20 March 2024 4:30 PM IST
വിപണിയിലെ ചാഞ്ചാട്ടം അവസാനിച്ചത് നേട്ടത്തോടെ; കരുത്തേകിയത് എനർജി, ഓട്ടോ ഓഹരികൾ
MyFin Desk
Summary
- നിഫ്റ്റി മെറ്റൽ, ഫാർമ, ഐടി സൂചികകൾ ഇടിഞ്ഞു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 83.15 ലെത്തി
- പ്രത്യക്ഷ നികുതി പിരിവ് 19.88 ശതമാനം വർധിച്ച് 18.90 ലക്ഷം കോടി രൂപയായി
വളരെ അസ്ഥിരമായ വ്യാപാര ദിനത്തിൽ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത തുടരുകയാണ്. എനർജി, ഓട്ടോ ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി. മെറ്റൽ ഓഹരികൾ ഇടിവിലേക്ക് നീങ്ങി. വിപണികളിൽ ചാഞ്ചാട്ടം തുടർന്നേക്കാമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. സെൻസെക്‌സ് 89.64 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 72,101.69 ലും നിഫ്റ്റി 21.65 പോയിൻ്റ് അഥവാ 0.1 ശതമാനം ഉയർന്ന് 21,839.10 ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്‌സ് (4.22%), മാരുതി സുസുക്കി (2.83%), പവർ ഗ്രിഡ് കോർപ്പറേഷൻ (2.18%), നെസ്‌ലെ ഇന്ത്യ (2.17%), ഒഎൻജിസി (1.77%) നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടാറ്റ സ്റ്റീൽ (-2.08%), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് (-194%), ടാറ്റ മോട്ടോഴ്‌സ് (-1.81%), ആക്‌സിസ് ബാങ്ക് (-1.53%), എച്ച്‌ഡിഎഫ്‌സി ബാങ്ക് (-1.26%) എന്നിവ നഷ്ടത്തിലായി.
സെക്ടറൽ സൂചികയിൽ നിഫ്റ്റി എനർജി, എഫ്എംസിജി, ഇൻഫ്രാ, റിയൽറ്റി, ഓട്ടോ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ, ഫാർമ, ഐടി എന്നിവ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണം ട്രോയ് ഔൺസിന് 0.14 ശതമാനം താഴ്ന്ന് 2156.65 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 83.15 ലെത്തി. ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഇടിഞ്ഞ് ബാരലിന് 86.68 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,421.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ജാപ്പനീസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് ഇന്ന് അവധിയായിരുന്നു.
യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
മാർച്ച് 17 വരെയുള്ള അറ്റ പ്രത്യക്ഷ നികുതി പിരിവ് 19.88 ശതമാനം വർധിച്ച് 18.90 ലക്ഷം കോടി രൂപയായി.
ചൊവ്വാഴ്ച സെൻസെക്സ് 736.37 പോയിൻ്റ് അഥവാ 1.01 ശതമാനം ഇടിഞ്ഞ് 72,012.05 ലും നിഫ്റ്റി 238.25 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 21,817.45 ലുമാണ് ക്ലോസ് ചെയ്തത്.