24 Aug 2023 3:33 PM IST
Summary
- പണപ്പെരുപ്പത്തിലും പലിശനിരക്കിലും ജാഗ്രത
- ജിയോഫിന്‍ ഇന്നും ലോവർ സർക്യൂട്ടില്‍
വ്യാപാര സെഷന്‍റെ ആദ്യ മണിക്കൂറുകളില്‍ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറിയ ഓഹരി വിപണി സൂചികകള്‍ ഉച്ചയോടെ നേട്ടങ്ങള്‍ കൈവിട്ട് നഷ്ടത്തിലേക്ക് വീണു. ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവയുടെ ഉദ്യോഗസ്ഥർ ഈ വാരാന്ത്യത്തില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കുടുക്കുന്നതിനാല്‍ നിക്ഷേപകർ പലിശ നിരക്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൂടാതെ ഇന്ന് റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ മിനിറ്റ്സ് പുറത്തുവരുന്നതിനെ സംബന്ധിച്ച ആകാംക്ഷയും വിപണിയെ പുറകോട്ടുവലിച്ചു.
ബിഎസ്ഇ സെൻസെക്‌സ് 180.96 പോയിന്റ് ( 0.28 ശതമാനം) താഴ്ന്ന് 65,252.34ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 63.90 പോയിന്റ് (ൾ 0.33 ശതമാനം) താഴ്ന്ന് 19,380.10ല്‍ എത്തി.
സെൻസെക്സ് പാക്കിൽ നിന്ന്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ലാർസൻ ആൻഡ് ടൂബ്രോ, ജിയോ ഫിനാൻഷ്യൽ സർവീസസ്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, വിപ്രോ, ടൈറ്റൻ എന്നിവയാണ് ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.
തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍സിലെ ഇടിവിന് നാലാം ദിവസമായ ഇന്നും ശമനമുണ്ടായില്ല. ജിയോഫിന്‍ ലോവർ സർക്യൂട്ടിലാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗ് വില 213 .45 രൂപയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 42 .4 രൂപ ( 1 .68 ശതമാനം) താഴ്ന്ന് 2479 .80 രൂപയിലാണ് ക്ലോസ് ചെയ്തത്. പാസീവ് ഫണ്ടുകളെന്നറിയപ്പെടുന്ന ഇന്‍ഡെക്സ് ഫണ്ടുകള്‍ ഇനിയും വില്‍പ്പന അവസാനിപ്പിക്കാത്തതാണ് വിലയിടിവ് തുടരാന്‍ കാരണമെന്നാണ് കരുതുന്നത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 614.32 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ബുധനാഴ്ച വാങ്ങലുകാരായി മാറി.