20 Aug 2023 11:27 AM IST
ധനനയ സമിതി മിനുറ്റ്സ്, പൗവ്വലിന്‍റെ പ്രസംഗം; ദലാല്‍ തെരുവിലെ വരുന്ന ആഴ്ച
MyFin Desk
Summary
- രൂപയുടെ മൂല്യം കഴിഞ്ഞയാഴ്ച റെക്കോഡ് ഇടിവിലെത്തി
- എംപിസി മിനുറ്റ്സ് പുറത്തുവരുന്നത് 24ന്
- ജിയോ ഫിനാന്‍ഷ്യലിന്‍റെ അരങ്ങേറ്റം 21ന്
തുടര്‍ച്ചയായ നാലാം വാരത്തിലും നഷ്ടക്കണക്കുമായാണ് ആഭ്യന്തര ഓഹരി വിപണികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്ത് 18ന് അവസാനിച്ച ആഴ്ചയിൽ നിഫ്റ്റി 50-ൽ മൊത്തം നഷ്ടം 3.4 ശതമാനവും സെൻസെക്‌സിൽ 3.94 ശതമാനവുമാണ്. ജൂലൈ പകുതിവരെ ഓടിക്കയറിയ ഉയരങ്ങളില്‍ നിന്ന് വിപണികള്‍ താഴോട്ടിറങ്ങുന്നതാണ് ഒരു മാസത്തോളമായി കാണുന്നത്.
ജൂണിലെ നിരാശാജനകമായ വ്യാവസായിക ഉൽപ്പാദനം, റീട്ടെയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നത്, യുഎസ് ഫെഡ് റിസര്‍ന് മറ്റൊരു നിരക്ക് വർധനയിലേക്ക് പോകുമെന്ന ആശങ്ക, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച, യുഎസ് ബോണ്ടുകളിലെ നേട്ടം വര്‍ധിച്ചത്, ചൈനയുടെ മന്ദഗതിയിലുള്ള വീണ്ടെടുക്കല്‍ എന്നിങ്ങനെ ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങള്‍ വിപണി വികാരങ്ങളെ ക്ഷീണിപ്പിച്ചു.
വിപണിയുടെ കണ്‍സോളിഡേഷന്‍ ഈയാഴ്ചയും തുടരുമെന്നും നെഗറ്റിവ് സാധ്യതകള്‍ മുന്നിലുണ്ടെന്നുമാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ മിനുറ്റ്സ്, യുഎസ് ഫെഡ് റിസര്‍വ് ചീഫ് ജെറോം പൗവ്വല്‍ പ്രസംഗത്തിലൂടെ നല്‍കുന്ന സൂചനകള്‍, ജിയോ ഫിനാന്‍ഷ്യലിന്‍റെ ലിസ്റ്റിംഗ്, വിദേശ നിക്ഷേപങ്ങളുടെ വരവ് എന്നിവയെല്ലാമാണ് വരുന്ന വാരത്തില്‍ വിപണി ഉറ്റുനോക്കുന്ന പ്രധാന സംഭവ വികാസങ്ങള്‍.
ലിസ്റ്റിംഗും ഐപിഒകളും
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിൽ നിന്ന് വേർപെടുത്തിയ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഗസ്റ്റ് 21 ന് വിപണികളില്‍ അരങ്ങേറ്റം കുറിക്കും. റിലയന്‍സ് ഇന്‍റസ്ട്രീസിന്‍റെയും ജിയോ ഫിനാന്‍ഷ്യലിന്‍റെയും വില ചലനങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധവെക്കും. ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ഓഗസ്റ്റ് 23-ന് വിപണിയിൽ അരങ്ങേറും. ഷെൽട്ടർ ഫാർമ ഓഹരികളുടെ ലിസ്‌റ്റിംഗ് ഓഗസ്റ്റ് 23-ന് നടക്കും.
എയ്‌റോഫ്ലെക്സ് ഇൻഡസ്ട്രീസിന്‍റെ 351 കോടി രൂപയുടെ ഐപിഒ ഏപ്രിൽ 22 മുതൽ 24 വരെ നടക്കും, ഒരു ഓഹരിക്ക് 102-108 രൂപ നിരക്കിലാണ് വില്‍പ്പന. ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ -യുടെ പ്രഥമ ഓഹരി വില്‍പ്പന ഓഗസ്റ്റ് 24 ന് ആരംഭിക്കും. ഒരു ഓഹരിക്ക് 94-99 രൂപ നിരക്കിലാണ് ഐപിഒ, 309 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിടുന്നു.
