ 3.39 ശതമാനം ഉയർന്ന് 76,468.78ലും നിഫ്റ്റി 733.20 പോയിൻ്റ് അഥവാ 3.25 ശതമാനം ഉയർന്ന് 23,263.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2205 ഓഹരികൾ നേട്ടത്തോടെ സി ലോസ് ചെയ്തു, 1318 ഓഹരികൾ ഇടിഞ്ഞു, 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്ന്.

അദാനി പോർട്ട്‌സ്, എൻടിപിസി, എസ്‌ബിഐ, പവർ ഗ്രിഡ് കോർപ്പ്, ഒഎൻജിസി എന്നിവ നിഫ്റ്റിയിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ്, എൽടിഐമൈൻഡ്‌ട്രീ, എച്ച്‌സിഎൽ ടെക്‌നോളജീസ്, നെസ്‌ലെ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടത്തിലായി.

സെക്ടറൽ സൂചികകൾ

എല്ലാ സെക്ടറൽ സൂചികകളും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 5-8 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 3.5 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 2 ശതമാനം നേട്ടമുണ്ടാക്കി.

ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം മുൻ ദിവസത്തെ 412.12 ലക്ഷം കോടി രൂപയിൽ നിന്ന് 426.31 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ നിക്ഷേ പസമ്പത്ത് 14.18 ലക്ഷം കോടി രൂപ വർദ്ധിച്ചു.

52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ

അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, കാനറ ബാങ്ക്, സിജി പവർ, കോൾ ഇന്ത്യ, കണ്ടെയ്‌നർ കോർപ്പറേഷൻ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, എച്ച്പിസിഎൽ, ഐസിഐസിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ജെഎസ്ഡബ്ല്യു എനർജി, എൽ ആൻഡ് ടി, എം ആൻഡ് എം, എൻടിപിസി, പവർ ഫിനാൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ആർഇസി, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, യൂണിയൻ ബാങ്ക് എന്നിവയുൾപ്പെടെ 250-ലധികം ഓഹരികൾ ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ഹോംഗ് കോങ്ങിന്റെ ഹാങ്ങ് സെങ്, ജപ്പാന്റെ നിക്കേ, സൗത്ത് കൊറിയയുടെ കോസ്‌പി, ഓസ്‌ട്രേലിയൻ വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. ചൈനയുടെ ഷാങ് ഹായ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്പ്യൻ വിപണികളിൽ നേട്ടത്തോടെയുള്ള വ്യപാരം തുടരുന്നു.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 32 പൈസ ഉയർന്ന് 83.14 ലെത്തി. ബ്രെന്റ് ക്രൂഡ് 0.17 ശതമാനം താഴ്ന്ന് 80.98 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.23 ശതമാനം ഉയർന്ന് 2351 ഡോളറിലെത്തി.