പിരമിഡ് ടെക്‌നോപ്ലാസ്റ്റ് 153 കോടി രൂപയുടെ ഐപിഒ ഓഗസ്റ്റ് 22-ന് ക്ലോസ് ചെയ്യും, എസ്എംഇ വിഭാഗത്തില്‍, പവർ സൊല്യൂഷൻസ് കമ്പനിയായ സൺഗാർണർ എനർജിസിന്‍റെ ഐപിഒ ഓഗസറ്റ് 21-23ന് നടക്കും, ഓഫർ വില ഒരു ഷെയറിന് 83 രൂപ. ഷൂറ ഡിസൈൻസിന്‍റെ പ്രഥമ ഓഹരി വില്‍പ്പന ഓഗസ്റ്റ് 21ന് സമാപിക്കും ക്രോപ് ലൈഫ് സയൻസ്, ബോണ്ടാഡ എന്‍ജിനീയറിംഗ് എന്നിവയുടെ പൊതു ഇഷ്യു ഓഗസ്റ്റ് 22നാണ് അവസാനിക്കുന്നത്.
വരുന്ന ആഭ്യന്തര വിവരങ്ങള്‍
ഓഗസ്റ്റ് 10 ന് സമാപിച്ച റിസര്‍ബാങ്ക് ധനനയ സമിതി (എംപിസി) യോഗത്തിന്‍റെ മിനുറ്റ്സ് ഓഗസ്റ്റ് 24 ന് പ്രസിദ്ധീകരിക്കും. നിരക്ക് വർധന സമീപ കാലത്തേക്ക് കാണാനാകില്ലെന്ന് വിദഗ്ധര്‍ കരുതുന്നു, എന്നാൽ പ്രതീക്ഷിക്കുന്ന നിരക്ക് കുറയ്ക്കൽ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നീട്ടിവെക്കാന്‍ സാധ്യതയുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വിലക്കയറ്റ നിഗമനം ആര്‍ബിഐ ഉയര്‍ത്തിയത് ഇതാണ് വ്യക്തമാക്കുന്നത്. മിനുറ്റ്സ് പുറത്തുവരുന്നതോടെ ധനനയ സമിതിയുടെ വീക്ഷണം സംബന്ധിച്ച് നിക്ഷേപകര്‍ക്ക് കൂടുതല്‍ വ്യക്തത വരും.
ഓഗസ്റ്റ് 11ന് അവസാനിച്ച രണ്ടാഴ്ച കാലയളവിലെ ബാങ്ക് വായ്പയുടെയും നിക്ഷേപ വളർച്ചയുടെയും കണക്ക് ഓഗസ്റ്റ് 25 ന് പുറത്തുവിടും, ഓഗസ്റ്റ് 18ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരം സംബന്ധിച്ച കണക്കും അതേ ദിവസം തന്നെ പുറത്തുവരും.
കഴിഞ്ഞയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.42 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി, കഴിഞ്ഞ ആഴ്‌ച 83.12 എന്ന ഏറ്റവും താഴ്ന്ന ക്ലോസിംഗിലാണ് (ആഴ്‌ചാടിസ്ഥാനത്തിൽ) രൂപ എത്തിയത്. ഉയർന്ന എണ്ണവിലയും യുഎസ് ഡോളർ സൂചികയും കണക്കിലെടുക്കുമ്പോൾ നിക്ഷേപകര്‍ രൂപയുടെ ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കും.
പൗവ്വല്ലിന് പറയാനുള്ളത്
Aഗസ്ത് 24 മുതൽ 26 വരെ നടക്കാനിരിക്കുന്ന ജാക്‌സൺ ഹോൾ സാമ്പത്തിക നയ സിമ്പോസിയത്തിൽ ഫെഡ് ചെയർ ജെറോം പൗവ്വൽ നടത്തുന്ന പ്രസംഗത്തിലാണ് ആഗോളതലത്തിൽ നിക്ഷേപകര്‍ ഏറ്റവുമധികം ശ്രദ്ധവെക്കുന്നത്. ഓഗസ്റ്റ് 25 ന് പരിപാടിയിൽ പൗവ്വൽ സംസാരിക്കും. ജൂലൈയിൽ 25 ബിപിഎസ് നിരക്ക് വർധന പ്രഖ്യാപിച്ച ഫെഡ് റിസര്‍വ്, പണപ്പെരുപ്പം വരുതിയിലാക്കാന്‍ ഈ വര്‍ഷം ഇനിയും ഒരു നിരക്ക് വർധന കൂടി നടപ്പിലാക്കിയേക്കുമെന്ന് പൗവ്വൽ ഇതിനകം സൂചന നൽകിയിട്ടുണ്ട്.
ജൂലൈയിൽ യുഎസിലെ സിപിഐ 3.2 ശതമാനവും മുഖ്യ സിപിഐ 4.7 ശതമാനവുമായിരുന്നു. വിലക്കയറ്റ നിരക്ക് 2 ശതമാനത്തിന് അടുത്തേക്ക് എത്തിക്കുന്നതിനാണ് ഫെഡ് റിസര്‍വ് ലക്ഷ്യമിടുന്നത്. അതിനാൽ, നിലവിലുള്ള നിരക്ക് വർദ്ധന സൈക്കിളിന്റെ അവസാനത്തെ കുറിച്ചും നിരക്ക് കുറയ്ക്കൽ സൈക്കിളിന്റെ ആരംഭ സമയത്തെ കുറിച്ചും പൗവ്വൽ എന്തു പറയുന്നു എന്നറിയാനാണ് വിപണി കാതോര്‍ക്കുന്നത്.